LiveTV

Live

Kerala

ഇടുക്കിയിലെ കോവിഡ് കേസുകളില്‍ അവ്യക്തത തുടരുന്നു

സർക്കാർ വീഴ്ച മറയ്ക്കാനാണ് ഇടുക്കിയിലെ കണക്ക് വെളിപ്പെടുത്താതിരുന്നതെന്ന് ഡീൻ കുരിയാക്കോസ് എം.പി

ഇടുക്കിയിലെ കോവിഡ് കേസുകളില്‍ അവ്യക്തത തുടരുന്നു

ഇടുക്കി ജില്ലയിൽ ജില്ലാ ഭരണകൂടം സ്ഥിരീകരിച്ച മൂന്നു കോവിഡ് കേസുകൾ സംബന്ധിച്ച് ആശയക്കുഴപ്പം തുടരുന്നു. ഇനിയും ഇടുക്കിയിലെ കേസുകൾ സംബന്ധിച്ച് വ്യക്തത വരാനുണ്ടെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എന്നാൽ ആരോഗ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദേശം അനുസരിച്ചാണ് രോഗികളെ തിങ്കളാഴ്ച തന്നെ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. സർക്കാരിന് സംഭവിച്ച പാളിച്ചയാണ് സംഭവങ്ങൾക്കു പിന്നിലെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.

ഇടുക്കിയിലെ തൊടുപുഴ നഗരസഭാ കൗണ്സിലർക്കും, ജില്ലാ ആശുപത്രിയിലെ നഴ്‌സിനും, മരിയാപുരം സ്വദേശിയായ ഒരാൾക്കും കോവിഡ് സിഹിരീകരിച്ചെന്ന് തിങ്കളാഴ്ച രാത്രി വൈകി സ്ഥിരീകരിക്കപ്പെട്ടിരുന്നു. ചൊവ്വാഴ്ചയാണ് അവലോകന യോഗത്തിനു ശേഷം മന്ത്രി എം.എം മണിയും ജില്ലാ കലക്ടറും ഇത് സംബന്ധിച്ച വ്യക്തത വരുത്തിയത്.

എന്നാൽ ആരോഗ്യമന്ത്രിയുടെ ഓഫീസിൽനിന്നു ഡി.എം.ഓയ്ക്ക് ലഭിച്ച അറിയിപ്പിനെ തുടർന്നാണ് മൂന്നു പേരെയും ആശുപത്രികളിലേക്ക് മാറ്റിയതെന്ന് ജില്ലാ കല്ലെക്ടർ വ്യക്തമാക്കുന്നു.

ഇടുക്കിയിലെ കണക്ക് മുഖ്യമന്ത്രി പറയാതിരുന്നത് ദുരൂഹമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. സർക്കാർ വീഴ്ച മറയ്ക്കാനാണ് കണക്ക് വെളിപ്പെടുത്താതിരുന്നതെന്നും ഡീൻ കുരിയാക്കോസ് കുറ്റപ്പെടുത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട മൂന്നുപേരുടെയും രണ്ടാം പരിശോധന ഫലം ബുധനാഴ്ച ലഭിച്ചേക്കും.