LiveTV

Live

Kerala

ലോക്ക്ഡൌണിന്റെ മറവില്‍ മലബാർ സിമന്റ്സിൽ ചട്ടങ്ങൾ ലംഘിച്ച് നിയമനം

എല്ലാ നിയമവും, ചട്ടവും കാറ്റില്‍ പറത്തിയാണ് സിപിഎമ്മിന്റെ തൊഴിലാളി സംഘടനയുടെ കീഴിലുള്ള മലബാർ സിമൻറ്സ് ലേബർ കോൺണ്ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയിലെ അംഗങ്ങള്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്.

ലോക്ക്ഡൌണിന്റെ മറവില്‍ മലബാർ സിമന്റ്സിൽ ചട്ടങ്ങൾ ലംഘിച്ച് നിയമനം

ലോക്ക്ഡൌണിന്റെ മറവില്‍ മലബാര്‍ സിമന്റ്സില്‍ ചട്ടങ്ങള്‍ കാറ്റില്‍ പറത്തി 93 പേര്‍ക്ക് അനധികൃത നിയമനം. നിയമനം ലഭിച്ചവരെല്ലാം സി.ഐ.ടി യുവിന്റെ ലേബർ സൊസൈറ്റിയിലെ അംഗങ്ങളാണ്. നഷ്ടക്കണക്ക് പറഞ്ഞ് വി.ആർ.എസ് പ്രഖ്യാപിച്ച പൊതുമേഖല സ്ഥാപനത്തിലാണ് വീണ്ടും കൂട്ട നിയമനം നടന്നത്.

പത്രപരസ്യം വഴി അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തുക, അല്ലെങ്കില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്ന് തെരഞ്ഞെടുക്കുക. മലബാര്‍ സിമന്റ്സിലെ താത്ക്കാലിക നിയമനത്തിനുള്ള വ്യവസ്ഥ ഇതാണ്. എന്നാല്‍ എല്ലാ നിയമവും, ചട്ടവും കാറ്റില്‍ പറത്തിയാണ് സിപിഎമ്മിന്റെ തൊഴിലാളി സംഘടനയുടെ കീഴിലുള്ള മലബാർ സിമൻറ്സ് ലേബർ കോൺണ്ട്രാക്ട് കോപ്പറേറ്റീവ് സൊസൈറ്റിയിലെ അംഗങ്ങള്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്.

മലബാര്‍ സിമന്റ്സിലെ കയറ്റിറക്ക് പോലുള്ള ജോലികള്‍ സൊസൈറ്റിയെയാണ് ഇതുവരെ ഏല്‍പിച്ചിരുന്നത്. ഇപ്പോള്‍ സൊസൈറ്റിയെ ഒഴിവാക്കി മലബാര്‍ സിമന്റ്സ് ഇവരെ നേരിട്ട് നിയമിച്ചു. ഇതോടെ സൊസൈറ്റി അംഗങ്ങള്‍ കമ്പനി ജീവനക്കാരായി മാറി. സൊസൈറ്റിയില്‍ അംഗമല്ലാത്തവര്‍ക്ക് ജോലിക്ക് അപേക്ഷിക്കാൻ പോലും അവസരം ലഭിച്ചില്ല.

അഭിരുചി പരീക്ഷയോ, അഭിമുഖമോ നടത്താതെയാണ് നിയമനം നടത്തിയത്. 2010 ൽ എളമരം കരീം വ്യവസായ മന്ത്രിയായിരിക്കെ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണ് നിയമനം നടത്തിയത് എന്നാണ് അധികൃതരുടെ വിശദീകരണം. നഷ്ടത്തിലായതിനാൽ സ്വമേധയ വിരമിക്കലിന് നോട്ടീസ് നൽകിയ പൊതു മേഖല സ്ഥാപനമാണ് മലബാര്‍ സിമന്റ്സ്.