LiveTV

Live

Kerala

പള്ളികള്‍ വിജനം;  വീടകങ്ങളിലേക്ക് ഒതുങ്ങി ഇത്തവണത്തെ നോമ്പുകാലം

അ‍ടഞ്ഞുകിടക്കുന്ന പള്ളികളും സമൂഹ നോമ്പുതുറകളുള്‍പ്പെടെ നടത്താനാകാത്തതും മിക്കയാളുകളുടെയും ജീവിതത്തിലെ ആദ്യ അനുഭവമാണ്.  

പള്ളികള്‍ വിജനം;  വീടകങ്ങളിലേക്ക് ഒതുങ്ങി ഇത്തവണത്തെ നോമ്പുകാലം

ജീവിതത്തിന്റെ മുഴുവന്‍ മേഖലകളെയും പിടിച്ചുലച്ച കോവിഡ് കാലത്താണ് റമദാന്‍ വിശ്വാസിയെ തേടിയെത്തുന്നത്. അ‍ടഞ്ഞുകിടക്കുന്ന പള്ളികളും സമൂഹ നോമ്പുതുറകളുള്‍പ്പെടെ നടത്താനാകാത്തതും മിക്കയാളുകളുടെയും ജീവിതത്തിലെ ആദ്യ അനുഭവമാണ്. പരിമിതികള്‍ ഉള്‍ക്കൊണ്ടു തന്നെ വീടകങ്ങളെ ഭക്തിസാന്ദ്രമാക്കി റമദാനിനെ വരവേല്‍ക്കുകയാണ് വിശ്വാസികള്‍.

അങ്ങനെയൊരു പരീക്ഷണക്കാലത്ത് പുണ്യങ്ങളുടെ പൂക്കാലം വീണ്ടും വിശ്വാസിയെ തേടി വിരുന്നിന് വന്നു.. കദനഭാരത്താല്‍ വിങ്ങിപ്പൊട്ടിയ മസ്ജിദുകളുടെ മിനാരങ്ങള്‍ റംസാന്‍ ചന്ദ്രികയുടെ അമ്പിളിക്കീറിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. ആത്മീയാനന്ദത്തിന്റെ ആഹ്ലാദാരവങ്ങളാല്‍ ആരാധനാലയങ്ങള്‍ പൂത്തുലഞ്ഞുനില്‍ക്കേണ്ടിയിരുന്ന മുപ്പത് ദിനരാത്രങ്ങള്‍.

ഓര്‍മ്മകളിലെവിടെയും പള്ളികളില്‍ ആളനക്കമില്ലാത്തൊരു റമദാനില്ല.. ഇഅ്തികാഫുകളിലലിയാത്ത രാപകലുകളില്ല.. സമൂഹനോമ്പുതുറയുടെ മാധുര്യമില്ലാത്ത സായാഹ്നങ്ങളില്ല.. തറാവീഹിനാല്‍ മുഖരിതമാകാത്ത രാവുകളില്ല. വിജനമായ പള്ളിത്തളങ്ങള്‍ വിട്ട് റമദാന്‍ വീടകങ്ങളിലേക്ക് കുടിയേറുന്നു..

ക്ഷമയുടെയും സഹനത്തിന്‍റെയും മാസമാണ്.. വിശപ്പിന്‍റെയും ത്യാഗത്തിന്‍റെയും പകലിരവുകളാണ്.. പരിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായതും ആ മുപ്പത് ദിനങ്ങളിലൊന്നിലാണ്..

ജോലിത്തിരക്കുകളില്ലാതെ വീടകങ്ങളില്‍ ഒതുങ്ങിക്കഴിയേണ്ടതിനാല്‍ തന്നെ ഖുര്‍ആന്‍ പാരായണത്തിന് വിശ്വാസിക്ക് കൂടുതല്‍ സമയം കണ്ടെത്താം. തെറ്റുകള്‍ പൊറുക്കപ്പെടുന്ന രാവുകളാണതിലേറെയുമെന്ന് ദൈവത്തിന്‍റെ വാക്കാണ്. ഓദ്യോഗിക ഉത്തരവാദിത്തങ്ങളൊന്നും അലട്ടാനില്ലാത്തതിനാല്‍ ഓരോ രാവുകളും ഭക്തിസാന്ദ്രമാക്കാം. കണ്ണുനീര്‍ വീണ് നനഞ്ഞ മുസല്ലകള്‍ ഹൃദയങ്ങളെ ശുദ്ധീകരിക്കുകയും വൈറസുകളെ കരിച്ചുകളയുകയും ചെയ്യട്ടെ.. ആഡംബരങ്ങളും സുഭിക്ഷതയുമില്ലാതെ കറകളഞ്ഞൊരു നോമ്പുതുറയൊരുങ്ങട്ടെ..

പള്ളികളിലെത്താനാകാത്തതിന്‍റെ വിഷമം സക്കാത്തും സദഖയും അധികരിപ്പിച്ച് മറികടക്കണം.. പങ്കുവെക്കലിന്‍റെ ധാരാളിത്തം കൊണ്ട് കഷ്ടപ്പെട്ടവന്‍റെ ഉള്ളങ്ങള്‍ നിറഞ്ഞുതുളുമ്പ‌ണം... അവസാനത്തെ പത്തിലെ ഒറ്റയിട്ട രാവുകളിലെവിടെയോ ആയിരം മാസങ്ങളെക്കാള്‍ പ്രതിഫലമുള്ളൊരു അപൂര്‍വ സൌഭാഗ്യം കാത്തിരിപ്പുണ്ടെന്നതിന് ഖുര്‍ആന്‍ സാക്ഷ്യമാണ്..

സാധ്യതയുള്ള രാവുകള്‍ക്ക് മാത്രമായി കാത്തുനില്‍ക്കാതെ എല്ലാ രാവുകളും ആരാധനകളിലര്‍പ്പിച്ച് ലൈലത്തുല്‍ ഖദ്റിനെ ഏറ്റുവാങ്ങണം.. പള്ളികളേക്കാള്‍ പ്രകാശിതമാകുന്ന മനുഷ്യഭവനങ്ങള്‍ കണ്ട് ഒന്നാനാകാശത്തേക്കിറങ്ങി വരുന്ന മാലാഖമാരുടെ മനംനിറയട്ടെ. സഹനത്തിന്‍റെയും ത്യാഗത്തിന്‍റെയും പകലിരവുകള്‍ക്കവസാനം മഹാമാരിയുടെയും അന്ത്യം കുറിക്കപ്പെടട്ടെ. ആശ്വാസത്തിന്‍റെയും സന്തോഷത്തിന്‍റെയും വീണ്ടെടുപ്പുകളുമായി പുതിയൊരു പെരുന്നാള്‍ പിറ പടിഞ്ഞാറെ മാനത്ത് ഉദിച്ചുയരട്ടെ...