LiveTV

Live

Kerala

ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്

ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 13 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയം– 6, ഇടുക്കി –4, പാലക്കാട്, മലപ്പുറം, കണ്ണൂർ ഒന്നു വീതം രോഗികൾ. 13 പേർക്കു രോഗം ഭേദമായി. കൊറോണ അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.

ഇന്ന് 13 പേരുടെ ഫലം നെഗറ്റീവായിട്ടുണ്ട്. കണ്ണൂരില്‍ ആറുപേര്‍ക്കും കോഴിക്കോട്ട് നാലുപേര്‍ക്കും തിരുവനന്തപുരം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കുമാണ് ഇന്ന് നെഗറ്റീവായത്. ഇതുവരെ 481 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 123 പേര്‍ ചികിത്സയിലാണ്.

20,301 പേരാണ് ആകെ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 19,812 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. 489 പേര്‍ ആശുപത്രിയിലാണ് നിരീക്ഷണത്തിലുള്ളത്. ഇന്നു മാത്രം 104 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 23,271 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഇതില്‍ 22,537 എണ്ണത്തില്‍ രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍, അതിഥി തൊഴിലാളികള്‍, സാമൂഹിക സമ്പര്‍ക്കം കൂടുതലുള്ളവര്‍ തുടങ്ങി ഇത്തരത്തില്‍ മുന്‍ഗണനാ ഗ്രൂപ്പില്‍നിന്ന് 875 സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതില്‍ 611 സാമ്പിളുകള്‍ നെഗറ്റീവായിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

അന്തര്‍ ജില്ലാ - സംസ്ഥാന ഗതാഗതം മെയ് 15 വരെ വേണ്ടെന്ന് നിര്‍ദേശം

കേരളം ഉന്നയിക്കാനിരിക്കുന്ന കാര്യങ്ങള്‍ ഇന്നലെ തന്നെ പ്രധാനമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും ധരിപ്പിച്ചു. കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദേശങ്ങൾക്കനുസരിച്ച് ഇളവുകള്‍ നിര്‍ണയിച്ചു. ലോക്ഡൌണ്‍ പിന്‍വലിക്കുന്നത് ശ്രദ്ധയോടെ വേണം. ഭാഗികമായലോക്ക് ഡൌണ്‍ മെയ് 15 വെര തുടരണമെന്ന് അഭിപ്രായപ്പെട്ടു. പുതുതായി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത ജില്ലകളില്‍ നിയന്ത്രണങ്ങളോടെ ലോക്ക്ഡൌണ്‍ പിന്‍വലിക്കാൻ നിര്‍ദേശം നല്‍കി. അന്തര്‍ ജില്ലാ - സംസ്ഥാന ഗതാഗതം മെയ് 15 വരെ വേണ്ടെന്ന് വക്കാന്‍ നിര്‍ദേശം നല്‍കി.

കോട്ടയം, ഇടുക്കി ജില്ലകള്‍ റെഡ് സോണില്‍

കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഈ ജില്ലകള്‍ റെഡ് സോണില്‍ ഉള്‍പ്പെടുത്തി. ഇടുക്കി ജില്ലയിലെ വണ്ടന്‍മേട്, ഇരട്ടയാര്‍, കോട്ടയം ജില്ലയിലെ ഐമനം, വെള്ളൂര്‍, തലയോലപ്പറമ്പ്, അയര്‍ക്കുന്നം എന്നീ പഞ്ചായത്തുകളെ ഹോട്ട്‌സ്‌പോട്ടുകളില്‍ ഉള്‍പ്പെടുത്തിയെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

പ്രവാസികളുടെ വിമാനക്കൂലി

പ്രവാസികളുടെ കൂട്ടത്തിൽ ചെറിയ വരുമാനം മാത്രം ഉള്ളവർ, ജയിലിൽ കഴിയുന്നവർ, വിദ്യാർഥികൾ, ലോക്ഡൗൺ മൂലം തൊഴിൽ നഷ്ടപ്പെട്ടവർ തുടങ്ങിയ വിഭാഗങ്ങൾ ഉണ്ട്. ഇവർക്കും തിരിച്ചു വരേണ്ടതായിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിമാനയാത്രക്കൂലി സ്വന്തമായി വഹിക്കാൻ ഇവർക്കു ബുദ്ധിമുട്ടുണ്ടെന്നും യാത്രക്കൂലി കേന്ദ്രം വഹിക്കണമെന്നു പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോക്‌ഡൗൺ കാരണം തൊഴിൽ നഷ്ടപ്പെട്ടവർക്ക് പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കണം. ഹ്രസ്വകാല സന്ദർശനത്തിനായി വിദേശത്തു പോയവർ, ജീവിത ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാത്തവർ, ചികിൽസാ സഹായം ആവശ്യമുള്ളവർ തുടങ്ങിയവരെ വിദേശത്തുനിന്ന് കൊണ്ടുവരാൻ പ്രഥമ പരിഗണന നൽകണം. അതിഥി തൊഴിലാളികളെ നാട്ടിലേക്ക് അയയ്ക്കാൻ നോൺസ്റ്റോപ്പ് ട്രെയിൻ വേണമെന്ന് വീണ്ടും കേന്ദ്രത്തോട് ആവശ്യപ്പെട്ടു. മലയാളികളായ നഴ്സുമാർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ കാര്യത്തിൽ അടിയന്തര ശ്രദ്ധപതിപ്പിക്കണമെന്നും ശുചിത്വമുള്ള കോറൻറീൻ സൗകര്യം വേണമെന്നും അഭ്യര്‍ഥിച്ചു.

കഴുകി ഉപയോഗിക്കാവുന്ന മാസ്‌ക് ഉപയോഗിക്കുക

സംസ്ഥാനത്ത് പൊതുവിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയതോടെ ധരിക്കുന്നവരുടെ എണ്ണം കൂടി. അതോടൊപ്പം ഉപയോഗശേഷം വലിച്ചെറിയുന്ന മാസ്‌കുകളുടെ എണ്ണവും കൂടി. അലക്ഷ്യമായി ഉപേക്ഷിക്കുന്ന മാസ്‌കുകള്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് സൃഷ്ടിക്കുന്നത്.

മഴക്കാലം കൂടിയായതോടെ പ്രശ്‌നം ഇരട്ടിച്ചിരിക്കുകയാണ്. ഉപയോഗിച്ച മാസ്‌ക് അലക്ഷ്യമായി കളയുന്നത് സമൂഹത്തോടുള്ള അപരാധമാണ്. കഴുകി സൂക്ഷിക്കാവുന്ന തുണിയുടെ മാസ്‌ക് പൊതുജനങ്ങള്‍ ഉപയോഗിക്കുന്നതാവും അഭികാമ്യമമെന്ന് ഓര്‍മിപ്പിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാസ്‌കിന്റെ കാര്യത്തില്‍ ഇടുക്കിയിലെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ ചെറിയൊരു അനാസ്ഥ നിലനില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചിലര്‍ മാസ്‌ക് ധരിക്കാതെ എടിഎമ്മിലും കടകളിലും പോവുകയും പൊതുവിടങ്ങളില്‍ വരികയും ചെയ്യുന്നുണ്ട്. ഇത് ഗൗരവമായി കണ്ടുകൊണ്ട് തിരുത്താന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കേണ്ടതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.