LiveTV

Live

Kerala

സംസ്ഥാനത്ത് 19 പേര്‍ക്ക് കോവിഡ്; 16 പേര്‍ രോഗമുക്തി നേടി

ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വരാനിരിക്കുന്ന പ്രതിസന്ധി മുന്നില്‍ കണ്ട് എല്ലാവരും ചെറിയ തോതിൽ എങ്കിലും കൃഷി ചെയ്യണ‌മെന്ന് അഭ്യര്‍ത്ഥിച്ചു.

സംസ്ഥാനത്ത്  19 പേര്‍ക്ക് കോവിഡ്; 16 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ഇന്ന് 19 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ നിന്നും വിഭിന്നമായി നെഗറ്റീവിനേക്കാൾ പോസിറ്റീവ് കേസുകള്‍ വര്‍ധിച്ച ദിവസമാണ് ഇന്ന്. കണ്ണൂരില്‍ പത്ത് പേര്‍ക്കും, പാലക്കാട് നാല് പേര്‍ക്കും, കാസര്‍കോട് മൂന്ന് പേര്‍ക്കും കൊല്ലം മലപ്പുറം എന്നീ ജില്ലകളില്‍ ഓരോ പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. കണ്ണൂരിലെ രോഗികളിൽ 9 പേർ വിദേശത്തുനിന്ന് വന്നതാണ്. ഒരാൾക്കു സമ്പർക്കം വഴിയും രോഗം ബാധിച്ചു. പാലക്കാട്, മലപ്പുറം, കൊല്ലം ജില്ലകളിൽ രോഗബാധയുണ്ടായ ഓരോരുത്തർ തമിഴ്നാട്ടിൽനിന്നും എത്തിയവരാണ്. ഇന്നത്തെ ഏറ്റവും പുതിയ സ്ഥിരീകരണത്തോടെ കണ്ണൂര്‍ ജില്ല ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയായി മാറിയതായി മുഖ്യമന്ത്രി അറിയിച്ചു.

കണ്ണൂരിൽ കുറെ പേർ റോഡിലിറങ്ങിയതായും പുതിയ സ്ഥിരീകരണങ്ങളുടെ പശ്ചാത്തലത്തില്‍ ലോക്ക് ഡൗൺ കർശനമാക്കാനുള്ള നടപടി ആരംഭിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. റോഡിലിറങ്ങുന്ന എല്ലാ വാഹനങ്ങളും പരിശോധിക്കുമെന്നും ഹോട്ട് സ്പോട്ട് സ്ഥലങ്ങൾ സീൽ ചെയ്യുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു. രോഗ വ്യാപനം പ്രവചനങ്ങൾക്കതീതമാണെന്നും പ്രതിസന്ധി മറികടക്കുന്നത് എളുപ്പ വഴിയല്ലത്താതിനാല്‍ ജാഗ്രതക്കുറവ് ഉണ്ടാകരുതെന്നും ഇതിന്റെ ഭാഗമായി മെയ് മൂന്ന് വരെ അനാവശ്യമായി പുറത്തിറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളുടെ ഫിക്സഡ് ചാര്‍ജ് ഒഴിവാക്കുന്നത് ആലോചിക്കുമെന്നും വൈദ്യുതി കുടിശ്ശിക 18 ല്‍ നിന്ന് 12 ആക്കുന്നത് ശ്രദ്ധയിൽപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയോര മേഖലയിൽ കാട്ടാനകള്‍ കൃഷി നശിപ്പിക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കാന്‍ വനം വകുപ്പിന് നിര്‍ദേശം നല്‍കിയതായും അറിയിച്ചു.

വിശുദ്ധ റമദാന്‍ മാസം വരുന്ന പശ്ചാത്തലത്തില്‍ ആരാധനാലയങ്ങളിൽ നിലവിലെ സ്ഥിതി തുടരണമെന്ന് മതപണ്ഡിതരുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ഇഫ്താർ, ജുമുഅ എന്നിവ വേണ്ടെന്ന് വെയ്ക്കാനും മതപണ്ഡിതർ അഭിപ്രായപ്പെട്ടതായി മുഖ്യമന്ത്രി പറഞ്ഞു. ഭാവി കണക്കിലെടുത്ത് കൂടിച്ചരലുകളും കൂട്ട പ്രാര്‍ഥനകളും മാറ്റിവെച്ച മതപണ്ഡിതന്മാര്‍ക്ക് അഭിനന്ദനം അറിയിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. റമദാൻ മാസത്തിലെ കിറ്റ് അർഹരായവരുടെ വീട്ടിൽ എത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

തമിഴ്‍നാട്ടില്‍ നിന്ന് വന്നവര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.

രോഗലക്ഷണമില്ലെങ്കിലും മാർച്ച് 12നും ഏപ്രിൽ 22നും ഇടയിൽ നാട്ടിലെത്തിയ പ്രവാസികളെയും അവരുടെ ഹൈറിസ്ക് കോൺടാക്ടുകളിലുള്ള മുഴുവൻ പേരുടെയും സാമ്പിൾ പരിശോധിക്കും. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത് കണ്ണൂരില്‍ പരിശോധന കൂടുതല്‍ കര്‍ശനമാക്കും.

ലോക്ക്ഡൗണ്‍ കാലത്ത് സംസ്ഥാനത്ത് ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി വരാനിരിക്കുന്ന പ്രതിസന്ധി മുന്നില്‍ കണ്ട് എല്ലാവരും ചെറിയ തോതിൽ എങ്കിലും കൃഷി ചെയ്യണ‌മെന്ന് അഭ്യര്‍ത്ഥിച്ചു. സ്വന്തമായി ഭൂമി തരിശ് ഇട്ടവർ കൃഷി ചെയ്യണമെന്നും അല്ലെങ്കിൽ കൃഷി ചെയ്യാൻ ഭൂ ഉടമ അനുവദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.