LiveTV

Live

Kerala

സര്‍ക്കാരിനോട് മൃദുനയം കയ്യൊഴിഞ്ഞ് ലീഗ് ; ചെന്നിത്തലക്കും പ്രതിപക്ഷത്തിനും ആത്മവിശ്വാസം

ലീഗിന് സി.പി.എമ്മിനോട് മൃദുസമീപനമുണ്ടെന്ന രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ പരാതി ഇതോടെ തീര്‍ന്നു.

സര്‍ക്കാരിനോട് മൃദുനയം കയ്യൊഴിഞ്ഞ് ലീഗ് ; 
ചെന്നിത്തലക്കും പ്രതിപക്ഷത്തിനും ആത്മവിശ്വാസം

രാഷ്ട്രീയ ചര്‍ച്ചകള്‍ കരക്കിരുന്ന് കാണുന്ന ശൈലിയില്‍ നിന്ന് മുസ്‍ലിം ലീഗ് പ്രകടമായി തന്നെ മാറിയെന്ന് തെളിയിക്കുന്നതാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട വിവാദം. ഇടതു സൈബര്‍ ആക്രമണങ്ങളില്‍ വശംകെട്ട രമേശ് ചെന്നിത്തലക്കും കോണ്‍ഗ്രസിനും ഊര്‍ജ്ജം പകരാനും ലീഗിന്റെ നിലപാടുമാറ്റം സഹായിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ ദുരുപയോഗ സാധ്യത സൂചിപ്പിച്ച് കെ.എം ഷാജി എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് മുഖ്യമന്ത്രി ഏറ്റുപിടിച്ചതാണ് കോവിഡ് കാലത്തെ പരിമിതികള്‍ മറികടന്നും രംഗത്തിറങ്ങാൻ ലീഗിനെ സഹായിച്ചത്. സ്പ്രിങ്ക്ളര്‍ വിവാദം കത്തി നില്‍ക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഷാജിയുടെ ഫേസ്ബുക്ക് കുറിപ്പ് മുഴുവനായി വായിച്ച് ഇത് നിങ്ങള്‍ കണ്ടില്ലേ എന്ന് മാധ്യമ പ്രവര്‍ത്തകരോട് ചോദിച്ചിരുന്നു.

പാണക്കാട് തങ്ങളും മുസ്‍ലിം ലീഗും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളോട് പൂര്‍ണ്ണമായും സഹകരിക്കുന്നുണ്ടെന്നും ഷാജിയുടേത് പാര്‍ട്ടി നിലപാടല്ലെന്നും സമര്‍ഥിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. കോവിഡ് കാലത്ത് സര്‍ക്കാരിനെതിരെ വിമര്‍ശനം പാടില്ലെന്ന നിഷ്‌കര്‍ഷയിലായിരുന്നു പി കെ കുഞ്ഞാലിക്കുട്ടി .

രമേശ് ചെന്നിത്തല അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സര്‍ക്കാരിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നപ്പോഴും ലീഗില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയിരുന്നില്ല. ചെന്നിത്തലക്കെതിരായ ഇടതുപക്ഷ പ്രൊഫൈലുകളുടെ സൈബർ ആക്രമണം പ്രതിപക്ഷത്തിന്റെ ആകെ ആത്മവിശ്വാസത്തെ ബാധിച്ചപ്പോഴും ലീഗ് അത്ര ശ്രദ്ധിച്ചില്ല.

വിഷുക്കൈനീട്ടവും സക്കാത്തും കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്ക് ചോദിച്ച മുഖ്യമന്ത്രിക്കെതിരെ, പെരിയ കൊലക്കേസ് സി.ബി.ഐക്ക് വിടാതിരിക്കാന്‍ സര്‍ക്കാര്‍ 25 ലക്ഷം അഭിഭാഷക ഫീസ് നല്‍കിയത് സൂചിപ്പിച്ച് കെ എം ഷാജി രൂക്ഷ പരിഹാസം നടത്തി രംഗത്തുവന്നത് ഈ ഘട്ടത്തിലാണ്. ഹൈദരലി തങ്ങളുടെ അനുമതിയോടെയാണ് ഷാജി ഈ വിമര്‍ശനം നടത്തിയത്. ഷാജിയുടേത് പാര്‍ട്ടി നിലപാടല്ലെന്ന് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചെങ്കിലും തൊട്ടുപിറകെ കെ.പി.എ മജീദും സര്‍ക്കാരിനെതിരെ രംഗത്തുവന്നു.

പിണറായി വിജയന് മറുപടിയുമായി ഷാജിയും മുനീറും കോഴിക്കോട്ട് വാര്‍ത്താസമ്മേളനം നടത്തിയതിന് പിറകേ പി.കെ കുഞ്ഞാലിക്കുട്ടിയും രംഗത്തുവന്നു. വളരെ സൂക്ഷിച്ചാണ് കുഞ്ഞാലിക്കുട്ടി വാക്കുകള്‍ ഉപയോഗിച്ചതെങ്കിലും ഷാജിക്ക് പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് ഒന്നു കൂടി വ്യക്തമായി.

ലീഗിന് സി.പി.എമ്മിനോട് മൃദുസമീപനമുണ്ടെന്ന രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ പരാതി ഇതോടെ തീര്‍ന്നു. സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധ പരിപാടികളുടെ പ്രഭയെ മറികടന്ന് പ്രതിപക്ഷ വിമര്‍ശനത്തിനുള്ള ഇടം സ്ഥാപിച്ചെടുക്കാന്‍ ലീഗിന്റെ നിലപാട് സഹായിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം.

ഒപ്പം സി.പി.എമ്മിനെയും സര്‍ക്കാരിനെയും കടന്നാക്രമിക്കുകയെന്ന കെഎം ഷാജി- എം കെ മുനീര്‍ ശൈലിക്ക് ലീഗിന്റെ പ്രത്യക്ഷ പിന്തുണയും കിട്ടി. സന്നദ്ധ പ്രവർത്തനം നടത്തിയ യൂത്ത് ലീഗ്, എം.എസ്.എഫ് പ്രവർത്തകർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അറസ്റ്റ് ചെയ്യപ്പെട്ടതിൽ ലീഗ് അണികൾക്കിടയിൽ കടുത്ത രോഷമുണ്ടായിരുന്നു. സി.പി.എമ്മിനെയും പിണറായി വിജയനെയും കടന്നാക്രമിച്ചതിലൂടെ വലിയ പിന്തുണയാണ് ഷാജിക്ക് അണികൾക്കിടയിലുണ്ടായത്.

സ്പ്രിങ്ക്ളര്‍ അഴിമതിയടക്കമുള്ള രാഷ്ട്രീയ പ്രശ്നങ്ങൾ കൂടുതല്‍ സജീവമായി ഉന്നയിക്കാനുള്ള ആത്മവിശ്വാസം പ്രതിപക്ഷത്തിന് നല്‍കുന്നത് കൂടിയായി ഷാജി - മുനീർ ടീമിന്റെ ഇടപെടൽ.