LiveTV

Live

Kerala

കോവിഡ് ഭേദമായവരുടെ വിവരം പുറത്തുവന്നതില്‍ അത്ഭുതമില്ല, മുതലെടുപ്പ് അനുവദിക്കില്ലെന്ന് മന്ത്രി

കോവിഡ് ബാധിച്ചവരുടെ തുടര്‍ചികിത്സ സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെ നടത്തുമെന്ന് മന്ത്രി

കോവിഡ് ഭേദമായവരുടെ വിവരം പുറത്തുവന്നതില്‍ അത്ഭുതമില്ല, മുതലെടുപ്പ് അനുവദിക്കില്ലെന്ന് മന്ത്രി

കോവിഡ് രോഗം ഭേദമായവരുടെ വിവരങ്ങള്‍ പുറത്തായതില്‍ അത്ഭുതമില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. രോഗം സുഖമായി വീട്ടില്‍ പോകുമ്പോള്‍ എല്ലാവര്‍ക്കുമറിയില്ലേ? ആരെങ്കിലും ഇവരുടെ നമ്പറെടുത്ത് വിളിച്ച് മുതലെടുപ്പിന് ശ്രമിക്കുന്നുണ്ടാവാം. മുതലെടുപ്പ് അനുവദിക്കില്ല. കോവിഡ് ഭേദമായവരുടെ തുടര്‍ചികിത്സ സര്‍ക്കാര്‍ ആശുപത്രിയില്‍ തന്നെ നടത്തും. കണ്ണൂരില്‍ കോവിഡ് ബാധിതരുടെ വിവരങ്ങള്‍ ജില്ലാ പൊലീസിന്റെ ആപ്പ് വഴി ചോര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടില്ലെന്നും മന്ത്രി പറഞ്ഞു.

കോട്ടയത്ത് ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് ബാധിച്ചതില്‍ ആശങ്ക വേണ്ടെന്നും മന്ത്രി പറഞ്ഞു. എല്ലാ മുൻകരുതലും സ്വീകരിച്ചാണ് അവർ രോഗികളോട് ഇടപെട്ടത്. ഉത്കണ്ഠയുടെ സാഹചര്യമില്ല. മറ്റ് രാജ്യങ്ങളെപ്പോലെ രോഗം വന്ന ആരോഗ്യ പ്രവർത്തകരെ കേരളം കയ്യൊഴിയില്ല. കൂടുതൽ ജാഗ്രത പാലിക്കാൻ ആരോഗ്യ പ്രവർത്തകർക്ക് നിരദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.

പ്രവാസികളുടെ മടക്കവുമായി ബന്ധപ്പെട്ട് മുൻഗണന പ്രയാസം അനുഭവിക്കുന്നവര്‍ക്കാണ്. വിസയുടെ കാലാവധി കഴിഞ്ഞവര്‍, ഗര്‍ഭിണികള്‍, താമസ സൗകര്യങ്ങളില്ലാതെ ഒറ്റപ്പെട്ടുപോയവര്‍, മറ്റ് രോഗങ്ങള്‍ക്ക് ചികിത്സക്കായി വരുന്നവര്‍.. ഇങ്ങനെയുള്ള ആളുകള്‍ക്കാണ് മുന്‍ഗണന നല്‍കുക. രോഗം സ്ഥിരീകരിച്ചവരെ കൊണ്ടുവരില്ല. കേന്ദ്രസര്‍ക്കാരാണ് ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത്.ഓരോ ജില്ലയിലും ആയിരക്കണക്കിന് പേരെ ക്വാറന്‍റൈൻ ചെയ്യാൻ സൗകര്യം ഏർപ്പെടുത്തും.

ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കും. സമൂഹ വ്യാപനം ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ഒരിക്കലും സമൂഹ വ്യാപനം സംഭവിക്കില്ല എന്ന് പറയാന്‍ സാധിക്കില്ല. സിംഗപുരിലൊക്കെ ലോക്ക്ഡൗണ്‍ നീക്കിയ ശേഷം വന്‍തോതില്‍ രോഗബാധ തിരിച്ചുവരികയും സമൂഹ വ്യാപനത്തിലേയ്ക്ക് പോകുകയും ചെയ്തു. അതുകൊണ്ട് നാം ഒറ്റക്കെട്ടായി ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിർത്തിയിൽ ആളുകൾ അങ്ങോട്ടുമിങ്ങോട്ടും പോകുന്നത് പ്രശ്നമാണെന്നും മന്ത്രി പറഞ്ഞു.