LiveTV

Live

Kerala

ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന ചാർജ് ഈടാക്കുന്ന ജനദ്രോഹ നടപടി കെ.എസ്.ഇ.ബി പിൻവലിക്കണം - വെൽഫെയർ പാർട്ടി

വൈദ്യുതി കുറച്ച് ഉപയോഗിക്കുന്ന വീടുകളിൽ പോലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഉണ്ടായ വൈദ്യുതി ഉപയോഗം കാരണം സബ്സിഡിക്ക് സർക്കാർ നിശ്ചയിച്ച 240 യൂണിറ്റ് പരിധി കഴിയാൻ സാധ്യത ഉണ്ട്

ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് ഉയർന്ന ചാർജ് ഈടാക്കുന്ന ജനദ്രോഹ നടപടി കെ.എസ്.ഇ.ബി പിൻവലിക്കണം - വെൽഫെയർ പാർട്ടി

ലോക്‌ഡൗൺ കാരണം മുഴുവൻ വരുമാന മാർഗങ്ങളും നിലച്ച് അതീവ പ്രയാസത്തിൽ ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളിൽ നിന്ന് ഉയർന്ന വൈദ്യുതി ചാർജ് ഈടാക്കുന്ന കെ.എസ്.ഇ.ബി യുടെ ജനദ്രോഹ നടപടി അവസാനിപ്പിക്കണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ആവശ്യപ്പെട്ടു. രണ്ട് മാസത്തെ വൈദ്യുതി ബില്ലാണ് സാധാരണ ഗതിയിൽ തയ്യാറാക്കുന്നത്. ഇതിന് കൃത്യസമയത്ത് റീഡിംഗ് നടക്കണം. ലോക്ക് ഡൗൺ കാരണം റീഡിംഗ് വൈകിയാണ് നടക്കുന്നത്. വൈകിയ ദിവസം കൂടി റീഡിംഗിൽ ഉൾപ്പെടുത്തി ബിൽ തയ്യാറാക്കുമ്പോൾ നിരക്ക് നിശ്ചയിക്കുന്ന സ്ലാബിൽ മാറ്റമുണ്ടാകും. ഓരോ യൂണിറ്റിനും ഉയർന്ന നിരക്ക് നൽകേണ്ടി വരും. ഇത്തരത്തിൽ വൈദ്യുതി ബിൽ തയ്യാറാക്കിയപ്പോൾ ഭൂരിപക്ഷം ഉപഭോക്താക്കളുടെയും ബിൽ ഇരട്ടിയിലധികമായി വർദ്ധിച്ചിരിക്കുന്നു. റീഡിംഗ് വൈകിയതിന് വൻ തുക ജനങ്ങൾ പിഴ നൽകേണ്ടി വരുന്നത് അംഗീകരിക്കാനാവില്ല.

ചൂട് സമയത്ത് ലോക്ക് ഡൗൺ കാരണം പുറത്തിറങ്ങാതെ വീട്ടിൽ കഴിയേണ്ടി വന്നത് കൊണ്ട് വൈദ്യുതി ഉപയോഗം കുറച്ച് കൂടിയിട്ടുണ്ട്. വൈദ്യുതി കുറച്ച് ഉപയോഗിക്കുന്ന വീടുകളിൽ പോലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഉണ്ടായ വൈദ്യുതി ഉപയോഗം കാരണം സബ്സിഡിക്ക് സർക്കാർ നിശ്ചയിച്ച 240 യൂണിറ്റ് പരിധി കഴിയാൻ സാധ്യത ഉണ്ട്. അതോടെ ഉപയോഗിച്ച മുഴുവൻ വൈദ്യുതിക്കും യൂണീറ്റിന് 5 രൂപക്ക് മുകളിൽ ഈടാക്കുകയാണ് കെ.എസ്.ഇ.ബി ചെയ്യുന്നത്. ഇത് അന്യായ കൊള്ളയാണ്. ഈ തീരുമാനം തിരുത്തണം. നേരത്തെ സബ്സിഡി ലഭിച്ചിരുന്ന ഗാർഹിക ഉപഭോക്കാക്കൾ ഉപയോഗിച്ച മുഴുവൻ വൈദ്യുതിക്കും സബ്സിഡി അനുവദിക്കാൻ ബോർഡ് തയ്യാറാകണം. ഇക്കാര്യങ്ങളിൽ നയപരമായ തീരുമാനം സർക്കാർ എടുത്ത് വൈദ്യുതി ബോർഡിന്റെ ദ്രോഹ നടപടി തിരുത്തിക്കണം. പവർ ഡിമാന്റ് വളരെ കുറഞ്ഞ സമയത്ത് കുറഞ്ഞ നിരക്കിൽ വൈദ്യുതി ബോർഡിന് ലഭിക്കുന്നുണ്ട്. സാമ്പത്തികമായി ബോർഡിന് ഇപ്പോൾ ഒരു പ്രയാസവുമില്ല. ഇത്തരം ഘട്ടത്തിൽ വൈദ്യുതി - കുടിവെള്ളം എന്നിവയുടെ ചാർജിൽ ഇളവ് പ്രഖ്യാപിച്ച് ജനങ്ങൾക്ക് ആശ്വാസം നൽകേണ്ട സർക്കാർ അതിന് തയ്യാറാവാതെ വരുമാനം ഇല്ലാതെ പ്രതിസന്ധിയിൽ അകപ്പെട്ട ജനങ്ങളെ കൊള്ളയടിക്കാൻ ശ്രമിക്കുന്ന ജനവിരുദ്ധത അവസാനിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, വൈദ്യുതി മന്ത്രി, കെ.എസ്.ഇ.ബി ചെയർമാൻ എന്നിവർക്ക് ഹമീദ് വാണിയമ്പലം കത്തയച്ചു.