LiveTV

Live

Kerala

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍: തീരുമാനം ഇന്ന്

കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമേ മറ്റ് ചി‍ല ഇളവുകള്‍ കൂടി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവുകള്‍: തീരുമാനം ഇന്ന്

സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഇളവ് സംബന്ധിച്ച് ഇന്നത്തെ മന്ത്രിസഭായോഗത്തില്‍ തീരുമാനമുണ്ടാകും. കേന്ദ്രത്തിന്റെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്ക് പുറമേ മറ്റ് ചി‍ല ഇളവുകള്‍ കൂടി നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കാര്‍ഷിക, പരമ്പരാഗത വ്യവസായ മേഖലകളിലായിരിക്കും പ്രധാനമായും ഇളവുകള്‍ ഉണ്ടാവുക.

ലോക്ക് ഡൌണ്‍ ഇളവുകള്‍ സംബന്ധിച്ച് കേന്ദ്രത്തിന്‍റെ മാര്‍ഗ നിര്‍ദ്ദേങ്ങള്‍ അനുകൂലമായിട്ടാണ് സംസ്ഥാനം കാണുന്നത്. കേരളത്തില്‍ രോഗബാധിതരുടേയും നിരീക്ഷണത്തിലുള്ളവരുടേയും എണ്ണത്തില്‍ വലിയ കുറവ് ഉണ്ടായ സാഹചര്യത്തില്‍ കേന്ദ്ര നിര്‍ദ്ദേശത്തിന് പുറത്ത് ചില മേഖലകളില്‍ കൂടി ഇളവ് നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. പരമ്പരാഗത വ്യവസായം, കയര്‍, കശുവണ്ടി, കൈത്തറി, ബീഡി മേഖലകളില്‍ സുരക്ഷാക്രമീകരണങ്ങളോടെ ഇളവ് നല്‍കാന്‍ തടസ്സമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അന്തര്‍സംസ്ഥാന, ജില്ലാ യാത്രകള്‍ മേയ് മൂന്ന് വരെ അനുവദിക്കില്ല. പൊതുഗതാഗത സംവിധാനവും ഉണ്ടാകില്ല. ആളുകള്‍ കൂടുതലായി വരാന്‍ സാധ്യതയുള്ള സിനിമ ശാലകള്‍, മാളുകള്‍, ആരാധനലായങ്ങള്‍ എന്നിവ തുറന്ന് കൊടുക്കില്ല. ഹോട്ട് സ്പോര്‍ട്ട് അല്ലാത്ത ജില്ലകളില്‍ മറ്റ് ഇളവുകള്‍ നല്‍കുന്നതിനെ കുറിച്ചും ആലോചിക്കുന്നുണ്ട്. വിദഗ്ധ സമിതി റിപ്പോര്‍ട്ടും കൂടി പരിഗണിച്ചായിരിക്കും മന്ത്രിസഭായോഗം ഇളവുകള്‍ തീരുമാനിക്കുക.

ഇന്നലെ ഒരാള്‍ക്ക് മാത്രം കോവിഡ്

പുതുതായി ഒരു കോവിഡ് കേസ് മാത്രം റിപ്പോര്‍ട്ട് ചെയ്തതിന്‍റെ ആശ്വാസത്തിലാണ് സംസ്ഥാനം. ഏഴ് പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ച് നിലവില്‍ 167 പേരാണ് ചികിത്സയിലുള്ളത്. ജാഗ്രത തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കണ്ണൂര്‍ സ്വദേശിക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗം പകര്‍ന്നത്. കാസര്‍കോട് ജില്ലയില്‍ നിന്നുള്ള നാല് പേര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ രോഗവിമുക്തരായി. 387 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 218 പേര്‍ ഇതുവരെ രോഗവിമുക്തരായി. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം ഒരു ലക്ഷത്തിന് താഴെയായിട്ടുണ്ട്. രോഗവ്യാപനം കുറഞ്ഞെങ്കിലും ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ആര്‍സിസിയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും കാന്‍സര്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും.

അക്ഷയ കേന്ദ്രങ്ങള്‍ തുറക്കുന്ന കാര്യം പരിഗണിക്കും. ലേണേഴ്സ് കാലാവധി തീരുന്ന പശ്ചാത്തലത്തില്‍ ഇത് പുനക്രമീകരിക്കും.