LiveTV

Live

Kerala

‘സാലറി കട്ട് കോടതി കയറാന്‍ കാരണം സര്‍ക്കാറിന്റെ തന്നെ മോശം ചെയ്തികള്‍’

പെരിയ കൊലക്കേസ് അഭിഭാഷകർക്ക് പണം വകയിരുത്തിയ രേഖ സഹിതമാണ് ഷാജി സർക്കാറിനെതിരെ ഫേസ്ബുക്കിൽ വിമർശനമുന്നയിച്ചത്.

‘സാലറി കട്ട് കോടതി കയറാന്‍ കാരണം സര്‍ക്കാറിന്റെ തന്നെ മോശം ചെയ്തികള്‍’

കോവിഡ് പശ്ചാതലത്തിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചുവെക്കാനുള്ള തീരുമാനം നടപ്പാക്കാന്‍ സർക്കാർ കോടതി കയറിയെങ്കില്‍ അതിന് കാരണം സർക്കാറിന്റെ തന്നെ ചെയ്തികളാണെന്ന് കെ.എം ഷാജി. മഹാമാരി കാലത്ത് സംസ്ഥാനം പണത്തിന് വേണ്ടി ബുദ്ധിമുട്ടുന്ന സന്ദർഭത്തിൽ, പെരിയ കൊലക്കേസിൽ സർക്കാറിന് വേണ്ടി വാദിക്കാൻ വന്ന അഭിഭാഷകരുടെ യാത്രാ ചെലവിനും പഞ്ചനക്ഷത്ര താമസത്തിനുമുള്ള തുക മുൻകാല പ്രാബല്യത്തോടെ സർക്കാർ അനുവദിച്ചുവെന്ന് കെ.എം ഷാജി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.

കേരളത്തിലെ സർക്കാർ ജീവനക്കാർ നാടിന് വേണ്ടി തങ്ങളുടെ ശമ്പളം നൽകാൻ മടിയുള്ളവരല്ല. എന്നാൽ ഈയാവശ്യത്തിന് സർക്കാർ കോടതി കയറിയെങ്കിൽ, ധൂർത്തും സ്വജനപക്ഷപാതിത്തവും അഹന്തയും കെെമുതലാക്കിയ സർക്കാറിന്റെ കഴിഞ്ഞ കാലത്തെ അനുഭവമാണ് അതിന് ഇടവരുത്തിയതെന്നും ഷാജി എം.എൽ.എ പറഞ്ഞു. പെരിയ കൊലക്കേസ് അഭിഭാഷകർക്ക് പണം വകയിരുത്തിയ രേഖ സഹിതമാണ് ഷാജി സർക്കാറിനെതിരെ ഫേസ്ബുക്കിൽ വിമർശനമുന്നയിച്ചത്.

ഫേസ്ബുക്ക് പോസ്റ്റ്:

ജീവനക്കാരുടെ ശമ്പള വിഷയത്തിൽ കോടതി വിധി മറികടക്കാൻ ഓർഡിനൻസ്‌ കൊണ്ട്‌ വരാനുള്ള തിരക്കിലാണല്ലോ സർക്കാർ!!

നാടിനൊരു ദുരന്തം വന്നാൽ ഒരു മാസത്തെ ശമ്പളം ഗഡുക്കളായി കടമായി കൊടുക്കാതിരിക്കാൻ മാത്രം അത്യാർത്തി ഉള്ളവരാണു നമ്മുടെ ജീവനക്കാർ എന്ന് ആരും പറയില്ല; കഴിഞ്ഞ ദുരന്തകാലങ്ങളിൽ ഈ നാടിന് താങ്ങായി നിന്നവർ തന്നെയാണ് അവർ!!

അപ്പോൾ എന്ത്കൊണ്ടാണ്‌ ഇത്തരമൊരു കാര്യത്തിനു സർക്കാർ കോടതി കയറേണ്ടി വന്നത് എന്നതിന്റെ രാഷ്ട്രീയ പശ്ചാത്തലമാണു ചർച്ചക്കു വരേണ്ടത്!!‌

ധൂർത്തും താൻപോരിമയും സ്വജനപക്ഷപാതിത്തവും അഹങ്കാരവും അഹന്തയും മാത്രം കൈമുതലാക്കിയ ഈ സർക്കാറിനെ കണ്ടും കേട്ടും അനുഭവിച്ചും മടുത്ത ജനങ്ങളാണു കോടതിയിലേക്കും പിന്നെ ഓർഡിനൻസിലേക്കും സർക്കാറിനെ എത്തിച്ചത്‌!!

ഈ മഹാദുരന്തമുഖത്തും ഇവരിറക്കിയ മറ്റൊരു ഉത്തരവ്‌ നോക്കൂ;

പെരിയ കൊലക്കേസിൽ സർക്കാറിനു വേണ്ടി വാദിക്കാൻ വന്ന അഭിഭാഷകർക്ക്‌ ബിസിനസ്സ്‌ ക്ലാസ്സ്‌ ടിക്കറ്റിനും പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തിനും വന്ന ചിലവ് (തുക പറയാതെ) മുൻകാല പ്രാബല്യത്തോടെ അനുവദിച്ചിരിക്കുന്നു; അതും ഈ കോവിഡ് കാലത്ത്!!

കൃപേഷിന്റെ ഇരുപതാം ജന്മദിനത്തിൽ കുഞ്ഞുപെങ്ങൾ രക്തം ദാനം ചെയ്യുമ്പോൾ അവനെ വെട്ടിക്കൊന്ന് രക്തം കുടിച്ച ഡ്രാക്കുള സഖാക്കൾക്കായി വാദിക്കാൻ വന്ന വക്കീൽന്മാർക്കാണീ പണം ഖജനാവിൽ നിന്നൊഴുകിയതെന്നോർക്കണം!!

ഇങ്ങനെ തോന്നിയവാസങ്ങൾ കാണിച്ച്‌ കളഞ്ഞ കോടികളാണു സർക്കാറിന്റെ ഖജനാവിൽ പാറ്റ കയറാൻ കാരണം!!

രണ്ട്‌ പ്രളയകാലത്തും പണം തന്ന ജനങ്ങൾ ഇതും കാണുന്നുണ്ട്‌!!

പാത്തുമ്മയുടെ ആടിന്റെയും നാണി അമ്മയുടെ കമ്മലിന്റെയും കണക്കുപറയാൻ വൈകുന്നേരത്തെ ചാനലുകളുടെ പ്രൈം ടൈമിനായി PR സഹായത്തോടെ തയ്യാറെടുക്കുന്ന മുഖ്യനു ( ഇങ്ങനെ ഒരു പരിഹാസ്യത ഇന്ത്യയിലെ ഒരു സ്റ്റേറ്റിലും നമുക്കു കാണാനാവില്ല) സമയമില്ലെങ്കിൽ കേരള ക്യാബിനറ്റിലെ ആർക്കും ജനങ്ങൾക്ക്‌ മറുപടി നൽകാം; അറിയുന്നവരുണ്ടെങ്കിൽ!!

മുഖ്യമന്ത്രി വക ഭക്തവിലാസം ലോഡ്ജിൽ താമസിക്കുന്ന 'മന്ത്രന്മാർ' യുദ്ധത്തിലേക്ക്‌ എടുത്ത്‌ ചാടി മൂക്ക്‌ ചീറ്റി കരയരുത്‌; ആവശ്യത്തിനു സെന്റിമെന്റ്സ്‌ കഴിഞ്ഞ നാലു കൊല്ലം കൊണ്ട്‌ സഹിച്ചിട്ടുണ്ട്‌!!
ഈ ദുരന്തകാലത്ത്‌ ഇത്തരം മെലോഡ്രാമകൾ ഓടാൻ പാടാണെന്നെങ്കിലും മനസ്സിലാക്കുക!!