LiveTV

Live

Kerala

സംസ്ഥാനത്ത് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒരാള്‍ക്ക് രോഗമുക്തി

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഒരു ഭാഗം താല്‍ക്കാലികമായി മാറ്റിവെക്കാന്‍ തീരുമാനിച്ചതായും 20000 രൂപയിൽ താഴെ ശമ്പളം ഉള്ളവരെ ഇതിൽ നിന്നും ഒഴിവാക്കുന്നതായും അറിയിച്ചു.

സംസ്ഥാനത്ത്  11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ഒരാള്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരില്‍ ഏഴ്, കോഴിക്കോട് 2, കോട്ടയം, മലപ്പുറം ജില്ലകളില്‍ ഓരോ പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ച 5 പേര്‍ വിദേശത്ത് നിന്നും വന്നവരാണ്. മൂന്ന് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. പാലക്കാട് ജില്ലയിലെ ഒരാള്‍ ഇന്ന് കോവിഡ് രോഗമുക്തമായതായും മുഖ്യമന്ത്രി അറിയിച്ചു.

കോവിഡ് 19ന്റെ പൊട്ടിപ്പുറപ്പെടല്‍ സംസ്ഥാനത്തിന് കനത്ത ആഘാതം ഏല്‍പ്പിച്ചതായും സംസ്ഥാനത്തിന്റെ പൊതുധനകാര്യരംഗത്ത് ഞെരുക്കം അനുഭവപ്പെട്ടതായും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ നികുതി വരുമാനം ഏതാണ്ട് നിലച്ചെങ്കിലും സാമൂഹ്യക്ഷേമത്തിൽ നിന്നും സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ, സുരക്ഷാ മേഖലകളിലുള്ള ചെലവുകള്‍ ഒഴിവാക്കാവുന്നതല്ലെന്നും കനത്ത വെല്ലുവിളികളാണ് സംസ്ഥാനം നേരിടുന്നതെന്നും കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്നം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ഏത് പ്രശ്നം വന്നാലും സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും ജീവനക്കാരുടെ സഹായവും സഹകരണവും പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികള്‍ പ്രതിസന്ധി ഘട്ടത്തിലും സഹായം നല്‍കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും ഒരു ഭാഗം താല്‍ക്കാലികമായി മാറ്റിവെക്കാന്‍ തീരുമാനിച്ചതായും 20000 രൂപയിൽ താഴെ ശമ്പളം ഉള്ളവരെ ഇതിൽ നിന്നും ഒഴിവാക്കുന്നതായും അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ മുഴുവന്‍ ഡ്യൂട്ടിയിലായതിനാല്‍ ആശാ വര്‍ക്കര്‍മാര്‍ക്ക് നിബന്ധനകളില്ലാതെ ഓണറേറിയവും നിശ്ചിത ഇന്‍സെന്റീവും നല്‍കും. അധിക ഇന്‍സെന്റീവായി 1000 രൂപയും നല്‍കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രത്യേക ചുമതലകളാണ് ആശാ വര്‍ക്കര്‍മാര്‍ ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിര്‍ത്തി കടന്ന് അനധികൃതമായി വരുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ അതിർത്തി പ്രദേശങ്ങൾ വഴിയുള്ള യാത്ര തടയുമെന്നും ചരക്കുവാഹനങ്ങളടക്കം പരിശോധിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

127 പേരാണ് നിലവില്‍ കേരളത്തില്‍ ചികിത്സയിലുള്ളത്. ഇന്ന് 95 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് ജില്ലയിലെ രണ്ട് ഹൌസ് സര്‍ജന്മാര്‍ക്ക് രോഗം പിടിപ്പെട്ടതായും ഇതിലുള്ള ഒരാള്‍ കണ്ണൂരില്‍ നിന്നുള്ളയാളാണെന്നും ഇവര്‍ക്ക് കേരളത്തിന് പുറത്ത് നിന്നാണ് രോഗം പിടിപ്പെട്ടതെന്നും മുഖ്യമന്ത്രി അറിയിച്ചു. 29150 പേരാണ് നിലവില്‍ കേരളത്തില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 28804 വീടുകളിലും 346 ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.

ഇന്നത്തെ പുതിയ കോവിഡ് രോഗികളുടെ സ്ഥിരീകരണത്തോടെ കണ്ണൂര്‍ ജില്ല ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയായി മാറി. കണ്ണൂരിൽ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയത് ഫലം കണ്ടുവെന്നും പൊലീസ് പരിശോധന ശക്തമാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. വീടുകളിൽ നിന്നും ജനങ്ങള്‍ പുറത്തിറങ്ങാതിരിക്കണമെന്നും ഹോം ഡെലിവറി സംവിധാനം ജില്ല മുഴുവന്‍ വ്യാപിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏഴ് പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതോടെ കണ്ണൂര്‍ ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 111 ആയി. 62 പേര്‍ നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലുണ്ട്. പുതിയതായി രോഗം ബാധിച്ചവരില്‍ നാല് പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. രണ്ട് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്

പുതിയതായി രോഗം സ്ഥിരീകരിച്ച കോളയാട്, പത്തായക്കുന്ന്, മൊകേരി, കണിച്ചാര്‍ സ്വദേശികള്‍ ദുബായില്‍ നിന്നും നാട്ടിലെത്തിയവരാണ്. മാര്‍ച്ച് 19 മുതല്‍ 21 വരെയുളള വിവിധ ദിവസങ്ങളിലാണ് ഇവര്‍ നാട്ടിലെത്തിയത്. ഈ മാസം 18,19, 20 തീയതികളിലായിരുന്നു ഇവരുടെ സ്രവം പരിശോധനക്കായി ശേഖരിച്ചത്. കോട്ടയം മലബാര്‍ സ്വദേശികളായ 9 വയസുളള പെണ്‍കുട്ടിക്കും 39 വയസുളള പുരുഷനുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത്.

ചെങ്ങളായി സ്വദേശിനിയായ 25 കാരിക്ക് ട്രെയിന്‍ യാത്രക്കിടെയാണ് രോഗബാധയുണ്ടായത്. മാര്‍ച്ച് 20 ന് ഹസ്രത്ത് നിസാമുദ്ദീനില്‍ നിന്ന് കണ്ണൂരിലേക്ക് യാത്ര ചെയ്യവെയാണ് ഇവര്‍ക്ക് രോഗം ബാധിച്ചതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൌസ് സര്‍ജന്‍സി ചെയ്യുന്ന ഈ പെണ്‍കുട്ടി നിലവില്‍ ഇവിടെ ചികിത്സയിലാണ്.

3336 പേരാണ് നിലവില്‍ ജില്ലയില്‍ നിരീക്ഷണത്തിലുളളത്. 230 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. ഇതിനിടെ രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജില്ലാ ഭരണകൂടവും പോലീസും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ജില്ലയിലെ അവശ്യസാധനങ്ങളുടെ വിതരണത്തിന് ഹോം ഡെലിവറി സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒരു വാര്‍ഡില്‍ ഒരു കട മാത്രമേ തുറക്കാന്‍ പാടുളളുവെന്നും കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.