LiveTV

Live

Kerala

‘ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും, ദരിദ്രര്‍ക്ക് നേരിട്ട് പ്രയോജനം നല്‍കുന്ന പദ്ധതി ആവിഷ്കരിക്കണം’: അസെറ്റ് 

ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ഒരുക്കമാണെന്ന് അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് (അസെറ്റ്) അംഗങ്ങള്‍ അറിയിച്ചു.

‘ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും, ദരിദ്രര്‍ക്ക് നേരിട്ട് പ്രയോജനം നല്‍കുന്ന പദ്ധതി ആവിഷ്കരിക്കണം’: അസെറ്റ് 

ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ഒരുക്കമാണെന്ന് അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് (അസെറ്റ്) അംഗങ്ങള്‍ അറിയിച്ചു. സംഭാവന ചെയ്യുന്ന പണം കേരളത്തിലെ ദരിദ്ര ജനവിഭാഗങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കുന്ന തരത്തില്‍ പദ്ധതി ആവിഷ്‌കരിക്കണമെന്ന് അസോസിയേഷന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച സംഭാവനകള്‍ മുന്‍ കാലങ്ങളില്‍ ദുരുപയോഗിക്കുകയും ആക്ഷേപങ്ങള്‍ ഉണ്ടാവുകയും ചെയ്തതിനാല്‍ ദുരിതാശ്വാസ നിധിയുടെ വിശ്വാസ്യത തകര്‍ത്തതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്ന് അസെറ്റ് ആരോപിച്ചു.

കോവിഡുമായി ബന്ധപ്പെട്ട് പിടിക്കുന്ന ശമ്പളത്തിന് പ്രത്യേക അക്കൗണ്ട് രൂപീകരിക്കുകയും പ്രളയ ഫണ്ടിലുണ്ടായ ദുരുപയോഗം ആവര്‍ത്തിക്കാതിരിക്കാനുള്ള ജാഗ്രത ഉണ്ടാവുകയും വേണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു. കോവിഡുമായി ബന്ധപ്പെട്ട് ഒരു പുനരധിവാസ പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ ഇത് വരെ മുന്നോട്ട് വെച്ചിട്ടില്ലെന്നും അസെറ്റ് ആക്ഷേപമുയര്‍ത്തി. ജീവനക്കാരും അധ്യാപകരും സംഭാവനയായി നല്‍കുന്ന ശമ്പളം ദരിദ്ര ജനവിഭാഗങ്ങളുടെ അക്കൗണ്ടിലേക്ക് നേരിട്ട് എത്തുന്ന ഒരു പദ്ധതി അടിയന്തരമായി ആരംഭിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

പ്രതിമാസം ശമ്പള ഇനത്തില്‍ ചിലവിടുന്ന 3500 കോടി രൂപ കേരളത്തിലെ 87.29 ലക്ഷം റേഷന്‍ കാര്‍ഡ് ഉടമകളിലെ ദരിദ്രര്‍ക്ക് പണമായി കൈമാറി സമൂഹത്തില്‍ പണ ലഭ്യത ഉറപ്പാക്കണമെന്ന നിര്‍ദേശവും അസെറ്റ് മുന്നോട്ടുവെച്ചു.

ശമ്പളം തൊഴിലാളിയുടെ അവകാശമാണെന്ന ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്യുന്നതായും അസോസിയേഷന്‍ ഫോര്‍ സ്റ്റേറ്റ് എംപ്ലോയീസ് ആന്റ് ടീച്ചേഴ്‌സ് സംസ്ഥാന സെക്രട്ടറിയേറ്റ് അറിയിച്ചു. റവന്യൂ ചിലവിനത്തിലെ പെരുപ്പിച്ച കണക്ക് പറഞ്ഞ് ജീവനക്കാരെയും പൊതുജനങ്ങളെയും ശത്രുക്കളാക്കുകയല്ല, ഉത്തരവാദിത്തമുള്ള ഭരണകൂടം ചെയ്യേണ്ടതെന്നും അസെറ്റ് വ്യക്തമാക്കി. ഏകപക്ഷീയമായ ഉത്തരവിലൂടെ ജീവനക്കാരുടെ അവകാശത്തെ കൈയേറ്റം ചെയ്യാനാണ് ഭരണകൂടം ശ്രമിച്ചതെന്നും ഇതിനെതിരെ ജനാധിപത്യപരമായ പ്രതിഷേധങ്ങള്‍ നടത്തിയവരെ മീഡിയയില്‍ മോബ് ലിഞ്ചിങ്ങിന് വിധേയരാക്കിയതായും സംഘടന ആരോപിച്ചു.