LiveTV

Live

Kerala

സ്പ്രിന്‍ക്ലര്‍ വിവരങ്ങൾ ചോരില്ല; ശേഖരിക്കുന്ന രണ്ട് വ്യക്തിഗത വിവരങ്ങൾ അതീവ പ്രാധാന്യമുള്ളതെന്ന് സര്‍ക്കാര്‍

സ്പ്രിന്‍ക്ലര്‍ വിവരങ്ങൾ ചോരില്ല; ശേഖരിക്കുന്ന രണ്ട് വ്യക്തിഗത വിവരങ്ങൾ അതീവ പ്രാധാന്യമുള്ളതെന്ന് സര്‍ക്കാര്‍

സ്പ്രിന്‍ക്ലര്‍ ശേഖരിക്കുന്ന രണ്ട് വ്യക്തിഗത വിവരങ്ങൾ അതീവ പ്രാധാന്യമുള്ളതാണെന്ന് സംസ്ഥാന സര്‍ക്കാര്‍. എന്നാല്‍ വിവരങ്ങൾ ചോരില്ലെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. കേരളം ശേഖരിക്കുന്നത് സെൻസിറ്റീവ് ഡേറ്റയാണെന്നും അത് ഇന്ത്യൻ കമ്പനിയെ ഏല്‍പിക്കണമെന്നും കേന്ദ്ര സർക്കാർ കോടതിയില്‍ സത്യവാങ്മൂലത്തിലൂടെ ആവശ്യപ്പെടും. രണ്ട് സര്‍ക്കാറുകളുടെയും സത്യവാങ്ങ്മൂലം ഹൈക്കോടതിയിൽ സമര്‍പ്പിക്കും. അതേസമയം സ്പ്രിന്‍ക്ലര്‍ കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിച്ചു.

സ്പ്രിംക്ളറുമായുണ്ടാക്കിയ കരാർ ചട്ടങ്ങളും നിയമങ്ങളും പാലിച്ച് തന്നെയാണന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. വിവര ശേഖരണത്തിന് നിരവധി ഐ.ടി കമ്പനികളുണ്ടെങ്കിലും ഇത്ര വലിയ ഡേറ്റകൾ കൈകാര്യം ചെയ്യാൻ ഇന്ത്യയിൽ ഒരു കമ്പനിയുമില്ല. ഈ സാഹചര്യത്തിലാണ് സ്പ്രിംക്ളറിന്‍റെ തെരഞ്ഞെടുപ്പ്. കോവിഡ് പടരുന്ന സാഹചര്യത്തിൽ ഡേറ്റാ അനാലിസിസ് സോഫ്റ്റ്‍വെയര്‍ സജ്ജമാക്കാൻ കൂടുതൽ സമയം എടുക്കാനാവില്ല. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരിൽ നിന്ന് 41 ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ശേഖരിക്കുന്നത്. ഇതിൽ രണ്ട് ചോദ്യങ്ങൾ അതീവ പ്രാധാന്യമുള്ളതാണ്. പക്ഷെ ഈ വിവരങ്ങൾ ശേഖരിക്കാതെ ഡാറ്റാ അനാലിസിസ് സാധ്യമാകില്ല. വിവരങ്ങൾ ചോരുന്നത് തടയാൻ ക്രമീകരണങ്ങളും സർക്കാർ നടത്തിയിട്ടുണ്ട്. ഓരോ കമ്പനിയുടെയും നിയമാവലി പ്രകാരം അവരുടെ നിയമ നടപടികൾക്കുള്ള അധികാര പരിധിയുണ്ടായിരിക്കും. സ്പ്രിന്‍ക്ലര്‍ നിശ്ചയിച്ചിട്ടുള്ളത് ന്യൂയോർ‍ക്ക് ആണ്. സോഫ്റ്റ് വെയർ പർച്ചെയ്സ് ചെയ്യുമ്പോൾ ഈ കാര്യം കൂടി അംഗീകരിക്കണം. അതാണ് ന്യൂയോർക്ക് അധികാര പരിധിയായി വന്നത്. എന്നാൽ അമേരിക്കയിൽ മാത്രമല്ല ഇന്ത്യയിലും ഇൻഫെർമേഷൻ ടെക്നോളജി ആക്ട് പ്രകാരം വ്യക്തികൾക്ക് കേസ് നടത്താം. എന്നാൽ ന്യൂയോർക്കിലാണ് വ്യക്തികൾക്ക് ഏറെ ഗുണകരമായ രണ്ട് ഡേറ്റാ പ്രൊട്ടക്ഷൻ ആക്ട് നിലവിലുള്ളത്. ഇത് കൂടുതൽ പ്രയോജനം ചെയ്യും. കരാറിൽ ഏതെങ്കിലും തരത്തിലുള്ള നിയമ പ്രശ്നങ്ങളുണ്ടോ എന്നതടക്കം പരിശോധിക്കാൻ സർക്കാർ തന്നെ രണ്ടംഗ സമിതിയെ നിശ്ചയിച്ചതായും ഒരു മാസത്തിനകം സമിതി റിപ്പോർട്ട് നൽകുമെന്നതാണ്. സർക്കാർ നിലപാട്. എന്നാൽ കേന്ദ്ര സർക്കാർ ഇതിനോട് പൂർണമായും വിയോജിക്കുകയാണ്. സെൻസിറ്റീവായ വിവരശേഖരണമാണ് കമ്പനി നടത്തുന്നത്. ഇത് ഇന്ത്യൻ കമ്പനിയെ ഏൽപിക്കണമെന്നാണ് കേന്ദ്ര നിലപാട്.