LiveTV

Live

Kerala

കരാറില്‍ അവ്യക്തതയുണ്ടെന്ന് സിപിഐ: സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ കാനം രാജേന്ദ്രന്‍ കോടിയേരിയെ അതൃപ്തി അറിയിച്ചു

മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ കരാറുണ്ടാക്കിയത് ശരിയായില്ലെന്ന് സിപിഐ. ഐ ടി സെക്രട്ടറി, കാനവുമായി ചര്‍ച്ച നടത്തി.

കരാറില്‍ അവ്യക്തതയുണ്ടെന്ന് സിപിഐ: സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ കാനം രാജേന്ദ്രന്‍ കോടിയേരിയെ അതൃപ്തി അറിയിച്ചു

സ്പ്രിന്‍ക്ലര്‍ കരാറില്‍ അതൃപ്തിയുമായി സിപിഐ. കാനം രാജേന്ദ്രന്‍ കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി. കരാറില്‍ അവ്യക്തതയുണ്ട്. കരാറുണ്ടാക്കുന്നതിന് മുമ്പ് ഇക്കാര്യം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. ഡാറ്റാ ശേഖരണത്തിലെ ഇടത് നിലപാടിന് വിരുദ്ധമാണ് കരാറെന്നും കാനം കോടിയേരിയെ ധരിപ്പിച്ചു.

വ്യക്തികളുടെ ഡാറ്റ സംബന്ധിച്ചുള്ള ഇടത് നയത്തിന് വിരുദ്ധമായിട്ടാണ് കരാര്‍. മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തി എടുത്ത തീരുമാനം ശരിയല്ല എന്നീ രണ്ട് കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കാനം, കോടിയേരിയെ അതൃപ്തി അറിയിച്ചത്. എ.കെ.ജി സെന്ററില്‍ നേരിട്ടെത്തിയാണ് കാനം കോടിയേരിയെ കണ്ടത്. ഇന്നലെ വൈകീട്ടായിരുന്നു കൂടിക്കാഴ്ച. ഇടപാട് സംബന്ധിച്ച പരിശോധന നടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതലപ്പെടുത്തിയ രണ്ടംഗ സമിതിയോടും സിപിഐ വിയോജിപ്പ് അറിയിച്ചു.

മന്ത്രിസഭാ യോഗത്തില്‍ കരാര്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ സിപിഐ മന്ത്രിമാര്‍ക്ക് ഇക്കാര്യത്തിലെ നിലപാട് രേഖപ്പെടുത്തുമായിരുന്നുവെന്ന് കാനം കോടിയേരിയെ അറിയിച്ചു.

സംസ്ഥാനം ഒറ്റക്കെട്ടായി കൊറോണയെ നേരിടുന്ന ഘട്ടത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നത് ശരിയല്ല. തങ്ങളുടെ ഇതുസംബന്ധിച്ച നിലപാട് വ്യക്തമാക്കുകയാണെന്നും കാനം അറിയിച്ചു.

അതിനിടെ ഐടി സെക്രട്ടറി ശിവശങ്കരനും കാനത്തെ കണ്ടു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമായിരുന്നു ഈ കൂടിക്കാഴ്ച. ഇന്നലെ രാവിലെ 11 മണിയോടെയാണ് ഐടി സെക്രട്ടറി ശിവശങ്കർ എം എൻ സ്മാരകത്തിലെത്തി കാനത്തെ കണ്ടത്. കരാറുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. കരാർ സുതാര്യമാണെന്നും സർക്കാരിന് സാമ്പത്തിക ബാധ്യത ഇല്ല എന്നതടക്കം നേരത്തെ മാധ്യമങ്ങളോട് വിശദീകരിച്ച കാര്യങ്ങൾ എല്ലാം ഐടി സെക്രട്ടറി കാനത്തോടും പറഞ്ഞു. കരാറുമായി ബന്ധപ്പെട്ട നിയമനടപടികൾ അമേരിക്കൻ കോടതിയുടെ പരിധിയിൽ ആയതടക്കമുള്ള പ്രശ്നങ്ങൾ കാനം ചൂണ്ടിക്കാട്ടി.