LiveTV

Live

Kerala

കോവിഡ്  പ്രതിരോധത്തില്‍ കാസര്‍കോട് ജില്ല രാജ്യത്തിന് മാതൃകയായെന്ന് മുഖ്യമന്ത്രി 

രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രി എന്ന നേട്ടം ഇനി കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സ്വന്തം  

കോവിഡ്  പ്രതിരോധത്തില്‍ കാസര്‍കോട് ജില്ല രാജ്യത്തിന് മാതൃകയായെന്ന് മുഖ്യമന്ത്രി 

കോവിഡ് 19 പ്രതിരോധത്തില്‍ കാസര്‍കോട് ജില്ല രാജ്യത്തിന് തന്നെ മാതൃകയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളെ ചികിത്സിച്ച് ഭേദമാക്കിയ ആശുപത്രി എന്ന നേട്ടം ഇനി കാസര്‍കോട് ജനറല്‍ ആശുപത്രിക്ക് സ്വന്തം. ജില്ലയില്‍ രോഗം സ്ഥിരീകരിച്ച 169 പേരില്‍ 142 പേര്‍ക്കും രോഗം ഭേദമായി. ഇനി ചികിത്സയിലുള്ളത് 27 പേര്‍മാത്രം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കോവിഡ് 19 കസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ല ഏറെ ത്യാഗം സഹിച്ച് അതിനെ അതിജീവിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇനിയും ജില്ലയില്‍ ജാഗ്രത തുടരണം. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നിന്നും 15 പേര്‍ക്കും ജില്ല ആശുപത്രിയില്‍ നിന്നും കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും രണ്ട് പേര്‍ക്കും വീതവുമാണ് രോഗം ഭേദമായത്. ഇതോടെ ജില്ലയില്‍ 142 പേര്‍ രോഗമുക്തരായി. രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളെ ചികിത്സിച്ചു ഭേദമാക്കിയ ആതുരാലയമായി കാസര്‍കോട് ജനറല്‍ ആശുപത്രി മാറി. ഇവിടെ ചികിത്സ തേടിയ 91 രോഗികളില്‍ 82 പേര്‍ രോഗമുക്തരായി. ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 169 പേരില്‍ ഇനി 27പേര്‍മാത്രമാണ് രോഗ ബാധിതരായി ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ്19 സ്ഥിരീകരിച്ച 84 ശതമാനം പേര്‍ക്കും രോഗം ഭേദമായി.

ജില്ലയില്‍ 15 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമാണ് കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതില്‍ എട്ടു പഞ്ചായത്തുകളിലുണ്ടായിരുന്ന പോസ്റ്റീവ് കേസുകള്‍ പൂര്‍ണമായും ഭേദമായി. ഇനി 7 പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലുമാണ് രോഗബാധിതരുള്ളത്. 37 പോസറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ചെമ്മനാട് പഞ്ചായത്തിലും 34 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് നഗരസഭയിലും ഇനി ആറുവീതം പോസ്റ്റീവ് കേസുകളാണ് ഉള്ളത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ട്. 54 പേര്‍മാത്രമാണ് ജില്ലയില്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. കോവിഡ് 19 സാമൂഹ്യ സര്‍വ്വേയുടെ ഭാഗമായി 1964 വീടുകളില്‍ നിന്നും ആരോഗ്യ പ്രവര്‍ത്തകര്‍ വിവരങ്ങള്‍ ശേഖരിച്ചു.