LiveTV

Live

Kerala

വാളയാര്‍ കേസില്‍ ഡി.വൈ.എസ്.പി സോജന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

ഭാവിയിൽ ഇത്തരം ഒരു കേസും അന്വേഷിക്കാൻ ഈ ഉദ്യോഗസ്ഥനെ ഏൽപ്പിക്കരുതെന്നും കമ്മീഷൻ ശിപാർശ ചെയുന്നുണ്ട്.

വാളയാര്‍ കേസില്‍ ഡി.വൈ.എസ്.പി സോജന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്

വാളയാര്‍ കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്.പി സോജന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. കേസ് ആദ്യം അന്വേഷിച്ച വാളയാര്‍ എസ്.ഐ ചാക്കോക്ക് ഗുരുതരവീഴ്ച സംഭവിച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചു. എസ്.ഐ ചാക്കോക്കെതിരെ വകുപ്പു തല നടപടിക്ക് കമ്മീഷന്‍ ശിപാര്‍ശ ചെയ്തു. എന്നാല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധ്യക്ഷനായിരുന്ന അഡ്വ. എന്‍ രാജേഷ് കേസില്‍ നടത്തിയ ഇടപെടലിനെ കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമേയില്ല.

മൂന്നര മാസം കൊണ്ടാണ് വാളയാർ കേസിലെ ഉദ്യോഗസ്ഥരുടെ വീഴ്ച്ച സംബന്ധിച്ച അന്വേഷണം നടത്തി ജുഡിഷ്യൽ കമ്മീഷൻ റിപ്പോർട്ട് സർക്കാറിന് കൈമാറിയത്. കേസ് അന്വേഷിച്ച എസ്.ഐ പി.സി ചാക്കോക്കെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോർട്ടിലുള്ളത്. നേരിട്ടുള്ളതും, ശാസ്ത്രീയമായതുമായ തെളിവുകൾ എസ്.ഐ ഇല്ലാതാക്കി. ആദ്യ പെൺകുട്ടി മരിച്ച സമയത്ത് രണ്ടാമത്തെ കുട്ടിയുടെ മൊഴി എടുക്കാൻ പോലും എസ്.ഐ തയ്യറായില്ല. രണ്ടാമത്തെ കുട്ടി ലൈംഗികമായി പീഡിപ്പിക്കപെട്ടു എന്ന് ബോധ്യമായിട്ടും വിവരം ചൈൽഡ് ലൈനിനെ അറിയിച്ചില്ല. ശാസ്ത്രീയ തെളിവുകൾ ആവാൻ സാധ്യതയുള്ള ആദ്യ പെൺകുട്ടിയുടെ വസ്ത്രങ്ങൾ പോലും കസ്റ്റഡിയിലെത്തില്ല. അമ്മയുടെ മൊഴി രേഖപെടുത്താത്തത് ഗുരുതര വീഴച്ചയാണെന്നും കമ്മീഷൻ നിരീക്ഷിച്ചു.

ഭാവിയിൽ ഇത്തരം ഒരു കേസും അന്വേഷിക്കാൻ ഈ ഉദ്യോഗസ്ഥനെ ഏൽപ്പിക്കരുതെന്നും കമ്മീഷൻ ശിപാർശ ചെയുന്നുണ്ട്. എസ്.ഐക്കെതിരെ വകുപ്പ് തല നടപടിയും സ്വീകരിക്കണം. എന്നാൽ പിന്നീട് കേസ് അന്വേഷിച്ച ഡി.വൈ.എസ്.പി സോജന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് ബോധപൂർവ്വമായ വീഴ്ച്ച സംഭവിച്ചിട്ടില്ലെന്നാണ് കമ്മീഷന്‍റെ കണ്ടെത്തൽ. പ്രതികളെ കോടതിയിൽ വിസ്തരിക്കുന്നതിൽ പ്രോസിക്യൂട്ടർമാര്‍ പരാജയപ്പെട്ടു. പ്രോസിക്യൂട്ടർമാർ കേസ് വേണ്ട രീതിയിൽ പഠിച്ചില്ലെന്നും കമ്മീഷൻ റിപ്പോർട്ടിലുണ്ട്. വാളയാർ കേസിൽ അട്ടിമറിക്കുന്നതിൽ CWC ചെയർമാനായ എൻ.രാജേഷ് ഇടപെട്ടത് ഏറെ വിവാദമായിരുന്നു. എന്നാൽ ഈ വിഷയത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് മൌനം പാലിക്കുന്നു.

വിവാദമായ കേസുകൾ വാദിക്കാൻ പ്രോസിക്യൂട്ടർമാർക്ക് പരിശീലനം നൽകണം, കുറ്റപത്രം കോടതിയിൽ സമർപ്പിക്കും മുമ്പ് മികച്ച ക്രിമിനൽ അഭിഭാഷകരെയോ, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥനെയോ കാണിക്കണമെന്നും ജുഡിഷ്യൽ കമ്മീഷൻ ശിപാർശ ചെയ്തു. കമ്മീഷന്‍ റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് സര്‍ക്കാരിന് കൈമാറിയത്.