LiveTV

Live

Kerala

രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ തമിഴ്‍നാട്ടില്‍ നിന്നെത്തിയവര്‍; പാലക്കാട് രോഗം സ്ഥിരീകരിച്ചവരില്‍ അതിഥി തൊഴിലാളിയും

പൊലീസിന്റെ കണ്ണുവെട്ടിച്ച് പലരും അതിർത്തി കടക്കുന്നത് വലിയ ഭീഷണി ഉയർത്തുന്നുണ്ട്. അതിർത്തിയിൽ കർശന പരിശോധന തുടരുന്നുണ്ടെങ്കിലും ഊടുവഴിയിലൂടെയാണ് നിരവധി പേർ കേരളത്തിലേക്ക് എത്തുന്നത്.

രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ തമിഴ്‍നാട്ടില്‍ നിന്നെത്തിയവര്‍; പാലക്കാട് രോഗം സ്ഥിരീകരിച്ചവരില്‍ അതിഥി തൊഴിലാളിയും

തമിഴ്‍നാട്ടിൽ നിന്നും എത്തിയ മൂന്നു പേർക്കാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ച പാലക്കാട്, മലപ്പുറം, കൊല്ലം സ്വദേശികളാണ് തമിഴ്‍നാട്ടിൽ നിന്നും കേരളത്തിൽ എത്തിയത്.

മലപ്പുറത്ത് ഒതുക്കുങ്ങൽ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ചെന്നൈയിൽ നിന്നും വിവിധ വാഹനങ്ങളിലും, കാൽനടയായുമാണ് 18കാരൻ കേരളത്തിലെത്തിയത്. പാലക്കാട് കല്ലടിക്കോട് വെച്ച് ഇയാളെ പൊലീസ് പിടികൂടി ചെറുപുള്ളശ്ശേരിയിൽ നിരീക്ഷണത്തിലാക്കി. സേലത്ത് നിന്നും സാധനങ്ങൾ കൊണ്ടുവന്ന ലോറി ഡ്രൈവറായ പാലക്കാട് കുഴൽമന്ദം സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. തമിഴ്‍നാട്ടിലെ പുളിയൻ കുടിയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത കൊല്ലം കുത്തുപ്പുഴ സ്വദേശിക്കും രോഗം ഉണ്ട്.

ആദ്യമായാണ് പാലക്കാട് ജില്ലയിൽ 4 പേർക്ക് ഒരേ ദിവസം കോവിഡ് 19 സ്ഥിരീകരിച്ചത്. തമിഴ്‍നാട്ടിലെ സേലത്ത് ലോറി ഡ്രൈവറായ കുഴൽമന്ദം സ്വദേശിയാണ് രോഗം സ്ഥിരീകരിക്കപ്പെട്ട ഒരാള്‍. ഇയാളെ കൂടാതെ രോഗം സ്ഥിരീകരിച്ചവരില്‍ അതിഥി തൊഴിലാളിയും ഉള്‍പ്പെടുന്നു. കഞ്ചിക്കോട് വ്യവസായ മേഖലയിൽ താമസിക്കുന്ന യു .പി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്.

നൂറു കണക്കിന് അതിഥി തൊഴിലാളികൾ തിങ്ങി താമസിക്കുന്നതിനാൽ ഈ മേഖലയിൽ കൂടുതൽ ജാഗ്രത വേണ്ടിവരും. ഷാർജയിൽ നിന്നെത്തിയ കാവിൽപ്പാട് സ്വദേശിക്കും രോഗം സ്ഥിരീകരിച്ചു. പട്ടാമ്പി വിളയൂർ സ്വദേശിക്കും കോവിഡ് 19 പോസിറ്റീവായി. രോഗം സ്ഥിരീകരിച്ചവരുടെ സമ്പർക്ക പട്ടിക തയ്യാറാക്കി വരുകയാണ്. അടുത്ത ദിവസം എല്ലാവരുടെയും റൂട്ട്മാപ്പ് പുറത്ത് വിടും. നിലവിൽ 6 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്.

ചെന്നൈയില്‍ നിന്നെത്തിയ ഒതുക്കുങ്ങല്‍ ചെറുകുന്ന് സ്വദേശിയായ 18 കാരനും കൂടി രോഗബാധ സ്ഥിരീകരിച്ചതോടെ മലപ്പുറം ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി. ലോക് ഡൗണ്‍ നിലനില്‍ക്കെ, കോവിഡ് അതിതീവ്ര മേഖലയായ ചെന്നൈയില്‍ നിന്ന് ചരക്കു വാഹനങ്ങളിലും കാല്‍നടയായും സംസ്ഥാന അതിര്‍ത്തി കടന്നത്തിയ യുവാവിനാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗബാധിതനായ യുവാവ് മലപ്പുറം ജില്ലയില്‍ പ്രവേശിച്ചിട്ടില്ല.

ചെന്നൈയിലെ ജ്യൂസ് കടയില്‍ ജോലിക്കാരനായ ഇയാൾ നാട്ടിലേക്ക് വരുന്ന വഴിയിൽ ഏപ്രില്‍ 18 ന് പാലക്കാട് ജില്ലയിലെ കല്ലടിക്കോട് വച്ച് പൊലീസിന്റെ പിടിയിലായി. തുടർന്ന് മാങ്ങോട് കേരള മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കോവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിലെ ഐസൊലേഷന്‍ കേന്ദ്രത്തിലേയ്ക്ക് മാറ്റി.

രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ രോഗമുക്തി നേടിയിരുന്നു. ചികിൽസയിൽ കഴിയുന്ന രോഗബാധിതരുടെ ആരോഗ്യ നില തൃപ്തികരമായി തുടരുകയാണ്.

കൊല്ലം കുളത്തൂപ്പുഴയിൽ കോവിഡ് 19 സ്ഥിരീകരിച്ചയാളുടെ റൂട്ട്മാപ്പ്‌ ജില്ലാഭരണകൂടം പുറത്തുവിട്ടു കഴിഞ്ഞു. തമിഴ്‌നാട്ടിലെ പുളിയങ്കുടിയിൽ ശവസംസ്‌കാരചടങ്ങിൽ പങ്കെടുത്ത ഇയാൾ കാട്ടുപാതയിലൂടെയാണ് അതിർത്തി കടന്നത്. രോഗവ്യാപന ഭീഷണിയുടെ പശ്ചാത്തലത്തിൽ കുളത്തൂപ്പുഴ, ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.

മാർച്ച് 19ന് ബന്ധുവിന്റെ ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനാണ് 31കാരനായ കുമരംകരിക്കം സ്വദേശി ആദ്യം തെങ്കാശിയിലെ പുളിയങ്കുടിയിൽ പോയത്. മടങ്ങിയെത്തിയശേഷം പിന്നീട് ലോക്ക്ഡൗണിനിടെ ഈ മാസം നാലാം തീയതി മരണാനന്തര ചടങ്ങിൽ പങ്കെടുത്തു. തമിഴ്‍നാട്ടിലേക്കുള്ള പാതയിൽ പരിശോധനയുള്ളതിനാൽ ആര്യങ്കാവിലെ എസ്റ്റേറ്റിനുള്ളിലൂടെയും കാട്ടുപാതയിലൂടെയുമാണ് ഇയാൾ അതിർത്തി കടന്നത്. ചരക്ക് വാഹനങ്ങളിലും ആംബുലൻസിലുമായി ആറാം തീയതി കുളത്തൂപ്പുഴയിൽ മടങ്ങിയെത്തി. തമിഴ്‌നാട്ടിൽ പോയത് മറച്ചുവെച്ച് ഇയാൾ 14 ദിവസം കുളത്തൂപ്പുഴയിൽ കഴിഞ്ഞു.

പുളിയങ്കുടിയിലെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവർക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് ഇയാളെ കണ്ടെത്തിയത്. നിരവധിയാളുകളുമായി സമ്പർക്കം പുലർത്തിയിട്ടുള്ളതിനാൽ കുളത്തൂപ്പുഴ പഞ്ചായത്ത് പൂർണമായും അടക്കുകയായിരുന്നു. തമിഴ്‌നാട്ടിലെ അതിർത്തി ഗ്രാമങ്ങളിൽ കോവിഡ് 19 വ്യാപിക്കുന്നതിനാൽ കുളത്തൂപ്പുഴയിലും ആര്യങ്കാവ്, തെന്മല പഞ്ചായത്തുകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചായത്തിന്റെ അതിർത്തികളിൽ ഉൾപ്പെടെ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടുപാതകളും അടച്ച് പരിശോധന ശക്തമാക്കി.

ഗ്രീന്‍ സോണായ കോട്ടയം, ഇടുക്കി ജില്ലാ അതിര്‍ത്തികളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. ലോക്ഡൗണ്‍ ഇളവുകള്‍ ഇരുജില്ലകളിലും ഇന്നുമുതല്‍ അനുവദിച്ചെങ്കിലും ജില്ലവിട്ടുള്ള യാത്രകള്‍ക്ക് വിലക്കുണ്ട്.

കോട്ടയം ഇടുക്കി ജില്ലകളുടെ അതിര്‍ത്തി മേഖലയായ വാഗമണ്‍ ഒറ്റയീട്ടിയ്ക്ക് സമീപമാണ് പരിശോധന നടക്കുന്നത്. ജില്ലയ്ക്കുള്ളില്‍ സഞ്ചരിക്കുന്നതിന് തടസ്സമില്ലെങ്കിലും അതിര്‍ത്തി വിട്ടുപോകുന്നതിന് എസ്പിയുടെയോ കളക്ടറുടെയോ പാസ് നിര്‍ബന്ധമാണ്. പാസില്ലാതെ എത്തിയ വാഹനങ്ങള്‍ ഉദ്യോഗസ്ഥര്‍ തിരിച്ചുവിട്ടു.

പാസുമായി എത്തിയാലും ജില്ല വിട്ട് പോയശേഷം തിരിച്ചെത്തുന്നവര്‍ ക്വാറെന്റെയിനില്‍ പോകേണ്ടിവരും. ഇവര്‍ സഞ്ചരിച്ച റൂട്ട് എഴുതിയെടുത്ത ശേഷം താമസസ്ഥലത്തെ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് അറിയിപ്പ് നല്‍കും. ഇളവ് അനുവദിച്ചതോടെ ഗ്രീന്‍ സോണ്‍ ജില്ലകള്‍ തമ്മില്‍ പാസിന്റെ ആവശ്യമില്ലാതെ കടന്നുപോകാമെന്ന് കരുതി എത്തിയവര്‍ക്കാണ് തിരികെ പോകേണ്ടിവന്നത്.

24 മണിക്കൂറും പരിശോധന അതിർത്തി മേഖലകളിൽ ഉണ്ട്. ഉദ്യോഗസ്ഥര്‍ ഷിഫ്റ്റായാണ് ഇവിടെ പരിശോധന നടത്തുന്നത്. പനി പോലുള്ള രോഗവുമായെത്തുന്നവരുടെ വിവരം ആരോഗ്യവകുപ്പ് ശേഖരിക്കുന്നുണ്ട്. ഈ മാസം 24 വരെ പരിശോധന തുടരുമെന്ന് പോലീസ്- മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തമിഴ്‍നാട്ടില്‍ നിന്നും എത്തിയ ആളുകള്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ എല്ലാ ജില്ലാ അതിർത്തികളിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ്. പൊലീസിന്റെ കണ്ണുവെട്ടിച്ച് പലരും അതിർത്തി കടക്കുന്നത് വലിയ ഭീഷണി ഉയർത്തുന്നുണ്ട്. അതിർത്തിയിൽ കർശന പരിശോധന തുടരുന്നുണ്ടെങ്കിലും ഊടുവഴിയിലൂടെയാണ് നിരവധി പേർ കേരളത്തിലേക്ക് എത്തുന്നത്. അതിർത്തി വഴി എത്തുന്ന മുഴുവൻ യാത്രക്കാരെയും തടഞ്ഞില്ലെങ്കിൽ അത് വലിയ അപകടമാകും.