LiveTV

Live

Kerala

വയനാട്ടില്‍ ജോലി ചെയ്യുന്ന മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ദിവസവും പോയി വരുന്നതിനു അനുവാദം നല്‍കില്ലെന്ന് ജില്ലാ കലക്ടര്‍

പ്രായമായവര്‍ ആവശ്യമില്ലാതെ പുറത്തിറങ്ങിയാല്‍ കുടുംബത്തിനെതിരെ നടപടിയെടുക്കും. ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി വയനാട്ടിലെ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി.

വയനാട്ടില്‍ ജോലി ചെയ്യുന്ന മറ്റു ജില്ലകളില്‍ നിന്നുള്ളവര്‍ക്ക് ദിവസവും പോയി വരുന്നതിനു അനുവാദം നല്‍കില്ലെന്ന് ജില്ലാ കലക്ടര്‍

ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായി വയനാട്ടിലെ ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി. മറ്റു ജില്ലകളില്‍ നിന്ന് വയനാട്ടില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ദിവസവും വീട്ടില്‍ പോയി വരുന്നതിനു അനുവാദം നല്‍കില്ലെന്ന് ജില്ലാ കലക്ടര്‍ ഡോ.അദീല അബ്ദുള്ള പറഞ്ഞു. പ്രായമായവര്‍ ആവശ്യമില്ലാതെ പുറത്തിറങ്ങിയാല്‍ കുടുംബത്തിനെതിരെ നടപടിയെടുക്കുമെന്നും കലക്ടര്‍ അറിയിച്ചു.

വയനാട് ജില്ലയിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ തുടര്‍ന്ന് വരുന്ന കര്‍ശന പരിശോധനകളില്‍ യാതൊരു വിധ ഇളവുകളും വരുത്തിയിട്ടില്ല. നേരത്തെ ഉണ്ടായിരുന്ന ഇളവുകള്‍ എടുത്തു കളയുന്നതായും ജില്ലാ കലക്ടര്‍ അറിയിച്ചു. സ്ഥിരമായി ജില്ലക്ക് പുറത്തേക്കും തിരിച്ചും യാത്രചെയ്യാന്‍ ആരെയും അനുവദിക്കില്ല. ഇനിമുതല്‍ മോട്ടോര്‍വാഹന വകുപ്പ് കൂടി ജില്ലാ അതിര്‍ത്തികളില്‍ പരിശോധനക്കുണ്ടാവും.

ചരക്കുനീക്കത്തിന് തടസ്സമില്ല. ഹോട്ട്‌സ്‌പോട്ട് ജില്ലകളില്‍ നിന്നൊഴികെ മറ്റു ജില്ലകളില്‍ നിന്ന് സിമന്റ് കൊണ്ടുവരാന്‍ അനുമതിയുണ്ട്. ഒറ്റയ്ക്ക് താമസിക്കുന്ന പ്രായാധിക്യമുള്ളവരുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് ഫയര്‍ഫോഴ്‌സിനെയോ പോലീസിനെയോ ബന്ധപ്പെടാവുന്നതാണ്. അറുപത്തഞ്ച് വയസ്സിന് മുകളിലുള്ളവര്‍ അത്യാവശ്യ കാര്യങ്ങളൊന്നുമില്ലാതെ പുറത്തിറങ്ങി നടന്നാല്‍ വീട്ടുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. ‌