ഡെങ്കിപ്പനി, എലിപ്പനി പോലുള്ള പകര്‍ച്ചവ്യാധി ഭീഷണിയില്‍ കേരളം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ധര്‍
കോവിഡ് പ്രതിരോധം താളം തെറ്റുക മാത്രമല്ല പനി ബാധിതര്‍ക്ക് കൃത്യമായ ചികിത്സ നല്കാനാവാത്ത സാഹചര്യമുണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.

വേനല്‍മഴയെ തുടര്‍ന്നുള്ള പകര്‍ച്ചവ്യാധി ഭീഷണിയിലാണ് സംസ്ഥാനം. കോവിഡ് പ്രതിരോധത്തിനിടെ ഡെങ്കി, എലിപ്പനി കേസുകള്‍ വര്‍ധിച്ചാല്‍ സ്ഥിതി നിയന്ത്രണാധീതമാകുമെന്ന് ആരോഗ്യവിദഗ്ധരുടെ മുന്നറിയിപ്പ്. മഴക്കാല പൂര്‍വ ശുചീകരണം ശക്തമാക്കണമെന്ന് നിര്‍ദേശം. മീഡിയവണ്‍ എക്സ്ക്ലൂസീവ്
2018, 19 കാലത്തെ ഈ കണക്കുകള്‍ മാത്രം മതി സംസ്ഥാനത്തെ ഡെങ്കി, എലിപ്പനി, എച്ച് വണ്‍ എന്‍ വണ്‍ കേസുകളുടെ വര്‍ധനവിന് തെളിവ്. 2018 ല്‍ 4090 ഡെങ്കിക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ 32 മരണവും. 2019 ല്‍ 4651 ഡെങ്കിക്കേസുകള്‍. 14 മരണവും. ഈ രണ്ട് വര്‍ഷത്തെ ഡെങ്കി വര്‍ധനവ് പരിശോധിച്ചാല്‍ ജനുവരി മുതല്‍ ഏപ്രില്‍ പകുതി വരെയുള്ളതിനേക്കാള്‍ കൂടുതലായി വേനല്‍മഴയെ തുടര്‍ന്ന് കൂടിയിരുന്നു. ജൂണില്‍ കാലവര്‍ഷ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ തോത് വര്‍ധിച്ചതായും കണക്കുകളില്‍ നിന്ന് വ്യക്തം.
സമാനമായി രീതിയില്‍ ഈ വര്ഷവുമുണ്ടായാല് സ്ഥിതി വഷളാവും. ഈ വേനല്‍കാലത്തും ഡെങ്കികേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ വരുന്ന മഴക്കാലത്ത് ഡെങ്കികേസുകള്‍ കൂടുമെന്ന് പഠനങ്ങളില്‍ പറയുന്നു. കോവിഡ് പ്രതിരോധം താളം തെറ്റുക മാത്രമല്ല പനി ബാധിതര്‍ക്ക് കൃത്യമായ ചികിത്സ നല്കാനാവാത്ത സാഹചര്യമുണ്ടാകുമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു.