LiveTV

Live

Kerala

സ്പ്രിന്‍ക്ലര്‍ വിവാദം: പരിശോധിക്കുന്നതിനായി രണ്ടംഗ സമിതിയെ സര്‍ക്കാര്‍ നിയമിച്ചു

നടപടി ക്രമങ്ങളില്‍ വീഴ്ച വന്നോ, നേരായ മാര്‍ഗ്ഗത്തിലാണോ കരാര്‍ തയ്യാറാക്കിയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിക്കുന്നത്

സ്പ്രിന്‍ക്ലര്‍ വിവാദം: പരിശോധിക്കുന്നതിനായി രണ്ടംഗ സമിതിയെ സര്‍ക്കാര്‍ നിയമിച്ചു

വിവാദമായ സ്പ്രിന്‍ക്ലര്‍ ഡാറ്റ ഇടപാട് പരിശോധിക്കാന്‍‌ സര്‍ക്കാര്‍ തീരുമാനം. ഇതിനായി രണ്ടംഗ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. നടപടി ക്രമങ്ങളില്‍ വീഴ്ച വന്നോ, നേരായ മാര്‍ഗ്ഗത്തിലാണോ കരാര്‍ തയ്യാറാക്കിയിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് സമിതി പരിശോധിക്കുന്നത്

സ്പ്രിൻക്ലറുമായി ബന്ധപ്പെട്ട് നിരവധി വിവാദങ്ങള്‍ ഉയര്‍ന്ന പശ്ചാത്തലത്തിലാണ് കരാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാനുള്ള തീരുമാനം സര്‍ക്കാര്‍ എടുത്തിരിക്കുന്നത്. ആരോഗ്യ വകുപ്പ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ, തമിഴ്‍നാട് കേഡർ ഐഎഎസ് ഉദ്യോഗസ്ഥനും കേന്ദ്ര വ്യോമയാന വകുപ്പ് സെക്രട്ടറിയുമായ മാധവൻ നമ്പ്യാര്‍ എന്നിവരാണ് സമിതി അംഗങ്ങൾ.

സ്പ്രിൻക്ലറുമായി ഉണ്ടാക്കിയ കരാറിൽ ജനങ്ങളുടെ വ്യക്തി വിവരങ്ങൾ സംരക്ഷിക്കാനുള്ള നിർദേശങ്ങളുണ്ടോ, കമ്പനിയുമായി കരാറിൽ ഏർപ്പെടുന്നതിന് മുൻപ് നടപടിക്രമങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് സമിതി പ്രധാനമായും പരിശോധിക്കുന്നത്. എന്തെങ്കിലും വ്യതിയാനങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഈ അസാധാരണ സാഹചര്യത്തെ മുൻനിർത്തി ന്യായീകരിക്കാവുന്നതാണോ എന്നും പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്.

ഭാവിയില്‍ ഇത്തരത്തിലുള്ള കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്നും സമിതിയോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‍നോളജി ആന്റ് മാനേജ്‍മെന്റ് ആയിരിക്കും സമിതിക്കാവശ്യമായ സാങ്കേതിക സഹായങ്ങള്‍ ചെയ്യുന്നത്.