LiveTV

Live

Kerala

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാലറി കട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ ഓരോ മാസവും ആറ് ദിവസത്തെ വീതം ശമ്പളമാണ് പിടിക്കുന്നത്. 20000ല്‍ താഴെ ഗ്രോസ് സാലറിയുള്ള ജീവനക്കാരില്‍ നിന്ന് പണം പിടിക്കില്ല. 

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാലറി കട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സാലറി കട്ട് ചെയ്യാനുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ ഓരോ മാസവും ആറ് ദിവസത്തെ വീതം ശമ്പളമാണ് പിടിക്കുന്നത്. 20000 ല്‍ താഴെ ഗ്രോസ് സാലറിയുള്ള ജീവനക്കാരില്‍ നിന്ന് പണം പിടിക്കില്ല. എന്നാല്‍ പിടിക്കുന്ന പണം തിരികെ നല്‍കുന്നതിനെ കുറിച്ച് ഉത്തരവില്‍ പറയുന്നില്ല.

സര്‍ക്കാര്‍ സഞ്ചിതനിധിയില്‍ നിന്ന് ശമ്പളം വാങ്ങുന്ന ജീവനക്കാരുടേയും എയ്ഡഡ് മേഖലയില്‍ ഉള്‍പ്പെടെയുള്ള അധ്യാപകരുടേയും മാസ ശമ്പളത്തില്‍ നിന്ന് ആറ് ദിവസത്തെ സാലറിയാണ് സര്‍ക്കാര്‍ പിടിക്കുന്നത്. ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ ഇത് വിതരണം ചെയ്യാതെ മാറ്റി വെയ്ക്കും.

20000 രൂപയില്‍ താഴെ ശമ്പളം വാങ്ങുന്ന പാര്‍ട് ടൈം കാഷ്യല്‍ സ്വീപ്പര്‍മാര്‍, ലാസ്റ്റ് ഗ്രേഡ് ജീവനക്കാര്‍, ദിവസവേതന, താത്കാലിക, കണ്‍സോളിഡേറ്റഡ് ജീവനക്കാര്‍, കരാര്‍ തൊഴിലാളികള്‍ എന്നിവരില്‍ നിന്ന് ശമ്പളം പിടിക്കില്ല. പൊതു മേഖല സ്ഥാപനങ്ങള്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍‌, തദ്ദേശ സ്ഥാപനങ്ങള്‍ ക്ഷേമനിധികള്‍, വിവിധ കമ്മീഷനുകള്‍ എന്നിവരില്‍ നിന്ന് പണം ഈടാക്കും. ഈടാക്കുന്ന പണം പ്രത്യേക സ്പെഷ്യല്‍ ട്രഷറി സേവിങ്സ് അക്കൌണ്ടില്‍ നിക്ഷേപിക്കണമെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. മന്ത്രിമാര്‍, എംഎല്‍എമാര്‍, തദ്ദേശ സ്ഥാപന ജനപ്രതിനിധികള്‍ എന്നിവരുടെ ശമ്പളം 30 ശതമാനം കുറവ് ചെയ്യുന്നതായും ഉത്തരവിലുണ്ട്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം ഇതിനോടകം സംഭാവന ചെയ്ത ജീവനക്കാര്‍ക്ക് ഉത്തരവ് ബാധകമല്ല. നിലവില്‍ ഉപജീവന ബത്ത വാങ്ങുന്ന താത്കാലിക ജീവനക്കാരെ താത്കാലികമായി ശമ്പളം പിടിക്കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സസ്പെന്‍ഷന്‍ കഴിയുന്ന മുറക്ക് ഇവരില്‍ നിന്ന് പണം ഈടാക്കും. ജീവനക്കാരില്‍ നിന്ന് ഈടാക്കുന്ന പണം തിരികെ നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞിരുന്നെങ്കിലും ഇപ്പോഴിറങ്ങിയ ഉത്തരവില്‍ ഇതേകുറിച്ച് ഒന്നും പറയുന്നില്ല.