LiveTV

Live

Kerala

ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7 പേര്‍ക്ക് രോഗമുക്തി

കോട്ടയത്ത് മൂന്ന് പേര്‍ക്കും കൊല്ലത്ത് മൂന്ന് പേര്‍ക്കും കണ്ണൂര്‍ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 7 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 7 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോട്ടയത്ത് മൂന്ന് പേര്‍ക്കും കൊല്ലത്ത് മൂന്ന് പേര്‍ക്കും കണ്ണൂര്‍ ഒരാള്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏഴ് പേരുടെ ഫലം നെഗറ്റീവായി. കോഴിക്കോടും കണ്ണൂരും കാസര്‍കോടും രണ്ട് പേര്‍ക്ക് വീതവും വയനാട്ടില്‍ ഒരാള്‍ക്കുമാണ് രോഗം ഭേദമായത്.

സംസ്ഥാനത്ത് 457 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 116 പേര്‍ ചികിത്സയിലുണ്ട്. വയനാട്, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ ആരും ചികിത്സയില്‍ ഇല്ല.

രോഗമുക്തി നേടി 84 വയസ്സുകാരനായ കണ്ണൂര്‍ സ്വദേശി

കോവിഡ് 19 ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന 84കാരന്‍ രോഗമുക്തി നേടി. കൂത്തുപറമ്പ് സ്വദേശി അബുബക്കറാണ് രോഗമുക്തനായത്. ഈ പ്രായത്തിലുള്ളയാള്‍ രോഗമുക്തി നേടിയത് സംസ്ഥാനത്തിന് നേട്ടമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വൃക്ക രോഗമുള്‍പ്പെടെ ഗുരുതര നിലയിലായിരുന്നു ഇദ്ദേഹം. ജീവിതത്തിലേക്ക് മടക്കിക്കൊണ്ടുവന്ന ആരോഗ്യ പ്രവര്‍ത്തകര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയെന്ന് കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി അഭിനന്ദിച്ചു. പ്രവാസികളുടെ സുരക്ഷക്ക് സ്വീകരിച്ച നടപടി കേന്ദ്രത്തെ അറിയിച്ചു. അതിലും കേന്ദ്രം അഭിനന്ദിച്ചു. ക്രിയാത്മക ഇടപെടല്‍ ഉണ്ടാകുമെന്ന് വിദേശകാര്യ സെക്രട്ടറി അറിയിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

കടകള്‍ തുറക്കാനുള്ള നിബന്ധനകള്‍

കോര്‍പ്പറേഷന്‍ പരിധിക്ക് പുറത്തുള്ള എല്ലാ കടകള്‍ക്കും പ്രവര്‍ത്തിക്കാം. ഷോപ്പ് അന്‍ഡ് എസ്റ്റാബ്ലിഷ് ആക്ട് അനുസരിച്ച് പ്രവര്‍ത്തിക്കാം. 50 ശതമാനത്തില്‍ അധികം ജീവനക്കാര്‍ പാടില്ല. ഹോട്ട്സ്പോട്ടുകളിലെ മേഖലകളില്‍ ഇളവുകള്‍ ഇല്ല. നേരെ കച്ചവടം തുടങ്ങുകയല്ല വേണ്ടത്. കട ആദ്യം ശുചീകരിക്കണം. വ്യാപാരികൾ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം.

മാധ്യമ സ്ഥാപനങ്ങള്‍ പിരിച്ചുവിടലും ശമ്പള നിഷേധവും ചെയ്യരുത്

ലോക്ഡൗൺ സാഹചര്യത്തിൽ മാധ്യമങ്ങൾക്ക് പരസ്യം ലഭിക്കുന്നില്ല. മാധ്യമപ്രവർത്തകർക്ക് രോഗഭീഷണി ഉണ്ട്. മറ്റു പല സംസ്ഥാനങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ മാധ്യമപ്രവർത്തകർക്ക് പരിശോധന നടത്തും. മാധ്യമ സ്ഥാപനങ്ങൾ പിരിച്ചുവിടലും ശമ്പള വെട്ടിക്കുറയ്ക്കലും നടപ്പാക്കരുതെന്ന് അഭ്യർഥിക്കുന്നു.

ഫീല്‍ഡില്‍ ഉള്ള മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗഭീഷണിയുണ്ട്. രാജ്യത്തിന്റെ മറ്റു പല സംസ്ഥാനങ്ങൡും റിപ്പോര്‍ട്ടര്‍മാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കേരളത്തില്‍ അത്തരമൊരു അവസ്ഥ ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ പരിശോധന ഉള്‍പ്പെടെയുള്ള ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും.

ആരോഗ്യപ്രവര്‍ത്തകരുമായി തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരാണ് പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍. രോഗഭീഷണിക്കിടയിലും നാട്ടിലിറങ്ങി വാര്‍ത്താ ശേഖരണം നടത്തുന്ന അവരുടെ സേവനം സ്തുത്യര്‍ഹമാണ്. അവര്‍ക്ക് വാര്‍ത്താ ശേഖരണത്തില്‍ തടസ്സം നേരിടുന്ന അനുഭവം ഉണ്ടാകരുതെന്ന് പോലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പി.ആര്‍.ഡി അടക്കമുള്ള സര്‍ക്കാര്‍ വകുപ്പുകള്‍ മാധ്യമങ്ങള്‍ക്ക് പരസ്യ കുടിശിക നല്‍കാനുണ്ട് എന്നത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അത് നല്‍കുന്നതിനായുള്ള നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയനാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ ആരും ചികിത്സയിലില്ല

വയനാട്, തൃശൂർ, ആലപ്പുഴ ജില്ലകളിൽ ആരും ചികിത്സയിലില്ല. സംസ്ഥാനത്ത് ആയുർ രക്ഷാ ക്ലിനിക്കുകൾ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. രോഗപ്രതിരോധ ഔഷധങ്ങളും ലഭ്യമാക്കുന്നുണ്ട്. സംസ്ഥാന, ജില്ലാ തലത്തിൽ കോവിഡ‍് റെസ്പോൺസ് സെല്ലുകൾ ആയുർവേദ മേഖലയിൽ ആരംഭിച്ചു. ആയുർവേദ– സിദ്ധ മേഖലയിലെ പ്രശ്നങ്ങൾ പരിശോധിച്ചു പരിഹരിക്കും. ക്ഷേമനിധി മേഖലയിലുള്ള തൊഴിലാളികൾക്ക് സഹായം നൽകിയിട്ടുണ്ട്.

കേന്ദ്രത്തിന്റെ പ്രശംസ

പ്രവാസികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ കേന്ദ്രസര്‍ക്കാരിന് സംതൃപ്തിയെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇക്കാര്യത്തില്‍ കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിയെ അഭിനന്ദനം അറിയിച്ചുവെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കേരളം സ്വീകരിച്ച നടപടികള്‍ മറ്റു സംസ്ഥാനങ്ങള്‍ മാതൃകയാക്കണമെന്ന് ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി.

ആര്‍.സി.സിയില്‍ എല്ലാ ശസ്ത്രക്രിയകളും പുനഃരാരംഭിച്ചു

റീജണല്‍ കാന്‍സര്‍ സെന്ററില്‍ എല്ലാ ശസ്ത്രക്രിയകളും പുനഃരാരംഭിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കോവിഡ് പരിശോധനയ്ക്ക് ശേഷമായിരിക്കും രോഗികളെ ശസ്ത്രക്രിയയ്ക്ക് വിധേയരാക്കുക. കോവിഡ് 19 അവലോകന യോഗത്തിന്‌ശേഷം തിരുവനന്തപുരത്ത് പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

'തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ശസ്ത്രക്രിയയ്ക്ക് മുന്‍പ് രേഗികള്‍ക്ക് കോവിഡ് പരിശോധന നടത്തും. കാന്‍സര്‍ ശസ്ത്രക്രിയയിലും ശസ്ത്രാക്രിയാനന്തര ഘട്ടത്തിലും ഉണ്ടാകുന്ന ശരീരസ്രവത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സ്പര്‍ശിക്കേണ്ടതായി വരും ഇതിലൂടെയുണ്ടാകുന്ന രോഗ പകര്‍ച്ചാ സാധ്യത മുന്നില്‍ കണ്ടാണ് ഇത്.

രോഗ പ്രതിരോധശേഷി കുറഞ്ഞ കാന്‍സര്‍ രോഗികളെ കൊറോണ വൈറസ് ബാധിച്ചാല്‍ വളരെ പെട്ടെന്ന് ഗുരുതരാവസ്ഥയിലാകും. എന്നാല്‍ കാന്‍സര്‍ ശസ്ത്രക്രിയ അടിയന്തര ശസ്ത്രക്രിയ അടിയന്തര സ്വഭാവമുള്ളതാണ്. അത് ഒരു ഘട്ടത്തിനപ്പുറം മാറ്റിവെക്കാന്‍ സാധിക്കില്ല. അതിനാല്‍ ആര്‍സിസിയില്‍ എല്ലാ കാന്‍സര്‍ ശസ്ത്രക്രിയകളും പുനരാരംഭിച്ചിട്ടുണ്ട്. ആര്‍സിസിയെ കോവിഡ് ലാബിന് ഐസിഎംആര്‍ അംഗീകാരം ലഭിക്കുന്നത് വരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കോവിഡ് ലാബിലായിരിക്കും ഈ രോഗികള്‍ക്കുള്ള കോവിഡ് പരിശോധന നടത്തുക. ആര്‍സിസിയിലെ ലാബിനെ വലിയ കാലതാമസമില്ലാതെ അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വയോജനങ്ങള്‍ക്കായി 'പ്രശാന്തി'

ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോജനങ്ങള്‍ക്കായി പ്രശാന്തിയെന്ന പേരില്‍ പുതിയ പദ്ധതി പോലീസ് നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒറ്റപ്പെടല്‍, ജീവിതശൈലീരോഗങ്ങള്‍, മരുന്നിന്റെ ലഭ്യത സംബന്ധിച്ച ആശങ്ക ഇത്തരത്തില്‍ വയോജനങ്ങള്‍ നേരിടുന്ന അരക്ഷിതാവസ്ഥയ്ക്ക് പരിഹാരം കാണുകയാണ് പദ്ധതിയുടെ ലക്ഷ്യം.

തീവ്രരോഗബാധിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍

സംസ്ഥാനത്തെ തീവ്ര രോഗബാധിത മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണ ലോക്ക് ഡൗണ്‍ റെഡ് സോണിലാകെ ബാധകമായിരിക്കും അതില്‍തന്നെയുള്ള പ്രത്യേക രോഗബാധിത പ്രദേശങ്ങളിലാവും കടുത്ത നിയന്ത്രണങ്ങളോടെയുള്ള ട്രിപ്പിള്‍ ലോക്ക്ഡൗണ്‍. കാസര്‍കോട് ജില്ലയില്‍ നടപ്പാക്കിയതുപോലെ ഇത് മറ്റുജില്ലകളിലും നടപ്പാക്കും.

അത്തരം പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. ആ വഴിയില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പരിശോധനയുുണ്ടാകും. ഒരു പ്രദേശത്തേക്ക് പല വഴിയില്‍ എത്താന്‍ കഴിയുന്ന സാഹചര്യം നിലവിലുണ്ട്. എന്നാല്‍, ഇത്തരം പ്രദേശങ്ങളിലെ ചില വഴികള്‍ അടച്ചതായി കാണുമ്പോള്‍ ക്ഷോഭിക്കേണ്ട കാര്യമില്ല. സഹകരിക്കുകയാണ് വേണ്ടതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

തമിഴ്‌നാട്ടില്‍ നാളെ മുതല്‍ ചൊവ്വാഴ്ചവരെ 60 മണിക്കൂര്‍ നേരത്തേക്ക് കടുത്ത ലോക്ക്ഡൗണ്‍ നടപ്പാക്കുന്ന പശ്ചാത്തലത്തില്‍ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കും. വാഹനങ്ങളൊന്നും തമിഴ്‌നാട്ടിലേക്ക് കടത്തി വിടില്ല. ഒരു വാഹനവും കടത്തി വിടില്ലെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ പറയുന്നതത്. ചരക്ക് വാഹനങ്ങളും ഇതില്‍ ഉള്‍പ്പെടുമോയെന്ന് പ്രത്യേകം പരിശോധിക്കുമെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.