LiveTV

Live

Kerala

സ്പ്രിങ്ക്‌ളര്‍ വിവാദം കൊഴുപ്പിക്കാന്‍ പ്രതിപക്ഷം; പ്രതിരോധത്തില്‍ സര്‍ക്കാര്‍

ഐ.ടി സെക്രട്ടറിയുടെ തുറന്നുപറച്ചിലോടെ സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയ മേല്‍ക്കൈ.

സ്പ്രിങ്ക്‌ളര്‍ വിവാദം കൊഴുപ്പിക്കാന്‍ പ്രതിപക്ഷം; പ്രതിരോധത്തില്‍ സര്‍ക്കാര്‍

ഐ.ടി സെക്രട്ടറിയുടെ തുറന്നുപറച്ചിലോടെ സ്പ്രിങ്ക്‌ളര്‍ വിവാദത്തില്‍ പ്രതിപക്ഷത്തിന് രാഷ്ട്രീയ മേല്‍ക്കൈ. ഇടപാടില്‍ നടപടിക്രമങ്ങള്‍ അട്ടിമറിക്കപ്പെട്ടുവെന്ന് വ്യക്തമായതോടെ ഇനി മുഖ്യമന്ത്രിയെ ഉന്നം വെച്ച് ആക്രമണം കടുപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. ഉദ്യോഗസ്ഥന് മേല്‍ ചാരി വിവാദം അവസാനിപ്പിക്കാന്‍ സര്‍ക്കാരും.

സ്പ്രിങ്ക്‌ളര്‍ ഇടപാടില്‍ ഐ.ടി സെക്രട്ടറി എം ശിവശങ്കരര്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണങ്ങള്‍ ഗുണത്തെക്കാളേറെ ദോഷമാണ് സര്‍ക്കാരിനുണ്ടാക്കിയത്. നിയമവകുപ്പിനോട് ആലോചിക്കാത്തതുള്‍പ്പെടെ നടപടിക്രമങ്ങളിലെ വീഴ്ചകളെല്ലാം ഐ.ടി സെക്രട്ടറി ഏറ്റെടുത്തെങ്കിലും സര്‍ക്കാരിന്റെ തലവേദന തീരില്ല. അനാവശ്യ വിവാദമെന്ന് മുഖ്യമന്ത്രിയും ഭരണപക്ഷവും വിശേഷിപ്പിച്ച വിവരകൈമാറ്റത്തില്‍ ഐ.ടി സെക്രട്ടറിക്ക് ഇത്രയേറെ വിശദീകരിച്ച് വിയര്‍ക്കേണ്ടി വന്നത് സര്‍ക്കാരിന് ക്ഷീണമായിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ വിജയവും.

ആദ്യഘട്ടത്തില്‍ പ്രതിപക്ഷത്തിന്റെ ദുരാരോപണമെന്ന മട്ടിലായിരുന്നു വിവാദത്തോട് ഭരണപക്ഷത്തിന്റെ സമീപനം. എന്നാല്‍ പിഴവുകള്‍ തിരുത്തുമെന്ന ഐ.ടി സെക്രട്ടറിയുടെ പരസ്യസമ്മതം പ്രതിപക്ഷ വാദങ്ങള്‍ക്ക് വിശ്വാസ്യതയേറ്റി. ദൂരവ്യാപക പ്രത്യാഘാതമുണ്ടാക്കുന്ന കരാര്‍ ഒരു ഉദ്യോഗസ്ഥന്റെ മാത്രം തീരുമാനമല്ലെന്നും നിയമവിരുദ്ധ ഇടപാട് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നുമുള്ള വാദം കൂടുതല്‍ ശക്തമായി ഉന്നയിക്കുകയാണ് പ്രതിപക്ഷത്തിന്റെ അടുത്ത നീക്കം.

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയെ വരെ വിവാദത്തിലേക്ക് വലിച്ചിട്ടുകഴിഞ്ഞു. സ്പ്രിങ്ക്‌ളര്‍ കരാര്‍ റദ്ദാക്കണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കും. മറുവശത്ത് കൊവിഡ് രോഗപ്രതിരോധ നടപടികളും ദിനേനയുള്ള വാര്‍ത്താസമ്മേളനവുമൊക്കെയായി നിറഞ്ഞുനിന്ന മുഖ്യമന്ത്രിയും സര്‍ക്കാരും സ്പ്രിന്‍ക്ലര്‍ വിവാദത്തോടെ പൊടുന്നനെ പ്രതിരോധത്തിലായിരിക്കുകയാണ്. ഉദ്യോഗസ്ഥതലത്തിലെ വീഴ്ചയെന്ന പ്രതീതി ഉറപ്പിക്കാനും കരാറില്‍ തിരുത്തലുകള്‍ വരുത്തി വിവാദം അവസാനിപ്പിക്കാനുമാകും സര്‍ക്കാരിന്റെ ശ്രമം.