LiveTV

Live

Kerala

കോട്ടയത്ത് കനത്ത ജാഗ്രത; 25 പേരെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റി

കോട്ടയത്ത് കനത്ത ജാഗ്രത; 25 പേരെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റി

വീണ്ടും കോവിഡ് സ്ഥിരീകരിച്ചതോടെ കോട്ടയം ജില്ലയില്‍ കനത്ത ജാഗ്രത. പ്രതിരോധ നടപടികളുടെ ഭാഗമായി ജില്ലയിലെ മൊത്തവ്യാപാര മാര്‍ക്കറ്റുകളുടെ പ്രവര്‍ത്തനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കോവിഡ് ബാധിതനുമായി ബന്ധപ്പെട്ടിട്ടുള്ള 25 പേരെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റിയിട്ടുണ്ട്. അന്‍പതിലധികം പേരുടെ സാമ്പിളുകള്‍ പരിശോധനയ്ക്കും അയച്ചു.

ഇന്നലെ മുതല്‍ കനത്ത സുരക്ഷയാണ് കോട്ടയം നഗരത്തിലുള്ളത്. വിജയപുരം, പനച്ചിക്കാട് പഞ്ചായത്തുകള്‍ക്ക് പുറമേ കോട്ടയം നഗരസഭയും ഹോട്ട് സ്പോട്ടായി പ്രഖ്യാപിച്ചു. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കേസുകള്‍ എടുത്ത് തുടങ്ങിയിട്ടുണ്ട്. കോവിഡ് സ്ഥിരീകരിച്ച ചുമട്ട് തൊഴിലാളിയുമായി ബന്ധപ്പെട്ടവരെ കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് ജില്ല ഭരണകൂടം. ഇയാളുമായി നേരിട്ട് ഇടപ്പെട്ട 25 പേരെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റി. വീടുകളില്‍ ക്വാറന്റൈന്‍ ചെയ്യാന്‍ സാധിക്കാത്തതിനാലാണ് നടപടി. അന്‍പതിലധികം പേരുടെ സാമ്പിളുകളും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് നിന്നെത്തിയ ആരോഗ്യ പ്രവര്‍ത്തകന്റെ റൂട്ട്മാപ്പ് പുറത്ത് വിട്ടിട്ടുണ്ട്. രോഗവ്യാപനം തടയാനുള്ള എല്ലാ നടപടികളും ജില്ലാ ഭരണകൂടം ഊര്‍ജ്ജിതമാക്കി.

കോട്ടയം മാര്‍ക്കറ്റില്‍ കോവിഡ് സ്ഥിരീകരിച്ചതോടെ മൊത്തവ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മറ്റ് മാര്‍ക്കറ്റുകളിലെ ഇടപാടുകള്‍ക്ക് കൃത്യമായ മാനദണ്ഡവും നിശ്ചയിച്ചു. 43 പേരെ ഇന്നലെ ഹോം ക്വാറന്റൈന്‍ ചെയ്തു. ഇതോടെ 239 ആയി ഹോം ക്വാറന്റൈനിലുള്ളവരെ എണ്ണം വര്‍ദ്ധിച്ചു. 726 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചപ്പോള്‍ 652 നെഗറ്റീവാണ്. ഫലം ലഭിക്കാനുള്ള 57 സാമ്പിളുകള്‍ നിര്‍ണ്ണായകമാണ്.