LiveTV

Live

Kerala

ചികിത്സക്ക് മംഗളൂരുവിലേക്ക് പോകാനാവാതെ കാസര്‍കോട് ഒരാള്‍ കൂടി മരിച്ചു

അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം 14 ആയി.

ചികിത്സക്ക് മംഗളൂരുവിലേക്ക്  പോകാനാവാതെ കാസര്‍കോട് ഒരാള്‍ കൂടി മരിച്ചു

മംഗളൂരുവിലേക്ക് ചികിത്സക്ക് പോകാന്‍ കഴിയാതെ കാസര്‍കോട് ജില്ലയില്‍ ഒരാള്‍ കൂടി മരിച്ചു. ഉപ്പള ഹിദായത്ത് നഗര്‍ സ്വദേശി അബ്ബാസ് ഹാജിയാണ് മരിച്ചത്. ഇതോടെ അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കാസര്‍കോട് ചികിത്സ ലഭിക്കാതെ മരിക്കുന്നവരുടെ എണ്ണം 14 ആയി.

ഹൃദ്രോഗിയായ അബ്ബാസ് ഹാജി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് വര്‍ഷങ്ങളായി ചികിത്സ നടത്തിയിരുന്നത്. രാവിലെ രോഗം മൂര്‍ച്ഛിതോടെ പരിയാരത്തേക്ക് കൊണ്ടുപോയി. ഉപ്പളയില്‍ നിന്നും അടുത്തുള്ള മംഗളൂരു ആശുപത്രിയെ ഒഴിവാക്കിയാണ് പരിയാരത്തേക്ക് കൊണ്ട് പോയത്. തലപ്പാടി അതിര്‍ത്തിയിലെ പരിശോധനക്കും സാക്ഷ്യപത്രത്തിനും എടുക്കുന്ന സമയവും ആശുപത്രിയില്‍ ചികിത്സ കിട്ടാന്‍ വേണ്ടിവരുന്ന കാലതാമസവും കാരണമാണ് പരിയാരത്തേക്ക് കൊണ്ട് പോയത്. അബ്ബാസ് ഹാജിയെ പരിയാരത്തെത്തിക്കാനായില്ല. യാത്രമധ്യേ കാസര്‍കോട് വെച്ച് മരിച്ചു. ‌

കേരളത്തില്‍ നിന്നും അടിയന്തര ചികിത്സ ആവശ്യമുള്ളവരെ തലപ്പാടി വഴി കടത്തിവിടാന്‍ ഇരു സംസ്ഥാനങ്ങളും തമ്മില്‍ ധാരണയായതിന് ശേഷവും അതിര്‍ത്തി വഴി രോഗികള്‍ക്ക് മംഗളൂരുവിലെത്താനാവുന്നില്ല. കടുത്ത നിബന്ധനകള്‍ കാരണമാണ് രോഗികള്‍ക്ക് അതിര്‍ത്തി കടക്കാനാവാത്തത്. അതിര്‍ത്തി കടന്ന് ആശുപത്രിയില്‍ എത്തിയാലും കോവിഡ് 19 പരിശോധനാ റിപ്പോര്‍ട്ട് വന്ന ശേഷം മാത്രമെ ചികിത്സിക്കു എന്ന നിബന്ധനയും രോഗികള്‍ക്ക് പ്രയാസമുണ്ടാക്കുന്നു. കോവിഡ് 19 പരിശോധനാ റിപ്പോര്‍ട്ട് വരാന്‍ മൂന്ന് ദിവസമെടുക്കും. ഇതോടെ അത്യാസന്ന നിലയിലുള്ള രോഗികളെ മംഗളൂരുവിലെത്തിച്ചിട്ടും പ്രയോജനമില്ലെന്ന അവസ്ഥയുണ്ട്. ഇത് കാരണം അതിര്‍ത്തിയിലുള്ളവര്‍ മംഗളൂരുവിലെത്തിക്കുന്നതിന് പകരം പരിയാരത്തേക്കാണ് രോഗികളെ കൊണ്ടുപോവുന്നത്.