LiveTV

Live

Kerala

‘കോര്‍പ്പറേറ്റുകളുടെ എഴുതിത്തള്ളിയ പണം തിരിച്ചു പിടിച്ച് കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കണം’

‘രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് എന്നു പറയുന്ന സർക്കാർ തന്നെയാണ് കോടികൾ ബാങ്കുകളെഴുതി തള്ളിയത് അതീവ രഹസ്യമായി സൂക്ഷിച്ചത്’

‘കോര്‍പ്പറേറ്റുകളുടെ എഴുതിത്തള്ളിയ പണം തിരിച്ചു പിടിച്ച് കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കണം’

കോർപ്പറേറ്റ് ക്രിമിനലുകളുടെ 68000 കോടി എഴുതിത്തള്ളിയത് തിരിച്ച് പിടിച്ച് കോവിഡ് പ്രതിരോധത്തിനും വരുമാന നഷ്ടം വന്ന ജനങ്ങൾക്കും വേണ്ടി ചിലവഴിക്കണമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി.

ഇന്ത്യയിലെ ബാങ്കുകളില്‍ നിന്ന് പണം വായ്പ വാങ്ങി രാജ്യം വിട്ട സാമ്പത്തിക കുറ്റവാളികളായ മെഹുൽ ചോക്സി, വിജയ് മല്യ എന്നിവരുടേതും വിവിധ സാമ്പത്തിക തട്ടിപ്പു കേസുകൾ നിലവിലുള്ള ബാബ രാംദേവിൻറേതും അടക്കം 50 പേരുടെ 68,000 കോടി രൂപയുടെ കിട്ടാക്കടം എഴുതി തള്ളിയ മോദി സർക്കാർ രാജ്യം മുടിക്കുകയാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം പറഞ്ഞു. കോർപ്പറേറ്റ് സാമ്പത്തിക തട്ടിപ്പ് മാഫിയകളെയാണ് ബാങ്കുകളും കേന്ദ്ര സർക്കാരും സഹായിക്കുന്നത്.

രാജ്യത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയാണ് എന്നു പറയുന്ന സർക്കാർ തന്നെയാണ് കോടികൾ ബാങ്കുകളെഴുതി തള്ളിയത് അതീവ രഹസ്യമായി സൂക്ഷിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കും ചികിത്സക്കും അടക്കം പണമില്ലാതെ സാമ്പത്തികമായി രാജ്യത്തെ തകർത്തത് ഇത്തരം സാമ്പത്തിക ക്രിമനലുകളും അവരുടെ ഏറാൻ മൂളിയായ കേന്ദ്ര സർക്കാറും ചേർന്നാണ്.

വൻ കിടക്കാരായ സാമ്പത്തിക കുറ്റവാളികൾക്ക് പിറകിലെ ഭരണകൂടത്തിന്റെയും അതിനെ നയിക്കുന്ന പാർട്ടിയുടെയും പങ്ക് അന്വേഷിക്കപ്പെടേണ്ടതുണ്ട്. അനായാസേന ആയിരക്കണക്കിന് കോടി രൂപ എഴുതി തള്ളിക്കാൻ സാധിക്കുന്നത് ഈ ചങ്ങാത്തത്തിലൂടെ ആണ് എന്നത് ഉറപ്പാണ്.

ചൈനയിൽ നിന്ന് ഗുണനിലവാരമില്ലാത്ത കോവിഡ് പരിശോധന കിറ്റുകൾ വിലയുടെ മൂന്നിരിട്ടി നൽകി വാങ്ങി കോവിഡ് കാലത്തും വൻ അഴിമതിയാണ് മോദിയും കൂട്ടരും നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു. കോവിഡ് ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങൾക്ക് അത്യാവശ്യത്തിന് പോലും പണം നൽകാത്ത സർക്കാർ കൊള്ളക്കാർക്കും മാഫിയകൾക്കും കോർപ്പറേറ്റ് ലോബികൾക്കും പണം വാരിക്കോരി നൽകുകയാണ്.

ആരോഗ്യ പ്രവർത്തകർക്കാവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ പോലും പണം നീക്കിവെക്കാത്ത കേന്ദ്ര സർക്കാരിന് കോടികൾ എഴുതി തള്ളാൻ ഒരു മടിയുമില്ല. കോർപ്പറേറ്റുകളുടെ വായ്പ എഴുതി തള്ളിയത് അടിയന്തിരമായി പിൻവലിക്കണം. ആ തുക ഈടാക്കി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സംസ്ഥാനങ്ങൾക്കും വരുമാന നഷ്ടം സംഭവിച്ച രാജ്യത്തെ സാധാരണക്കാർക്കും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.