LiveTV

Live

Kerala

കോഴിക്കോട് തെരുവിൽ കഴിഞ്ഞവരെ പാർപ്പിച്ച ക്യാമ്പുകളിലെ നിരീക്ഷണത്തിന് പ്രത്യേക സ്ക്വാഡ്

കോവിഡ് സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശിയെ ക്യാമ്പിലേക്ക് മാറ്റിയ പോലീസുകാരടക്കമുള്ളവർ നിരീക്ഷണത്തിലാണ്.

കോഴിക്കോട് തെരുവിൽ കഴിഞ്ഞവരെ പാർപ്പിച്ച ക്യാമ്പുകളിലെ നിരീക്ഷണത്തിന് പ്രത്യേക സ്ക്വാഡ്

തമിഴ്നാട് സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ കോഴിക്കോട് ജില്ലയില്‍ തെരുവിൽ കഴിഞ്ഞവരെ പാർപ്പിച്ചിരിക്കുന്ന ക്യാമ്പുകളിലെ നിരീക്ഷണത്തിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. ഇയാളുമായി സമ്പർക്കം പുലർത്തിയ മുഴുവൻ ഉദ്യോഗസ്ഥരോടും ക്വാറന്‍റൈനിൽ പോകാൻ നിർദ്ദേശം നൽകി.

കോവിഡ് സ്ഥിരീകരിച്ച തമിഴ്നാട് സ്വദേശിയെ ക്യാമ്പിലേക്ക് മാറ്റിയ പോലീസുകാരടക്കമുള്ളവർ നിരീക്ഷണത്തിലാണ്. രണ്ട് പോലീസുദ്യോഗസ്ഥർ, റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇയാളെ ആംബുലൻസിലേക്ക് കയറ്റാൻ സഹായിച്ച ഫയർഫോഴ്സിന്‍റെ എട്ട് സിവിൽ ഡിഫൻസ് വളണ്ടിയർമാർ, സന്നദ്ധ സംഘടനാ പ്രവർത്തകർ എന്നിവർ നിരീക്ഷണത്തിലാണ്. ഇതിനൊപ്പം റവന്യു ഉദ്യോഗസ്ഥരും ഇയാളുമായി സമ്പർക്കം പുലർത്തിയിട്ടുണ്ട്. തെരുവിൽ കഴിഞ്ഞവരെ മാറ്റി പാർപ്പിച്ച ക്യാമ്പുകളിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഓരോരുത്തരും രണ്ട് മീറ്റർ അകലം പാലിക്കണം. പോലീസ്, റവന്യു ഉദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ എന്നിവരെ ഉൾപ്പെടുത്തി സ്ക്വാഡ് രൂപീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജിൽ ജീവനക്കാരുടെ സുരക്ഷാ മുൻകരുതൽ വിലയിരുത്താനായി പ്രത്യേക സമിതി രൂപികരിച്ചു.

മെഡിക്കൽ കോളേജിൽ ആശുപത്രി സൂപ്രണ്ട്മാർ, കമ്മ്യൂണിറ്റി മെഡിസിൻ, മൈക്രോബയോളജി, ജനറൽ മെഡിസിൻ, ഇൻഫെക്ഷ്യസ് ഡിസീസ് എന്നീ വിഭാഗങ്ങളിലെ വിദഗ്ധരാണ് പ്രത്യേക സ്ക്രീനിങ് കമ്മറ്റിയിലുള്ളത്.