LiveTV

Live

Kerala

കോഴിക്കോട് ജില്ലയില്‍ തമിഴ്‌നാട് സ്വദേശി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

ജില്ലയില്‍ 20,062 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി

കോഴിക്കോട് ജില്ലയില്‍ തമിഴ്‌നാട് സ്വദേശി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയില്‍ ഇന്ന് ഒരു തമിഴ്‌നാട് സ്വദേശി ഉള്‍പ്പടെ രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശികളുടെ ആകെ എണ്ണം 23 ആയി. ഇവരില്‍ 11 പേര്‍ രോഗമുക്തരായിട്ടുണ്ട്. 13 പേരാണ് ചികിത്സയില്‍ തുടരുന്നത്. ഇതുകൂടാതെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗം സ്ഥിരീകരിച്ച 6 ഇതര ജില്ലക്കാരില്‍ 4 പേര്‍ രോഗമുക്തി നേടി. ഒരു മലപ്പുറം സ്വദേശിയും ഒരു കണ്ണൂര്‍ സ്വദേശിയും ചികിത്സയിലുണ്ട്. കൂടാതെ, ഇന്ന് രോഗം സ്ഥിരീകരിച്ച തമിഴ്‌നാട് സ്വദേശിയും ചികിത്സയിലുണ്ട്.

ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ 33 കാരനായ അഴിയൂര്‍ സ്വദേശിയാണ്. മാര്‍ച്ച് 20 ന് ദുബായിയില്‍ നിന്നും നെടുമ്പാശ്ശേരി വഴി വന്ന് ഹോം ക്വാറന്റൈനില്‍ കഴിഞ്ഞു വരികയായിരുന്നു. രണ്ടാമത്തെയാള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിനടുത്തുള്ള അഗതി മന്ദിരത്തില്‍ കഴിയുന്ന 67 വയസ്സുള്ള തമിഴ്‌നാട് സ്വദേശിയാണ്. രണ്ടു പേരും ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. ഇരുവരുടെയും ആരോഗ്യ നില തൃപ്തികരമാണ്.

ജില്ലയില്‍ ഇന്ന് 1052 പേര്‍ കൂടി വീടുകളില്‍ നിരീക്ഷണം പൂര്‍ത്തിയാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ വി അറിയിച്ചു. ഇതോടെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയവരുടെ ആകെ എണ്ണം 20,062 ആയി. നിലവില്‍ 2770 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് പുതുതായി വന്ന 15 പേര്‍ ഉള്‍പ്പെടെ ആകെ 36 പേരാണ് ആശുപത്രിയില്‍ നിരീക്ഷണത്തിലുള്ളത്. 7 പേരെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തു. ഇന്ന് 24 സ്രവ സാംപിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ആകെ 771 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 745 എണ്ണത്തിന്റെ ഫലം ലഭിച്ചു. ഇതില്‍ 715 എണ്ണം നെഗറ്റീവ് ആണ്. ഇനി 26 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.