LiveTV

Live

Kerala

കേരളത്തില്‍ കോവിഡ് ടെസ്റ്റുകള്‍ കുറവ്, സാലറി കട്ടില്‍ ധനമന്ത്രി ജീവനക്കാരെ വെല്ലുവിളിച്ചു: ചെന്നിത്തല

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളി വിദ്യാര്‍ഥികളെ നാട്ടിലെത്തിക്കണമെന്ന് ചെന്നിത്തല

കേരളത്തില്‍ കോവിഡ് ടെസ്റ്റുകള്‍ കുറവ്, സാലറി കട്ടില്‍ ധനമന്ത്രി ജീവനക്കാരെ വെല്ലുവിളിച്ചു: ചെന്നിത്തല

കേരളത്തില്‍ കോവിഡ് ടെസ്റ്റുകളുടെ എണ്ണം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇടുക്കിയിലേയും കോട്ടയത്തേയും സ്ഥിതി ആശങ്കയുണ്ടാക്കുന്നു. സംസ്ഥാനത്ത് കൂടുതൽ പരിശോധനകൾ നടത്തണം. പരിശോധനാ കിറ്റുകള്‍ ലഭ്യമാക്കാന്‍ നടപടി ഉണ്ടാക്കണം. യുഡിഎഫ് യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിലാണ് കോവിഡ് പരിശോധനാ ഫലം പുറത്തുവിടുന്നത്. കോട്ടയത്ത് നാല് പ്രദേശങ്ങളിൽ രോഗികളെ കണ്ടെത്തി മണിക്കൂറുകള്‍ കഴിഞ്ഞാണ് പറയുന്നത്. ഇന്ന് ഇടുക്കിയിൽ മൂന്ന് പേര്‍ക്ക് രോഗമുണ്ടെന്ന് കലക്ടര്‍ പറഞ്ഞു. അതാണ് വേണ്ടത്.

ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങി പോയ വിദ്യാര്‍ഥികളുണ്ട്. ജോലി ചെയ്യുന്നവരും കുടുങ്ങി കിടക്കുന്നുണ്ട്. സംസ്ഥാനം നടപടി സ്വീകരിക്കണം. പ്രോട്ടോക്കോള്‍ പാലിച്ച് ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കണം. നോര്‍ക്കയിൽ രജിസ്റ്റര്‍ ചെയ്ത് ഇതിനായി കാത്തിരിക്കേണ്ട സാഹചര്യമുണ്ടാക്കരുത്. പ്രവാസികളെ സംബന്ധിച്ച് അവരും വലിയ ബുദ്ധിമുട്ടിലാണ്. നോര്‍ക്കയിൽ രജിസ്ട്രേഷന്‍ നടക്കുന്നുണ്ട്. എന്നാല്‍ പ്രധാനമന്ത്രിയുടെ നിലപാട് നിരാശാജനകമാണ്. സംസ്ഥാന സര്‍ക്കാര്‍ ശക്തമായി ഇടപെടണം. പ്രതിപക്ഷം സര്‍ക്കാരുമായി ഇക്കാര്യത്തിൽ സഹായിക്കാന്‍ തയ്യാറാണ്. എംബസികള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സാലറി കട്ടിൽ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നിലപാടല്ല സ്വീകരിച്ചത്. ധനകാര്യമന്ത്രി തുടര്‍ച്ചയായി എല്ലാവരെയും വെല്ലുവിളിച്ചു. മുഖ്യമന്ത്രി ശമ്പളം തിരിച്ചു കൊടുക്കുമെന്നു പറഞ്ഞു. എന്നാല്‍ എപ്പോഴെന്നു പറഞ്ഞില്ല. കോവിഡ് പ്രതിരോധത്തിന് അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും സര്‍ക്കാരിനെ സഹായിക്കണം. പക്ഷേ വെല്ലുവിളി നടത്തുമ്പോള്‍ അവര്‍ക്കും ആത്മാഭിമാനമില്ലേ? സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അവരുടെ കഴിവിനൊത്തുള്ള സംഭാവനകള്‍ നല്‍കണം. മാധ്യമ പ്രവര്‍ത്തകരുടെ വാ മൂടിക്കെട്ടാനുള്ള നീക്കം നടക്കുന്നു. സൈബര്‍ ഗുണ്ടകള്‍ ഭീഷണിപ്പെടുത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

പോത്തന്‍കോട് സ്കൂളില്‍ 19 പേരെ പങ്കെടുപ്പിച്ച് പരിപാടി നടത്തിയ മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കേസെടുക്കണം. കോവിഡ് പ്രോട്ടോക്കോള്‍ മറികടന്നാണിത്. അധ്യാപകനെ അപമാനിക്കാന്‍ ശ്രമിച്ചെന്നും ചെന്നിത്തല പറഞ്ഞു.

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ യു.ഡി.എഫ് കാര്യക്ഷമമായി ഇടപെട്ടു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. സര്‍ക്കാരിന്റെ പല പ്രവര്‍ത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്നത് ത്രിതല പഞ്ചായത്തുകളാണ്. എന്നാല്‍ അവര്‍ക്ക് ഒരു സഹായവും സര്‍ക്കാര്‍ ചെയ്യുന്നില്ല. കേന്ദ്രം നടത്തുന്നത് പ്രഖ്യാപനങ്ങള്‍ മാത്രം. കേന്ദ്രം പ്രത്യേക ധനസഹായം നല്‍കണം. എന്നാല്‍ മാത്രമേ ജനങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ കഴിയൂ. ക്ഷേമനിധിയിൽ പെടാത്തവര്‍ക്ക് 1000 രൂപ നല്‍കുമെന്ന് പറഞ്ഞെങ്കിലും നല്‍കിയില്ലെന്നും ചെന്നിത്തല ആരോപിച്ചു.