LiveTV

Live

Kerala

പ്രവാസികളുടെ മടക്കം: നോര്‍ക്ക രജിസ്ട്രേഷന്‍ ഒന്നര ലക്ഷം കഴിഞ്ഞു

അന്യസംസ്ഥാനങ്ങളില്‍ നിന്ന് തിരികെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള രജിസ്ട്രേഷന്‍ നോര്‍ക്ക ഉടന്‍ ആരംഭിക്കും.

പ്രവാസികളുടെ മടക്കം: നോര്‍ക്ക രജിസ്ട്രേഷന്‍ ഒന്നര ലക്ഷം കഴിഞ്ഞു

മടങ്ങിവരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് വേണ്ടി നോര്‍ക്ക ആരംഭിച്ച രജിസ്ട്രേഷന് വന്‍തിരക്ക്. രജിസ്ട്രേഷന്‍ ആരംഭിച്ച് 16 മണിക്കൂറിനിടെ 165631 പ്രവാസികളാണ് രജിസ്റ്റര്‍ ചെയ്തത്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് തിരികെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള രജിസ്ട്രേഷന്‍ നോര്‍ക്ക ഉടന്‍ ആരംഭിക്കും.

വിവിധ രാജ്യങ്ങളില്‍ നിന്ന് മടങ്ങി വരുന്നവരുടെ കണക്ക് തയ്യാറാക്കി ക്വാറന്‍റൈന്‍ സൌകര്യം ഒരുക്കാന്‍ വേണ്ടി ഇന്നലെ രാത്രിയാണ് നോര്‍ക്ക വെബ്സൈറ്റ് വഴി രജിസ്ട്രേഷന്‍ ആരംഭിച്ചത്. രാവിലെ 11 മണി വരെ 161 രാജ്യങ്ങളില്‍ നിന്നായി 165631 പ്രവാസികളാണ് രജിസ്റ്റര്‍ ചെയ്തത്. യു.എ.ഇയില്‍ നിന്നാണ് ഏറ്റവും അധികം പേര്‍ രജിസ്റ്റര്‍ ചെയ്തത്. 65608 പേര്‍. സൌദിയില്‍ നിന്ന് 20755 പേരും ഖത്തറില്‍ നിന്ന് 18392 പേരും കുവൈറ്റില്‍ നിന്ന് 9626 പേരും ഇതുവരെ രജിസ്റ്റര്‍ ചെയ്തു. ഒമാനില്‍ നിന്ന് 7286ഉം ബഹറൈനില്‍ നിന്ന് 3451 പേരും മാലിദ്വീപില്‍ നിന്ന് 1100 പേരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

തിരികെ കൊണ്ടുവരുന്നവരുടെ മുന്‍ഗണനാ പട്ടിക സംസ്ഥാനം തയ്യാറാക്കി നല്‍കുമെങ്കിലും കേന്ദ്രമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നവര്‍ക്ക് തിരികെ എത്താന്‍ വേണ്ടിയുള്ള രജിസ്ട്രേഷന്‍ 24 മണിക്കൂറിനുള്ളില്‍ നോര്‍ക്ക ആരംഭിക്കും.