LiveTV

Live

Kerala

കോട്ടയവുമായുള്ള അതിര്‍ത്തികള്‍ അടച്ച് എറണാകുളം

പ്രത്യേക യാത്രാനുമതി ഇല്ലാതെ കോട്ടയത്ത് നിന്നുള്ളവർക്ക് എറണാകുളം ജില്ലയിൽ പ്രവേശിക്കാനാകില്ലെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.

കോട്ടയവുമായുള്ള അതിര്‍ത്തികള്‍ അടച്ച് എറണാകുളം

കോവിഡ് രോഗ വ്യാപനം വർധിക്കുന്ന കോട്ടയം ജില്ലയിലേക്കുള്ള അതിര്‍ത്തികള്‍ അടച്ച് എറണാകുളം ജില്ല. പ്രത്യേക യാത്രാനുമതി ഇല്ലാതെ കോട്ടയത്ത് നിന്നുള്ളവർക്ക് എറണാകുളം ജില്ലയിൽ പ്രവേശിക്കാനാകില്ലെന്ന് എറണാകുളം ജില്ലാ കളക്ടർ അറിയിച്ചു.

കോട്ടയത്ത് മാർക്കറ്റ് അടച്ചിടേണ്ടി വന്നതോടെയാണ് എറണാകുളം ജില്ലയിൽ ജാഗ്രതാ നടപടികൾ ശക്തമാക്കുന്നത്. കോട്ടയത്ത് നിന്നും രോഗ വ്യാപന സാധ്യത ഉള്ളതിനാലാണ് കോട്ടയം - എറണാകുളം ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ അടയ്ക്കാൻ എറണാകുളം ജില്ലാ ഭരണകൂടം തീരുമാനിച്ചത്. കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് പ്രത്യേക അനുമതിയോടെ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂ.

ഇടുക്കി ജില്ലയിലും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും നിലവിൽ അതിര്‍ത്തി അടയ്ക്കില്ല. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി എറണാകുളം ജില്ലയിലെ മാർക്കറ്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ മന്ത്രി സുനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം ജില്ലയിൽ കോവിഡ് ബാധിച്ച മലപ്പുറം സ്വദേശി കൂടി രോഗമുക്തി നേടി ആശുപത്രി വിട്ടു. കഴിഞ്ഞ മാസം 18ന് ആണ് ഇയാൾ ലണ്ടനിൽ നിന്നും നെടുമ്പാശേരിയിൽ എത്തിയത്. 41 ദിവസം ഐസൊലേഷനിൽ കഴിഞ്ഞ ഇയാളുടെ 20, 21 സാമ്പിളുകളുടെ ഫലങ്ങളാണ് നെഗറ്റീവ് ആയത്. ഇനി രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ളത് ഒരാള്‍ മാത്രമാണ്. നിലവിൽ 442 പേർ വീടുകളിലും 20 പേർ വിവിധ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.