LiveTV

Live

Kerala

‘സാലറി കട്ട്’ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

പിടിക്കുന്ന ശമ്പളം എന്ന് തിരികെ നല്‍കുമെന്ന് ആറ് മാസത്തിനകം സര്‍ക്കാര്‍ പറഞ്ഞാല്‍ മതിയെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

‘സാലറി കട്ട്’ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് പിടിക്കുന്ന ശമ്പളം തിരികെ നല്‍കുന്ന വ്യവസ്ഥ ഉള്‍പ്പെടുത്തി സാലറി കട്ട് ചെയ്യാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. കോടതി വിധിയെ മറികടന്ന് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കുമോയെന്ന ആശങ്കകളൊക്കെ അസ്ഥാനത്താക്കിയാണ് ഇതില്‍ അദ്ദേഹം ഒപ്പുവെച്ചത്. ഓര്‍ഡിനന്‍സിന് ഇന്നലെ മന്ത്രിസഭായോഗം അംഗീകാരം നല്‍കിയിരുന്നു.

കേരള ഡിസാസ്റ്റര്‍ ആന്‍റ് പബ്ലിക് എമര്‍ജന്‍സി സ്പെഷ്യല്‍ പ്രൊവിഷന്‍സ് ആക്ട് എന്ന ഓര്‍ഡിനന്‍സിലൂടെ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ 25 ശതമാനം സര്‍ക്കാരിന് മാറ്റിവെയ്ക്കാം. പിടിക്കുന്ന ശമ്പളം എന്ന് തിരികെ നല്‍കുമെന്ന് ആറ് മാസത്തിനകം സര്‍ക്കാര്‍ പറഞ്ഞാല്‍ മതിയെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.

കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സർക്കാർ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള ഉത്തരവ് നിയമപരമല്ലെന്ന് ഹൈക്കോടതി വിധിച്ചതോടെയാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ട് വന്നത്. മാസശമ്പളത്തിന്റെ 25 ശതമാനം വരെ സര്‍ക്കാരിന് പിടിക്കാമെങ്കിലും നേരത്തെ തീരുമാനിച്ച പോലെ ഒരു മാസം ആറ് ദിവസം വച്ച് അഞ്ച് മാസം കൊണ്ട് ഒരു മാസത്തെ ശമ്പളം പിടിക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

എന്നാല്‍ പിടിക്കുന്ന ശമ്പളം തിരികെ നല്‍കുമെന്ന വ്യവസ്ഥ ഓര്‍ഡിനന്‍സില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ അടുത്ത മാസത്തെ ശമ്പള വിതരണം കൃത്യമായി നടക്കുമെന്നാണ് സൂചന. അതായത് അടുത്ത മാസം മുതല്‍ അഞ്ച് മാസം വരെ ശമ്പളം ലഭിക്കുമ്പോള്‍ ആറ് ദിവസത്തെ ശമ്പളം കുറവായിരിക്കും.

ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിന് ഓർഡിനൻസ് പ്രതിവിധി അല്ലെന്നായിരുന്നു പി.കെ കുഞ്ഞാലിക്കുട്ടി എം.പി ഇന്നലെ പ്രതികരിച്ചത്. ഓർഡിനൻസ് കോടതിയിൽ ചോദ്യം ചെയ്യപ്പെടാമെന്നും എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോവിഡ് മൂലം സംസ്ഥാനത്തിനുണ്ടായ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായിരുന്നു സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി കട്ട് സര്‍ക്കാര്‍ കൊണ്ടുവന്നത്.

ആറുദിവസത്തെ ശമ്പളമാണ് ഓരോ മാസവും പിടിക്കാൻ സർക്കാർ തീരുമാനിച്ചത്. അഞ്ചുമാസം ഇങ്ങനെ ശമ്പളം മാറ്റുന്നതിലൂടെ ഒരുമാസത്തെ ശമ്പളം ഒരാളിൽ നിന്ന് ലഭിക്കും. ഇത് ഹൈകോടതി സ്‌റ്റേ ചെയ്തതോടെയാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

ഹൈക്കോടതി വിധിക്കെതിരെ അപ്പീൽ പോകേണ്ടെന്നാണ് സർക്കാർ തീരുമാനം. ഹൈക്കോടതി ഉത്തരവ് കേന്ദ്രസർക്കാരിനും ബാധകമാണ്. അതിനാൽ കേന്ദ്രസർക്കാർ വേണമെങ്കിൽ അപ്പീൽ പോകട്ടേയെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്.