LiveTV

Live

Kerala

സംസ്ഥാനത്ത് 2 പേർക്ക് കോവിഡ്

കാസര്‍കോട് 8, കണ്ണൂര്‍ 3, തൃശൂര്‍, മലപ്പുറം ജില്ലകളില്‍നിന്ന് ഓരോരുത്തരുടെയും ഫലമാണ് നെഗറ്റീവായത്

സംസ്ഥാനത്ത് 2 പേർക്ക് കോവിഡ്

സംസ്ഥാനത്ത് പുതുതായി രണ്ട് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 13 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം ഇതോടെ 129 ആയി കുറഞ്ഞു.

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ അബുദാബിയില്‍ നിന്നും കാസര്‍ഗോഡ് ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും വന്നവരാണ്. അതേസമയം 13 പേരാണ് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 8 പേരുടേയും കണ്ണൂര്‍ ജില്ലയിലെ 3 പേരുടേയും മലപ്പുറം, തൃശൂര്‍ ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ 270 പേരാണ് ഇതുവരെ കോവിഡില്‍ നിന്നും രോഗമുക്തി നേടിയത്.

129 പേരാണ് നിലവില്‍ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഒരു ദിവസം കൊണ്ട് 12000 ത്തോളം പേരെ നിരീക്ഷത്തില്‍ നിന്ന് ഒഴിവാക്കാനും കഴിഞ്ഞു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 55,129 പേര്‍ വീടുകളിലും 461 പേര്‍ ആശുപത്രികളിലുമാണ്. 72 പേരെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങളുള്ള 19,351 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 18,547 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.

കണ്ണൂരില്‍ രോഗം ബാധിച്ചത് വിദേശത്ത് നിന്നെത്തിയ കുന്നോത്ത് പറമ്പ് സ്വദേശിക്ക്

കണ്ണൂര്‍ ജില്ലയില്‍ ഒരാള്‍ക്ക് കൂടി പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും നാട്ടിലെത്തിയ കുന്നോത്ത് പറമ്പ് സ്വദേശിക്കാണ് രോഗം ബാധിച്ചത്. ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 88 ആയി. ഇതില്‍ 42 പേര്‍ രോഗം ഭേദമായതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു.

അബുദാബിയില്‍ നിന്നും നാട്ടിലെത്തിയ കുന്നോത്തുപറമ്പ് ചെണ്ടയാട് സ്വദേശിക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. മാര്‍ച്ച് 22 ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഏപ്രില്‍ 17നാണ് ഇയാളുടെ സാമ്പിള്‍ പരിശോധനക്കയച്ചത്. ഇതോടെ ജില്ലയില്‍ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 88 ആയി.

മൂന്ന് പേര്‍ക്ക് കൂടി ജില്ലയില്‍ രോഗം ഭേദമായിട്ടുണ്ട്. ഇതോടെ ആകെ രോഗം ഭേദമായവരുടെ എണ്ണം 42 ആയി. ബാക്കിയുളള 46 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. 5987 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തിലുളളത്. ഇതില്‍ 47 പേര്‍ പരിയാരം മെഡിക്കല്‍ കോളേജിലും 45 പേര്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററുകലും എട്ടുപേര്‍ തലശേരി ജനറല്‍ ആശുപത്രിയിലും ആറ് പേര്‍ ജില്ലാ ആശുപത്രിയിലുമാണ്. ബാക്കിയുളള 5881 പേര്‍ വീടുകളിലാണ് നിരീക്ഷണത്തിലുളളത്. ഇനി 328 പേരുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്.

കാസര്‍കോട് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്ത 5 പഞ്ചായത്തുകള്‍ കോവിഡ് മുക്തമായി

ദുബായില്‍ നിന്നും നാട്ടിലെത്തിയ 48കാരന്റെ പരിശോധനാ ഫലം പോസിറ്റീവ് ആയതോടെ കാസര്‍കോട് ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിക്കുന്നവരുടെ എണ്ണം 149 ആയി. . ജില്ലയില്‍ ഇനി 46 പേരാണ് രോഗബാധിതരായി ചികിത്സയിലുള്ളത്. 123 പേര്‍ ഇതുവരെ രോഗമുക്തരായി.

മാര്‍ച്ച് 16 ന് ദുബായില്‍ നിന്ന് വന്ന ചെമ്മനാട് പഞ്ചായത്തിലെ തെക്കില്‍ സ്വദേശിയായ 48 വയസുകാരനാണ് കോവിഡ്19 സ്ഥിരീകരിച്ചത്. ജില്ലയില്‍ എട്ടു പേര്‍ക്ക് കൂടി രോഗം ഭേദമായി. ജനറല്‍ ആശുപത്രിയിലും കോവി‍ഡ് ആശുപത്രിയിലും ചികിത്സയിലുണ്ടായിരുന്ന മൂന്ന് പേര്‍ക്ക് വീതവും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേര്‍ക്കുമാണ് രോഗം ഭേദമായത്. ഇതോടെ ജില്ലയില്‍ 123 പേര്‍ രോഗമുക്തരായി.

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 169 പേരില്‍ ഇനി 46പേരാണ് രോഗ ബാധിതരായി ചികിത്സയിലുള്ളത്. ജില്ലയില്‍ കോവിഡ്19 സ്ഥിരീകരിച്ച 73 ശതമാനം പേര്‍ക്കും രോഗം ഭേദമായി. 15 പഞ്ചായത്തുകളിലും കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളിലുമായിരുന്നു കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില്‍ അഞ്ചു പഞ്ചായത്തുകളിലുണ്ടായിരുന്ന പോസ്റ്റീവ് കേസുകള്‍ പൂര്‍ണമായും ഭേദമായി. ഇതോടെ ഇനി ജില്ലയില്‍ പത്ത് പഞ്ചായത്തുകളിലും രണ്ട് നഗരസഭകളിലും മാത്രമാണ് രോഗികളുള്ളത്.

നിലവില്‍ രോഗികളുള്ള അഞ്ച് പഞ്ചായത്തുകളില്‍ ഒരോ പോസ്റ്റീവ് കേസുകള്‍ മാത്രമാണുള്ളത്. പത്തില്‍ കൂടുതല്‍ പോസ്റ്റീവ് കേസുകളുള്ളത് കാസര്‍കോട് നഗരസഭയിലും ചെമ്മനാട് പഞ്ചായത്തിലും മാത്രം. യഥാക്രമം 14ഉം 10ഉം കേസുകള്‍. നീലേശ്വരം നഗരസഭയിലും മറ്റ് 23 പഞ്ചായത്തുകളിലും ഇത് വരെ ഒരു പോസറ്റീവ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.