LiveTV

Live

Kerala

കേരളത്തില്‍ ഒരു വര്‍ഷമായി ശമ്പളം ലഭിക്കാത്ത രണ്ടായിരത്തിലധികം ഗസ്റ്റ് അധ്യാപകര്‍

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാല് മേഖലാ ഡി.ഡി ഓഫീസുകൾ വഴിയാണ് എയ്ഡഡ് കോളേജ് അധ്യാപകർക്ക് ശമ്പളം ലഭിക്കേണ്ടത്

കേരളത്തില്‍ ഒരു വര്‍ഷമായി ശമ്പളം ലഭിക്കാത്ത രണ്ടായിരത്തിലധികം ഗസ്റ്റ് അധ്യാപകര്‍

കേരളത്തിലെ എയ്ഡഡ് മേഖലയിലുള്ള നിരവധി കോളജുകളിൽ സര്‍ക്കാര്‍ ശമ്പളം ലഭിക്കേണ്ട രണ്ടായിരത്തിലധികം ഗസ്റ്റ് അധ്യാപകർക്ക് കഴിഞ്ഞ ഒരു വർഷക്കാലമായി ശമ്പളം ലഭിക്കുന്നില്ല. നേരത്തെ അക്കാദമിക വർഷാവസാനം കെട്ടി കിടന്നിരുന്ന ബില്ലുകൾ ഒരുമിച്ച് പാസാക്കി നൽകിയിരുന്നു. കോവിഡ് പ്രതിസന്ധി ഉണ്ടായതോടെ ഇക്കൊല്ലം ഇതും ലഭിച്ചില്ല.

കേരളത്തിലെ എയ്ഡഡ് മേഖലയിലുള്ള ആർട്സ് ആൻഡ് സയൻസ്, അറബിക്, ട്രെയിനിങ് കോളേജുകളിലായി ജോലിചെയ്യുന്ന സർക്കാർ ശമ്പളം നൽകേണ്ട രണ്ടായിരത്തിലധികം ഗസ്റ്റ് അധ്യാപകർക്കാണ് കഴിഞ്ഞ ഒരു വർഷക്കാലമായി ശമ്പളം ലഭിക്കാത്തത്. ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള നാല് മേഖലാ ഡി.ഡി ഓഫീസുകൾ വഴിയാണ് എയ്ഡഡ് കോളേജ് അധ്യാപകർക്ക് ശമ്പളം ലഭിക്കേണ്ടത്.

നിരവധി തവണ ശമ്പളം മുടങ്ങിയെങ്കിലും നേരത്തെ അക്കാദമിക വർഷത്തിന്റെ അവസാനത്തോടെ കെട്ടി കിടന്നിരുന്ന ബില്ലുകൾ ഒരുമിച്ച് പാസാക്കി നൽകിയിരുന്നു. ഈ വർഷവും മാർച്ച് മാസം അവസാനത്തോടെ ശമ്പളം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന അധ്യാപകർക്ക് കോവിഡ് വ്യാപനവും ലോക് ഡൗണുo പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ ലോക്ക് ഡൗൺ പിൻവലിക്കൽ അനിശ്ചിതത്വത്തിൽ തുടരവേ പണിയെടുത്ത ശമ്പളം എപ്പോൾ ലഭിക്കും എന്നറിയാതെ കഴിയുകയാണ് ഇവർ.

ഗസ്റ്റ് അദ്ധ്യാപകർക്ക് ശമ്പളം നൽകേണ്ട ഡി.ഡി ഓഫീസ് അവശ്യ സർവീസ് ആയി പരിഗണിച്ച് തുറന്ന് പ്രവർത്തിക്കണം എന്നും, എത്രയും വേഗം കിട്ടേണ്ട വേതനം അനുവദിച്ചു നൽകാൻ ആവശ്യമായ ഇടപെടൽ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവണമെന്നുമുള്ള ആവശ്യങ്ങളാണ് ഇവർ മുന്നോട്ട് വെക്കുന്നത്.