LiveTV

Live

Kerala

വയനാട്ടിലേക്കുള്ള കടന്നുകയറ്റം തുടര്‍ന്നാല്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ അടച്ചിടേണ്ടി വരുമെന്ന് കലക്ടര്‍

അതിര്‍ത്തി കടന്നെത്തിയ 118 പേരെ പിടികൂടി കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റിയിട്ടുണ്ട്.

വയനാട്ടിലേക്കുള്ള  കടന്നുകയറ്റം തുടര്‍ന്നാല്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ അടച്ചിടേണ്ടി വരുമെന്ന് കലക്ടര്‍

അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് വയനാട്ടിലേക്കുള്ള കടന്നുകയറ്റം തുടര്‍ന്നാല്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ അടച്ചിടേണ്ടി വരുമെന്ന് ജില്ലാ കലക്ടര്‍ ഡോ അദീല അബ്ദുല്ല മുന്നറിയിപ്പ് നല്‍കി. ഇതിനകം അതിര്‍ത്തി കടന്നെത്തിയ 118 പേരെ പിടികൂടി കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റിയിട്ടുണ്ട്. അതിനിടെ കോവിഡ് സമൂഹ വ്യാപന സാധ്യത അറിയാൻ റാൻഡം പിസിആര്‍ പരിശോധനകള്‍ വയനാട് ജില്ലയിലും തുടങ്ങി

തമിഴ്നാട്ടില്‍ നിന്ന് അതിര്‍ത്തി ഗ്രാമങ്ങളായ താളൂര്‍, ചീരാല്‍, പാട്ടവയല്‍ പ്രദേശങ്ങളിലെ ഊടുവഴികളിലൂടെ വയനാട്ടിലേക്ക് കടക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഈ സാഹചര്യത്തെ ഗൌരവത്തോടെയാണ് ജില്ലാ ഭരണകൂടം കാണുന്നത്. ഇത്തരം കടന്നുകയറ്റങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ ഗ്രാമീണര്‍ അധികൃതരെ അറിയിക്കണം. ഇല്ലെങ്കില്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ അടച്ചിടേണ്ടി വരുമെന്ന് ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

തമിഴ്നാട്, കര്‍ണാടക അതിര്‍ത്തിയിലൂടെ കഴിഞ്ഞ ദിവസവും ഗ്രാമീണര്‍ വയനാട്ടിലേക്ക് കടന്നിരുന്നു. ഇതിനകം ഇങ്ങനെ നടന്നെത്തിയ 118 പേരെയാണ് പൊലീസ് പിടികൂടി കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റിയത്.

അതിനിടെ കൊവിഡ് 19 സമൂഹ വ്യാപന സാധ്യത അറിയാൻ വയനാട്ടിലും റാൻഡം പിസിആര്‍ പരിശോധനകള്‍ തുടങ്ങി. മൂപ്പൈനാട്, മുള്ളൻകൊല്ലി, പൂതാടി പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിൽ പരിശോധന നടത്തുന്നത്. വിവിധ മേഖലകളിൽ നിന്നുള്ള 33 പേരുടെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. പൊതു സമൂഹത്തെ അ‍ഞ്ച് ഗ്രൂപ്പുകളായി തിരിച്ചാണ് പരിശോധന. ലക്ഷണങ്ങളൊന്നുമില്ലാതെ തന്നെ പലരിലും രോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് റാന്‍ഡം പിസിആര്‍ പരിശോധനകള്‍ തുടങ്ങിയത്.