LiveTV

Live

Kerala

കാസര്‍കോട് രോഗിക്ക് കോവിഡ് ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല

യുവാവ് കര്‍ണാടകയില്‍ പോയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

കാസര്‍കോട് രോഗിക്ക് കോവിഡ് ബാധിച്ചത് എവിടെ നിന്നെന്ന് കണ്ടെത്താനായില്ല

കാസര്‍കോട് ഇന്നലെ രോഗം സ്ഥിരീകരിച്ച രോഗിക്ക് വൈറസ് ബാധിച്ചതെവിടെ നിന്നെന്ന് കണ്ടെത്താനായില്ല. അജാനൂര്‍ പഞ്ചായത്തിലെ മാവുങ്കാല്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ കര്‍ണാടക സന്ദര്‍ശിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. എന്നാല്‍ രോഗി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

പുതിയ പോസറ്റീവ് കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാത്ത മൂന്ന് ദിവസത്തിന് ശേഷം ജില്ലയില്‍ ഇന്നലെ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. അജൂനൂര്‍ പഞ്ചായത്തിലെ മാവുങ്കാല്‍ സ്വദേശിയായ യുവാവിനാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഗള്‍ഫ് സന്ദര്‍ശനം നടത്തുകയോ, സന്ദര്‍ശക പട്ടികയില്‍ ഉള്‍പ്പെടുകയോ ചെയ്യാത്ത യുവാവിന് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നതിനെ കുറിച്ച് കൃത്യമായ വിവരം ആരോഗ്യ വകുപ്പിന് ലഭിച്ചിട്ടില്ല.

യുവാവ് കര്‍ണാടകയില്‍ പോയിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. പനി ബാധിച്ച് ഈ മാസം 16ന് ജില്ലാ ആശുപത്രിയിലെത്തിയിരുന്നു. സമ്പര്‍ക്ക പട്ടികയിലൊന്നും ഇല്ലാതിരുന്നതിനാല്‍ ഒ.പി വിഭാഗത്തില്‍ പരിശോധിച്ച് പനിക്കുള്ള മരുന്ന് നല്‍കി വിട്ടു. ഈ മാസം 24 ന് പനി പിടിപെട്ട് വീണ്ടും ആശുപത്രിയിലെത്തിയതോടെ സംശയം തോന്നി സാംപിള്‍ പരിശോധനയ്ക്ക് അയക്കുകയായിരുന്നു.

പതിനാറിനും 24നും യുവാവിനെ പരിശോധിച്ച ഡോക്ടര്‍മാരെയും നേഴ്സുമാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. കൂടാതെ യുവാവിന്റെ വീട്ടുകാരുള്‍പ്പടെ 50 പേരെയും നിരീക്ഷണത്തിലാക്കി. ഉറവിടം വ്യക്തമല്ലാത്ത പോസ്റ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ മാവുങ്കാല്‍ പരിസരം പൊലീസ് നിയന്ത്രണത്തിലാക്കി.