LiveTV

Live

Kerala

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടില്ലെന്ന് മന്ത്രി

നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്തണമെങ്കില്‍ സര്‍ക്കാര്‍ സഹായം വേണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ശുപാര്‍ശ നല്‍കിയിട്ടില്ലെന്ന് മന്ത്രി

ബസ് ചാര്‍ജ് വര്‍ധിപ്പിക്കാന്‍ ഗതാഗത വകുപ്പ് ശുപാര്‍ശ നല്‍കിയിട്ടില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍. ഗതാഗത വകുപ്പിന് ഏകപക്ഷീയമായി ചാര്‍ജ് വര്‍ധിപ്പിക്കാനുള്ള തീരുമാനമെടുക്കാനാകില്ല. ജ.രാമചന്ദ്രന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പരിഗണിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാകൂ. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം യഥാസമയം നല്‍കാനാകുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു.

അതേസമയം ബസ് ഉടമകളുടെ ആവശ്യങ്ങള്‍ മന്ത്രി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്തണമെങ്കില്‍ സര്‍ക്കാര്‍ സഹായം വേണമെന്ന് ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഗതാഗത മന്ത്രി മുഖ്യമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിച്ചത്.

സാമൂഹ്യ അകലം പാലിക്കുന്നതിന്‍റെ ഭാഗമായി ഒരു സീറ്റില്‍ ഒരാള്‍ എന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ അംഗീകരിച്ച് ബസ് സര്‍വ്വീസ് നടത്തിയാല്‍ വലിയ നഷ്ടമായിരിക്കുമെന്ന് ബസ് ഉടമകള്‍ നേരത്തെ അറിയിച്ചിരുന്നു. ബസ് ഓടിക്കാനുള്ള ഇന്ധനത്തിനുള്ള പണം പോലും കിട്ടില്ലെന്ന് ബസ് ഉടമകള്‍ ചൂണ്ടിക്കാട്ടുന്നു. റോഡ്, ഇന്ധന നികുതിയില്‍ ഇളവ് വേണമെന്നും സര്‍ക്കാര്‍ സഹായം വേണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. ഇക്കാര്യങ്ങളാണ് ഗതാഗതമന്ത്രി മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.