LiveTV

Live

Kerala

പിണറായിക്ക് ആദരമറിയിച്ച് ആസ്ട്രേലിയയില്‍ ബോര്‍ഡെന്ന് വാര്‍ത്ത; തള്ളിമറിക്കുകയാണല്ലോയെന്ന് സോഷ്യല്‍മീഡിയ

പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആഗോള തലത്തില്‍ തന്നെ കേരളം അംഗീകരിക്കപ്പെട്ടു. പലരും കേരളത്തിന്റെ പ്രതിരോധ മാര്‍ഗങ്ങളെ പിന്തുടരുകയും ചെയ്തു.

പിണറായിക്ക് ആദരമറിയിച്ച് ആസ്ട്രേലിയയില്‍ ബോര്‍ഡെന്ന് വാര്‍ത്ത; തള്ളിമറിക്കുകയാണല്ലോയെന്ന് സോഷ്യല്‍മീഡിയ

മരണം വിതച്ച് കൊറോണ വൈറസ് കാട്ടുതീയെക്കാള്‍ വേഗത്തില്‍ പടര്‍ന്നുപിടിക്കുമ്പോള്‍ ലോകത്തിന് മൊത്തം മാതൃക തീര്‍ക്കുകയാണ് കേരളം. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ആഗോള തലത്തില്‍ തന്നെ കേരളം അംഗീകരിക്കപ്പെട്ടു. പലരും കേരളത്തിന്റെ പ്രതിരോധ മാര്‍ഗങ്ങളെ പിന്തുടരുകയും ചെയ്തു.

കോവിഡിനെതിരെ ഇന്ത്യ നടത്തുന്ന മാതൃകാ ചെറുത്തുനിൽപ്പിന് ആദരമൊരുക്കി സ്വിറ്റ്സര്‍ലന്‍ഡ്, ആല്‍പ്‌സ് പര്‍വതനിരകളിലെ ഏറ്റവും പ്രശസ്തമായ മാറ്റര്‍ഹോണ്‍ പര്‍വതത്തില്‍ ഇന്ത്യന്‍ ദേശീയപതാകയുടെ ചിത്രം പ്രദർശിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വാര്‍ത്തയും ചിത്രവുമാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. സ്വിറ്റ്സര്‍ലന്‍ഡിന്റെ ആദരത്തെ രാജ്യം അഭിമാനത്തോടെ ഏറ്റെടുത്തപ്പോള്‍ പക്ഷേ, ദേശാഭിമാനി പത്രത്തില്‍ വന്ന വാര്‍ത്തയും ചിത്രവും പരിഹാസത്തിന് ഇരയായിരിക്കുകയാണ്. കോവിഡിനെ പ്രതിരോധിക്കാന്‍ മുന്നില്‍നിന്ന് നയിക്കുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദരമര്‍പ്പിച്ച് ആസ്ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ സ്ഥാപിച്ച ബോര്‍ഡ് എന്ന അടിക്കുറിപ്പിലാണ് വാര്‍ത്തയും ചിത്രവും. അവിടുത്തെ പ്രധാന മൊബൈല്‍ഫോണ്‍ സേവനദാതാക്കളായ ടെല്‍സ്ട്രയുടെ കെട്ടിടത്തിലാണ് ഈ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതെന്നും അടിക്കുറിപ്പില്‍ പറയുന്നു.

കെട്ടിടത്തില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡില്‍ Thanks Pinarayi എന്നാണ് എഴുതിയിരിക്കുന്നത്. ഇത് സി.പി.എമ്മിന്റെ സൈബര്‍ പ്രവര്‍ത്തകര്‍ വലിയ ആഘോഷമാക്കുകയും ചെയ്തു. ചിത്രവും വാര്‍ത്തയും വ്യാപകമായി പ്രചരിച്ചതോടെ ഇതിന്റെ സത്യാവസ്ഥ കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ. പത്രങ്ങളില്‍ പരസ്യം നല്‍കുന്നതു പോലെ ആര്‍ക്കുമൊരു മെസേജ് അയച്ചാല്‍ ഇതുപോലൊരു ചിത്രം സൃഷ്ടിച്ചെടുക്കാന്‍ കഴിയുമെന്നാണ് യാഥാര്‍ഥ്യം. ടെല്‍സ്ട്ര തന്നെ ഇത് വ്യക്തമാക്കി നേരത്തെ ട്വീറ്റും ചെയ്തിരുന്നു. പിണറായിക്ക് എന്നല്ല നമുക്ക് ഇഷ്ടമുള്ള ആര്‍ക്കും നന്ദി പറഞ്ഞ് ടെല്‍സ്ട്ര നല്‍കിയിരിക്കുന്ന നമ്പറിലേക്ക് ഒരു സന്ദേശം അയച്ചാല്‍ അതവര്‍ ബില്‍ബോര്‍ഡിലാക്കും. 0484 842 567 എന്ന നമ്പറിലേക്കാണ് നന്ദി പറഞ്ഞ് സന്ദേശം അയക്കേണ്ടത്.

ഏതായാലും ചിത്രവും വാര്‍ത്തയും പ്രസിദ്ധീകരിച്ച പത്രത്തിന് അമിളി പിണഞ്ഞു എന്ന കാര്യം മണിക്കൂറുകള്‍ക്കുള്ളില്‍ സോഷ്യല്‍മീഡിയ കണ്ടെത്തി. തള്ളിമറിക്കുകയാണല്ലോയെന്നാണ് സോഷ്യല്‍മീഡിയയിലെ പൊതു പ്രതികരണം. ഇതോടെ പത്രത്തിന്റെ ഇ പേപ്പറില്‍ നിന്ന് ചിത്രവും വാര്‍ത്തയും മാറ്റിയിട്ടുണ്ട്.