LiveTV

Live

Kerala

ഇഞ്ചി കൃഷിക്കായി പോയ കർഷകരെ തിരികെയെത്തിക്കാന്‍ വയനാട് ജില്ലാ ഭരണകൂടം അനുമതി തേടി

ലോക്ഡൗണിൽ കുടുങ്ങിക്കിടക്കുന്ന കര്‍ഷകര്‍ തിരിച്ചെത്തിയാല്‍ കോവിഡ് കെയര്‍ സെന്‍ററുകളില്‍ പാർപ്പിക്കാനാണ് തീരുമാനം.

ഇഞ്ചി കൃഷിക്കായി പോയ കർഷകരെ തിരികെയെത്തിക്കാന്‍ വയനാട് ജില്ലാ ഭരണകൂടം അനുമതി തേടി

ഇഞ്ചി കൃഷിക്കായി കർണാടക - തമി‍ഴ്നാട് അതിർത്തി ഗ്രാമങ്ങളിലേക്ക് പോയ കർഷകരെ തിരികെയെത്തിക്കാന്‍ വയനാട് ജില്ലാ ഭരണകൂടം സർക്കാർ അനുമതി തേടി. ലോക്ഡൗണിൽ കുടുങ്ങിക്കിടക്കുന്ന കര്‍ഷകര്‍ തിരിച്ചെത്തിയാല്‍ കോവിഡ് കെയര്‍ സെന്‍ററുകളില്‍ പാർപ്പിക്കാനാണ് തീരുമാനം.

കുടക് ഉള്‍പ്പെടെ കർണാടകയിലെ ചില പ്രദേശങ്ങളിലും തമിഴ്നാട് അതിർത്തി ഗ്രാമങ്ങളിലും പാട്ടകൃഷി നടത്തുന്ന മലയാളികളെ തിരിച്ചെത്തിക്കാനാണ് വയനാട് ജില്ലാ ഭരണകൂടം സംസ്ഥാന സര്‍ക്കാറിന്‍റെ അനുമതി തേടിയത്. ഇവിടങ്ങളില്‍ മറ്റ് ജോലികള്‍ക്ക് പോയവരും ലോക് ഡൗണിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ലോക്ഡൌണ്‍ പ്രഖ്യാപിച്ചതോടെ പ്രദേശവാസികളിൽ നിന്നുള്ള മോശമായ പെരുമാറ്റം നേരിടുന്നതായുള്ള പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇവരെ തിരിച്ചെത്തിക്കാൻ നടപടികളാരംഭിച്ചത്. സർക്കാർ ഉത്തരവിനായി കാത്തിരിക്കുകയാണ് വയനാട് ജില്ലാ ഭരണകൂടം.

തിരിച്ചെത്തുന്നവരെ പാര്‍പ്പിക്കാനുള്ള കോവിഡ് കെയര്‍ സെന്‍ററുകള്‍ ജില്ലയിലുണ്ട്. പാസിനുള്ള അപേക്ഷ വെബ്സൈറ്റ് മുഖേനയോ ഇമെയിൽ വ‍ഴിയോ സ്വീകരിക്കാനാണ് തീരുമാനം. രക്ഷിതാക്കളിൽ നിന്നകന്ന് മറ്റ് ജില്ലകളിൽ ക‍ഴിയുന്ന കുട്ടികളേയും ഗർഭിണികളേയും തിരിച്ചെത്തിക്കാനും അനുമതി നല്‍കും. വയനാട് ജില്ലയില്‍ നിലവിൽ നിരീക്ഷണത്തിൽ ക‍ഴിയുന്നവരുടെ എണ്ണം ആയിരത്തില്‍ താഴെയാണ്. കഴിഞ്ഞ ദിവസം പുതുതായി 7 പേരുള്‍പ്പെടെ 978 പേരാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം ജില്ലയില്‍ വ്യാപകമായി റാന്‍ഡം പരിശോധനകള്‍ നടക്കുന്നുണ്ട്. ദിനേനെ 150 വീതം സാമ്പിളുകളാണ് പരിശോധനക്കയക്കുന്നത്.