LiveTV

Live

Kerala

ശമ്പളം പിടിക്കാനുള്ള ഉത്തരവിന് സ്റ്റേ: കേന്ദ്രത്തിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും ബാധകമാകുമെന്ന് മന്ത്രി

സര്‍ക്കാര്‍ ഉത്തരവ് നിയമപരമാക്കാൻ എന്ത് ചെയ്യാൻ പറ്റും എന്ന് പരിശോധിക്കുമെന്ന് തോമസ് ഐസക്


ശമ്പളം പിടിക്കാനുള്ള ഉത്തരവിന് സ്റ്റേ: കേന്ദ്രത്തിനും മറ്റ് സംസ്ഥാനങ്ങള്‍ക്കും ബാധകമാകുമെന്ന് മന്ത്രി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കാനുള്ള ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത് സംബന്ധിച്ച് കോടതി വിധി ലഭിച്ച ശേഷം പ്രതികരിക്കാമെന്ന് ധനമന്ത്രി തോമസ് ഐസക്. സര്‍ക്കാര്‍ ഉത്തരവ് നിയമപരമാക്കാൻ എന്ത് ചെയ്യാൻ പറ്റും എന്ന് പരിശോധിക്കും. കേരളത്തിന് മാത്രമല്ല മറ്റ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിനും വിധി ബാധകമാകുമെന്ന് മന്ത്രി പ്രതികരിച്ചു.

ഏതെല്ലാം രീതിയില്‍ സര്‍ക്കാരുമായി നിസ്സഹകരിക്കാമെന്നും ഏതെല്ലാം രീതിയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ദുര്‍ബലപ്പെടുത്താമെന്നും ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരു വിഭാഗം ആളുകള്‍ കേരളത്തില്‍ രൂപാന്തരപ്പെട്ടിരിക്കുന്നു. അത്യധികം ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ്. ലോകം മുഴുവന്‍ കേരളത്തിന്റെ സോഷ്യല്‍ ക്യാപിറ്റല്‍ എന്നൊക്കെ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ അതിനെയൊക്കെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കുറച്ചുപേര്‍ ഉണ്ടെന്നത് വലിയൊരു തിരിച്ചറിവാണ്. തുടര്‍നടപടി വിധി വായിച്ച ശേഷം തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സർക്കാർ ഉദ്യോഗസ്ഥരുടെ ആറ് ദിവസത്തെ ശമ്പളം വീതം അ‌ഞ്ച് മാസം പിടിക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. സാലറി കട്ടല്ല, താൽക്കാലികമായ മാറ്റിവെക്കലാണ് സർക്കാർ ചെയ്യുന്നതെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ സർക്കാർ ഉത്തരവ് നിയമപരമായി നിലനിൽക്കില്ലെന്നും ശമ്പളം ജീവനക്കാരുടെ അവകാശമാണെന്നും ഹൈക്കോടതി വ്യക്തമാക്കി. പ്രതിപക്ഷ സര്‍വീസ് സംഘടനകള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ സ്റ്റേ.