LiveTV

Live

Kerala

സ്പ്രിന്‍ക്ലര്‍ വിവാദം: മടിയില്‍ കനമില്ലാത്തതിനാല്‍ ഭയമില്ലെന്ന് മുഖ്യമന്ത്രി 

സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ ഹൈക്കോടതി ഉന്നയിച്ചത് സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗം മാത്രമെന്നും ഇക്കാര്യത്തില്‍ ആശങ്കയില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം

സ്പ്രിന്‍ക്ലര്‍ വിവാദം: മടിയില്‍ കനമില്ലാത്തതിനാല്‍ ഭയമില്ലെന്ന് മുഖ്യമന്ത്രി 

സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ മറുപടി. ആരോപണം ഉന്നയിച്ചവര്‍ തെളിവ് കൊണ്ടുവരട്ടെയെന്നും മടിയില്‍ കനമുള്ളവനേ ഭയപ്പെടേണ്ടതുള്ളു, മടിയില്‍ കനമില്ല, ഭയവുമില്ലായെന്ന് മുഖ്യമന്ത്രി മറുപടി പറഞ്ഞു. അവരവരുടെ ശീലമനുസരിച്ച് മറ്റുള്ളവരെ അളക്കാന്‍ വരരുതെന്നും വിഷയത്തില്‍ പരിശോധിച്ച് നിലപാട് എടുക്കാനാണ് പ്രത്യേക സമിതിയെ നിയോഗിച്ചതെന്നും ഉദ്യോഗസ്ഥന്മാരെ ലക്ഷ്യമിടുന്നത് ശരിയായ നടപടിയല്ലായെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പ്രിന്‍ക്ലര്‍ ഇടപാടില്‍ ഹൈക്കോടതി ഉന്നയിച്ചത് സ്വാഭാവിക നടപടിക്രമത്തിന്റെ ഭാഗം മാത്രമെന്നും ഇക്കാര്യത്തില്‍ ആശങ്കയില്ലെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിച്ചത്. വിവാദങ്ങള്‍ പെരുപ്പിക്കാനാണ് ചിലരുടെ ശ്രമമെന്ന് ഇടപാട് സംബന്ധിച്ച സിപിഐ ദേശീയ നേതൃത്വത്തിന്റെ വിമര്‍ശത്തോട് മുഖ്യമന്ത്രി പ്രതികരിച്ചു. വിദഗ്ധ സമിതിയിലെ ഉദ്യോഗസ്ഥരെ ആക്രമിക്കുന്നത് ശരിയായ രീതിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പ്രിന്‍ക്ലര്‍ ഇടപാടുമായി ബന്ധപ്പെട്ട പരാതിയില്‍ ഹൈക്കോടതിയുടെ ചോദ്യങ്ങള്‍ വിവരശേഖരണത്തിന്റെ ഭാഗം മാത്രമെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. വിവര കൈമാറ്റത്തിന് ഇനി എന്തുചെയ്യാനാവുമെന്ന് പരിശോധിക്കാനാണ് വിദഗ്ധ സമിതി. ഉദ്യോഗസ്ഥരുടെ വൈദഗ്ധ്യമാണ് ഉപയോഗപ്പെടുത്തുന്നത്.

മുഖ്യമന്ത്രിയുടെ മകള്‍ കമ്പനി രജിസ്ട്രേഷന് സമര്‍പ്പിച്ച രേഖയിലെ മേല്‍വിലാസം എകെജി സെന്ററാണെന്ന ആരോപണം അസംബന്ധമെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. വിവാദവിഷയങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യമുന്നയിക്കാന്‍ അവസരം നല്‍കുന്നില്ലെന്ന പരാതിയില്‍ കഴമ്പില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.