ഹോസ്റ്റലില്‍ ഒരാള്‍ക്ക് കോവിഡ്; ജലന്ധറിലെ മലയാളി വിദ്യാര്‍ത്ഥിനികള്‍ ആശങ്കയില്‍
നാട്ടിലേക്ക് മടങ്ങാനുള്ള സൌകര്യം ഒരുക്കണമെന്നാണ് വിദ്യാര്‍ത്ഥിനികളുടെ ആവശ്യം.
പഞ്ചാബിലെ ജലന്ധര്‍ ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയിലെ 100ലധികം വരുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്കയില്‍. പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള വിദ്യാര്‍ത്ഥിനിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇതോടെ നാട്ടിലേക്ക് മടങ്ങാനുള്ള സൌകര്യം ഒരുക്കണമെന്നാണ് ആവശ്യം.
വിദ്യാര്‍ത്ഥികളും അധ്യാപകരുമടക്കം 135 മലയാളികളുണ്ട് ജലന്ധറിലെ ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍. ഇവിടുത്തെ ആറാം നമ്പര്‍ ഗേള്‍സ് ഹോസ്റ്റലിലെ വിദ്യാര്‍ത്ഥിനിക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. എന്നാല്‍ എവിടെ നിന്നാണ് ഈ കുട്ടിക്ക് രോഗം പകര്‍ന്നതെന്ന് ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതോടെയാണ് മലയാളികളടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്ക പടര്‍ന്നത്
ഹോസ്റ്റല്‍ മെസിലെ ഒരു ജീവനക്കാരന് മരിച്ചതിനെ ചൊല്ലി ആഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നെങ്കിലും മരണ കാരണം കോവിഡ് 19 അല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ജലന്ധറില്‍ കൂടുതലായി കോവിഡ് 19 റിപോര്‍ട്ട് ചെയ്യുന്നതും വിദ്യാര്‍ത്ഥിളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു.