LiveTV

Live

Kerala

സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് 19 ബാധിതര്‍ കണ്ണൂരില്‍; ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍

നിരീക്ഷണത്തിലുള്ളവരുടെ വീടിന് സമീപം പൊലീസ് പെട്രോളിങ് ഏര്‍പ്പെടുത്തി. ജില്ലയില്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് ഐ.ജി അശോക് യാദവ് പറഞ്ഞു. 

സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് 19 ബാധിതര്‍ കണ്ണൂരില്‍; ജില്ലയില്‍ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍

കണ്ണൂരില്‍ ഇന്ന് മുതല്‍ ട്രിപ്പിള്‍ ലോക്ക്ഡൌണ്‍. നിരീക്ഷണത്തിലുള്ളവരുടെ വീടിന് സമീപം പൊലീസ് പെട്രോളിങ് ഏര്‍പ്പെടുത്തി. ജില്ലയില്‍ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികളുണ്ടാകുമെന്ന് ഐ.ജി അശോക് യാദവ് പറഞ്ഞു. നിലവില്‍ 25 ഹോട്ട്സ്പോട്ടുകളാണ് ജില്ലയിലുള്ളത്.

സംസ്ഥാനത്ത് ഏറ്റവുമധികം കോവിഡ് 19 ബാധിതരുളള ജില്ലയാണ് കണ്ണൂര്‍. പത്ത് പേര്‍ക്കാണ് പുതിയതായി ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ഒന്‍പത് പേരും വിദേശത്ത് നിന്ന് എത്തിയവരാണ്. ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം നൂറ്റി നാലായി. ഇതില്‍ 49 പേര്‍ക്ക് രോഗം ഭേദമായി. ജില്ലയില്‍ അതീവ ജാഗ്രതാ നിര്‍ദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.

വിദേശത്ത് നിന്നെത്തിയ പെരിങ്ങത്തൂര്‍, പാത്തിപ്പാലം, ചമ്പാട്, പാട്യം മുതിയങ്ങ, ചപ്പാരപ്പടവ്, ചെണ്ടയാട്, മുഴുപ്പിലങ്ങാട്, ചെറുവാഞ്ചേരി സ്വദേശികള്‍ക്കാണ് ജില്ലയില്‍ പുതിയതായി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ ചപ്പാരപ്പടവ് സ്വദേശി അജ്മാനില്‍ നിന്നും ബാക്കിയുളളവര്‍ ദുബായില്‍ നിന്നും നാട്ടിലെത്തിയവരാണ്. മാര്‍ച്ച് 18 മുതല്‍ 21 വരെയുളള ദിവസങ്ങളിലാണ് ഇവര്‍ നാട്ടിലെത്തിയത്. കഴിഞ്ഞ പതിനെട്ടാം തിയ്യതിയാണ് ഇവരുടെ സ്രവം പരിശോധനക്കയച്ചത്. കോട്ടയം മലബാര്‍ സ്വദേശിനിയായ 32 കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇവരെല്ലാം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു.

ജില്ലയില്‍ ആകെ രോഗം സ്ഥിരീകരിച്ച 104 പേരില്‍ 49 പേര്‍ ആശുപത്രി വിട്ടു. ബാക്കിയുളള 55 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 4365 പേരാണ് നിലവില്‍ നിരീക്ഷണത്തിലുളളത്. ഇതില്‍ 102 പേര്‍ ആശുപത്രികളിലും ബാക്കിയുളളവര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 214 പേരുടെ പരിശോധനാ ഫലം കൂടി ഇനി ലഭിക്കാനുണ്ട്. ജില്ലയില്‍ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഇന്നലെ മാത്രം ജില്ലയില്‍ 261 കേസുകളിലായി 266 പേരെ അറസ്റ്റ് ചെയ്യുകയും 230 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു.

വിദേശത്തുനിന്നും നാട്ടിലെത്തിയ മൂന്ന് പേര്‍ക്ക് കൂടി കാസര്‍കോട് കോവിഡ് 19 സ്ഥിരീകരിച്ചു. 4 പേര്‍ക്ക് ജില്ലയില്‍ രോഗം ഭേദമായി. ഇനി ജില്ലയില്‍ രോഗം ബാധിച്ച് ചികിത്സയിലുള്ളത് 26പേരാണ്.

വിദേശത്തുനിന്നും നാട്ടിലെത്തിയ ചെങ്കള പഞ്ചായത്തിലെ രണ്ട് പേര്‍ക്കും മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ ഒരാള്‍ക്കുമാണ് പുതുതായി കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം 172 ആയി. ജനറല്‍ ആശുപത്രിയില്‍നിന്നും 3 പേര്‍ക്കും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഒരാള്‍ക്കും രോഗം ഭേദമായി. ഇതോടെ ജില്ലയില്‍ 146 പേര്‍ക്കാണ് രോഗം ഭേദമായത്. ഇനി ജില്ലയില്‍ 26 പേര്‍ രോഗം ബാധിച്ച് ചികിത്സയിലുണ്ട്.

കാസര്‍കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് 19 സ്ഥിരീകരിച്ചത് ചെമ്മനാട് പഞ്ചായത്തിലും കാസര്‍കോട് നഗരസഭയിലുമാണ്. യാഥാക്രമം 37 ഉം 34ഉം പേര്‍. ഇതില്‍ ചെമ്മനാട് പഞ്ചായത്തില്‍ 32 ഉം കാസര്‍കോട് നഗരസഭയില്‍ 29 ഉം പേര്‍ക്ക് രോഗം ഭേദമായി. ഇനി രണ്ടിടത്തും 5 പേര്‍ വീതമാണ് ചികിത്സയിലുള്ളത്.

കോവിഡ് 19 സാമൂഹ്യ സര്‍വ്വേയുടെ ഭാഗമായി 9 പഞ്ചായത്തുകളിലെയും രണ്ട് നഗരസഭയിലെയും18810 വീടുകളില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ശേഖരിച്ചു. ‌നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. 52 പേര്‍ മാത്രമാണ് ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്.