LiveTV

Live

Kerala

സംസ്ഥാനത്ത് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; എട്ട് പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത്  10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; എട്ട് പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് പുതിയതായി 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ട് പേര്‍ കോവിഡ് രോഗമുക്തി നേടി. ഇടുക്കിയില്‍ 4 പേര്‍ക്കും, കോഴിക്കോട്, കോട്ടയം എന്നീ ജില്ലകളില്‍ 2 പേര്‍ക്കും, തിരുവനന്തപുരത്തും കൊല്ലത്തും ഓരോരുത്തര്‍ക്കുമാണ് ഇന്ന് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 4 പേര്‍ അയല്‍ സംസ്ഥാനത്ത് നിന്നും വന്നവരാണ്. കാസര്‍കോട് 6 പേര്‍ക്കും, മലപ്പുറം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തരുമാണ് രോഗമുക്തി നേടിയത്.

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 23876 പേരാണ്. ഇതില്‍ 23439 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുള്ളത്. നിലവില്‍ 129 പേരാണ് കോവിഡ് ചികിത്സയിലുള്ളത്. ഇന്ന് മാത്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 148 പേരെയാണ്. പുതിയ കോവിഡ് സ്ഥിരീകരണത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകള്‍ റെഡ് സോണായി തുടരും. നാല് ജില്ല ഒഴികെ പത്ത് ജില്ലകള്‍ ഓറഞ്ച് സോണ്‍ ആയി തുടരും. റെഡ് സോണില്‍ നിയന്ത്രണങ്ങള്‍ തുടരുകയും ചെയ്യും. നേരത്തെ പോസിറ്റീവ് കേസുകള്‍ ഇല്ലാത്തതിനാല്‍ ഗ്രീന്‍ സോണാക്കി കോട്ടയം, ഇടുക്കി ജില്ലകള്‍ക്ക് നല്‍കിയ ഇളവുകള്‍ പിന്‍വലിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു. ഈ ജില്ലകളെ ഓറഞ്ച് സോണുകളാക്കി മാറ്റും. ഓറഞ്ച് സോണിലെ ഹോട്ട് സ്പോട്ടുകള്‍ പഞ്ചായത്തുകള്‍ അടച്ചിടും. ഏതൊക്കെ ഡിവിഷന്‍ അടച്ചിടണമെന്ന് ജില്ലാ ഭരണകൂടത്തിന് തീരുമാനിക്കാം.

കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലെയും കോട്ടയം മെഡിക്കല്‍ കോളജിലെയും കോവിഡ് പരിശോധനാ ലാബിന് ഐ.സി.എം.ആര്‍ അംഗീകാരം നല്‍കി. പരിയാരം മെഡിക്കല്‍ കോളജിലെ ലാബില്‍ നാളെ മുതല്‍ പരിശോധന ആരംഭിക്കുമെന്നും ആദ്യ ഘട്ടത്തിൽ 15 ഉം പിന്നീട് 60 ഉം പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. സംസ്ഥാനത്തെ 16 ഗവണ്‍മെന്റ് ലാബുകളില്‍ പരിശോധന നടക്കും. പരിശോധനക്കായി രണ്ട് സ്വകാര്യ ലാബുകളും പരിശോധന വേഗത്തിലാക്കാന്‍ 10 റിയന്‍ ടൈം മെഷീനുകള്‍ വാങ്ങാന്‍‍ അനുമതി നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് മൂന്നാം ഘട്ടം രോഗവ്യാപനമോ സാമൂഹ്യ വ്യാപനമോ ഇല്ലെന്നും പക്ഷെ ഭീഷണി തുടരുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കേസുകളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന അതിര്‍ത്തി വഴിയുള്ള വരവ് പൂര്‍ണമായും നിയന്ത്രിക്കും. കളിയിക്കാവിളയിൽ നിന്നും അതിര്‍ത്തി കടന്നെത്തിയ വനിതാ ഡോക്ടറെയും അവരെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച അവരുടെ ഭര്‍ത്താവിനെയും ക്വാറന്റൈന്‍ ചെയ്തതായും രണ്ട് പേര്‍ക്കും എതിരെ എപ്പിഡമിക് ആക്ട് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായും മുഖ്യമന്ത്രി പറഞ്ഞു. വാഹനങ്ങളില്‍ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് കൊല്ലത്ത് 4 കേസ് രജിസ്റ്റര്‍ ചെയ്തതായും കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപിക അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച സംഭവത്തിൽ വൈത്തിരി പൊലീസ് അന്വേഷണം ആരംഭിച്ചതായും അറിയിച്ചു. സാധനങ്ങളുടെ സ്റ്റോക്ക് പരിശോധിച്ച് സംഭരിക്കുന്നതിന് നിര്‍ദേശം നല്‍കി.

റമദാന്‍ മാസം ആരംഭിക്കാന്‍ പോവുന്നതിനാല്‍ നോമ്പ് കാലത്ത് റസ്റ്റോറന്റുകള്‍ക്ക് പാര്‍സല്‍ നല്‍കാനുള്ള സമയം നീട്ടി നല്‍കും. രാത്രി 10 മണിവരെ ഹോം ഡെലിവറിയാണ് അനുവദിക്കുക. പഴവര്‍ഗങ്ങളുടെ വില വര്‍ധിക്കാതിരിക്കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Updating...