LiveTV

Live

Kerala

കോവിഡ് ഭേദമായ ഏഴ് പേര്‍ ഉള്‍പ്പെടെ 257 ബ്രിട്ടീഷ് പൗരന്മാര്‍ മടങ്ങി

ബ്രിട്ടീഷ് എയര്‍വേയ്സിന്റെ പ്രത്യേക വിമാനത്തിലാണ് ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്.

കോവിഡ് ഭേദമായ ഏഴ് പേര്‍  ഉള്‍പ്പെടെ 257 ബ്രിട്ടീഷ് പൗരന്മാര്‍ മടങ്ങി

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കുടുങ്ങിയ 257 ബ്രിട്ടീഷ് പൌരന്മാര്‍ നാട്ടിലേക്ക് മടങ്ങി. മൂന്നാറില്‍ വിനോദ സഞ്ചാരികളായി എത്തി പിന്നീട് കോവിഡ് 19 സ്ഥിരീകരിച്ച് രോഗവിമുക്തി നേടിയ ഏഴ് പേരും സംഘത്തിലുണ്ടായിരുന്നു. ബ്രിട്ടീഷ് എയര്‍വേയ്സിന്റെ പ്രത്യേക വിമാനത്തിലാണ് ഇന്നലെ ഇവര്‍ നാട്ടിലേക്ക് മടങ്ങിയത്.

കേരളത്തിലെത്തിയതിന് ശേഷം കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ച 7 പേരുള്‍പ്പെടെ 257 ബ്രിട്ടീഷ് പൌരന്മാരാണ് ഇന്നലെ നാട്ടിലേക്ക് മടങ്ങിയത്. ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ വൃദ്ധരായവര്‍ കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങുമ്പോള്‍ 60 പിന്നിട്ട 6 പേരാണ് കേരളത്തില്‍ നിന്ന് രോഗവിമുക്തി നേടി നാട്ടിലേക്ക് മടങ്ങിയത്.

കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും സര്‍ക്കാറിനും നന്ദി അര്‍പ്പിച്ചതിന് ശേഷമായിരുന്നു ഇവരുടെ മടക്കം. രോഗം സ്ഥിരീകരിച്ച ബ്രിട്ടീഷ് പൌരന്‍ ബ്രയാന്‍ നെയിലിന്റെ ആരോഗ്യസ്ഥിതി ഒരുഘട്ടത്തില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. എച്ച്ഐവിക്ക് നല്‍കുന്ന ആന്റി വൈറല്‍ മരുന്ന് നല്‍കിയാണ് കളമശ്ശേരിയിലെ മെഡിക്കല്‍ സംഘം ഇദ്ദേഹത്തെ ജീവിതത്തിലേക്ക് മടക്കികൊണ്ടുവന്നത്. തിരുവനന്തപുരത്ത് നിന്ന് 110 പേരും കൊച്ചി നെടുമ്പാശ്ശേരിയില്‍ നിന്ന് 157 പേരുമാണ് ബ്രിട്ടീഷ് എയര്‍വേയ്സിന്റെ പ്രത്യേക വിമാനത്തില്‍ നാട്ടിലേക്ക് മടങ്ങിയത്.