LiveTV

Live

Kerala

സ്പ്രിന്‍ക്ലര്‍ വിവാദത്തിലും ബിജെപിയില്‍ പോര് ‍: വിജിലന്‍സ് അന്വേഷണം വേണമെന്ന് സുരേന്ദ്രന്‍, സിബിഐ അന്വേഷണം വേണമെന്ന് എം.ടി രമേശ്

വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന അധ്യക്ഷന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് , സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് രംഗത്ത് വന്നു.

സ്പ്രിന്‍ക്ലര്‍ വിവാദത്തിലും ബിജെപിയില്‍ പോര് ‍: വിജിലന്‍സ് അന്വേഷണം വേണമെന്ന് സുരേന്ദ്രന്‍, സിബിഐ അന്വേഷണം വേണമെന്ന് എം.ടി രമേശ്

സ്പ്രിന്‍ക്ലര്‍ വിവാദത്തിലെ അന്വേഷണത്തെ ചൊല്ലി ബിജെപിയില്‍ ഭിന്നത. വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന അധ്യക്ഷന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ,സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് രംഗത്ത് വന്നു. മുഖ്യമന്ത്രിക്കെതിരായ അഴിമതി ആരോപണം മുഖ്യമന്ത്രിയുടെ കീഴിലെ വകുപ്പ് തന്നെ അന്വേഷിച്ചാല്‍ മതിയെന്ന സംസ്ഥാന പ്രസിഡന്റിന്റെ ആവശ്യം ബിജെപിയില്‍ രൂക്ഷമായ തര്‍ക്കത്തിനിടയാക്കി.

വിഷയം ചര്‍ച്ചയായതോടെ വിഷയത്തില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്റെ നിലപാട് മാറ്റി. വിഷയത്തില്‍ സിബിഐ അന്വേഷണം വേണമെന്നും തനിക്കെതിരായ വിമര്‍ശനങ്ങള്‍ കാര്യം മനസിലാക്കാതെയാണെന്നുമായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. രമേശ് ചെന്നിത്തല ഹൈക്കോടതിയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടാത്തതില്‍ ദുരൂഹതയെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായി മറുവിഭാഗത്തിനുള്ള അതൃപ്തി സ്പ്രിന്‍ക്ലര്‍ വിവാദത്തിലേക്ക് കൂടി നീങ്ങുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഫേസ്‍ബുക്കിലൂടെ എം.ടി രമേശ് നടത്തിയ പ്രതികരണം. വിജിലന്‍സ് അന്വേഷണമെന്ന കെ സുരേന്ദ്രന്റെ നിലപാട് അപ്രായോഗ്യമാണെന്ന വാദം കൂടി വരികള്‍ക്കിടയിലൂടെ എം.ടി രമേശ് മുന്നോട്ട് വെയ്ക്കുന്നു. രാജ്യാന്തര ബന്ധമുള്ള ഇടപാടിലെ കള്ളക്കളികള്‍ കണ്ടെത്താന്‍ ശേഷിയുള്ളത് സിബിഐക്കും എന്‍ഐഎയ്ക്കും മാത്രമാണ്. അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നതെന്നും ഫേസ്‍ബുക്ക് പോസ്റ്റില്‍ രമേശ് വിശദീകരിച്ചു. ചികിത്സയ്ക്കായി പിണറായി വിജയന്‍ നടത്തിയ അമേരിക്കന്‍ യാത്രകള്‍ ഫലത്തില്‍ സംസ്ഥാനത്തിന് മാറാരോഗം സമ്മാനിച്ചുവെന്നും അതിനുള്ള മരുന്ന് സിബിഐ കണ്ടെത്തട്ടെയെന്നും രമേശ് പറയുന്നു.

മറ്റേത് ചികിത്സാ രീതിയും ഓപ്പറേഷന്‍ വിജയകരം രോഗി മരിച്ചു എന്ന അവസ്ഥയാകുമെന്ന് പറഞ്ഞ് വെയ്ക്കുന്നതിലൂടെ കെ സുരേന്ദ്രന്‍റെ വിജിലന്‍സ് അന്വേഷണമെന്ന ആവശ്യത്തെ പരസ്യമായി തള്ളികളയുന്നത് കൂടിയായി മാറി. സ്പ്രിന്‍ക്ലര്‍ വിവാദത്തിലൂടെ പ്രതിപക്ഷത്ത് യുഡിഎഫ് നേട്ടമുണ്ടാക്കിയപ്പോള്‍ ബിജെപി കാഴ്ചക്കാരുടെ റോളിലായിരുന്നുവെന്ന വിമര്‍ശനം കെ സുരേന്ദ്രനെ ലക്ഷ്യമിട്ട് മറുവിഭാഗം ഉയര്‍ത്തുന്നുണ്ട്.

എം ടി രമേശിന്റെ ഫേസ്‍ബുക്ക് പോസ്റ്റിലൂടെയുള്ള പരസ്യ വിമര്‍ശനത്തിന് പിന്നിലും ലക്ഷ്യം വെയ്ക്കുന്നത് സുരേന്ദ്രനെ തന്നെയെന്നതും വ്യക്തമാണ്. എന്നാല്‍ സിബിഐ അന്വേഷണം ആവശ്യമുള്ളവര്‍ കോടതിയില്‍ പോകട്ടേയെന്നാണ് സുരേന്ദ്രന്‍ പക്ഷത്തിന്റെ നിലപാട്.