LiveTV

Live

Kerala

സംസ്ഥാനത്ത് നാല് ജില്ലകള്‍ റെഡ് സോണില്‍; ലോക്ഡൗണില്‍ ഈ മാസം 20 വരെ ഇളവില്ല

ഇതേസമയം, 20 നു ശേഷം കയർ, കശുവണ്ടി, ബീഡി, കൈത്തറി മേഖലയിൽ ഇളവ് നല്‍കാന്‍ ധാരണയായിട്ടുണ്ട്.

സംസ്ഥാനത്ത് നാല് ജില്ലകള്‍ റെഡ് സോണില്‍; ലോക്ഡൗണില്‍ ഈ മാസം 20 വരെ ഇളവില്ല

കേന്ദ്രനിര്‍ദ്ദേശത്തിന് പുറമെ ലോക്ഡൌണില്‍ സംസ്ഥാനത്ത് മറ്റ് ചില മേഖലകളില്‍ കൂടി ഇളവ് നല്‍കാന്‍ മന്ത്രിസഭ തീരുമാനം. കയർ, കശുവണ്ടി, കൈത്തറി, ബീഡി, മത്സ്യബന്ധന മേഖലകൾക്കാണ് ഇളവ് നൽകുക. രോഗ വ്യാപനം കണക്കാക്കി ജില്ലകളെ മേഖലകളായി തിരിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ലോക്ക് ഡൌണ്‍ ഇളവ് സംബന്ധിച്ച് കേന്ദ്രനിര്‍ദ്ദേശം പൂര്‍ണ്ണമായും അംഗീകരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. കയര്‍, കൈത്തറി, കശുവണ്ടി, ബീഡി തൊഴിൽ മേഖലകളിൽ ഇളവിനപ്പുറം വലിയ ഇളവുകള്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ഈ മേഖലകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെങ്കിലും നിലവിലെ സുരക്ഷക്രമീകരണങ്ങള്‍ കൃത്യമായി പാലിക്കണം. കശുവണ്ടി മേഖലയില്‍ മൂന്നിലൊന്ന് ജീവനക്കാര്‍ മാത്രമേ പാടുള്ളു. മത്സ്യബന്ധനത്തിനും ഇളവുകളുണ്ട്. ഏപ്രില്‍ 20 ന് ശേഷമായിരിക്കും ഇളവുകള്‍ പ്രബല്യത്തില്‍ വരുന്നത്.

ഈ മാസം 20ന് ശേഷം ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ അനുമതിയുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കാനാണ് അനുമതി. എന്നാല്‍ ബ്യൂട്ടി പാര്‍ലറുകള്‍ക്ക് ഇളവില്ല.

പൊതു ഗതാഗത സംവിധാനം മേയ് മൂന്ന് വരെ ഉണ്ടാകില്ല. ആളുകള്‍ കൂടുന്ന തീയറ്റര്‍, ആരാധനലായങ്ങള്‍, മാളുകള്‍ എന്നിവ തുറക്കില്ല. നിലവിൽ കേന്ദ്രത്തിന്റെ ഹോട് സ്പോട്ട് തരം തിരിക്കൽ അശാസ്ത്രീയ‍മാണെന്ന് മന്ത്രിസഭ യോഗം വിലയിരുത്തി. കോവിഡ് രോഗബാധയുടെ തീവ്രത അനുസരിച്ച് നാലു ജില്ലകൾ റെഡ് സോണായി മന്ത്രിസഭ നിശ്ചയിച്ചു. കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് റെഡ് സോണിൽ. കൊല്ലം, പത്തനംതിട്ട, എറണാകുളം ജില്ലകള്‍ രണ്ടാം മേഖലയില്‍ ഉള്‍പ്പെടും. ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട് ജില്ലകള്‍ മൂന്നാം മേഖലയില്‍ പെടുന്നത് കൊണ്ട് ജനജീവിതം ഭാഗികമായി അനുവദിക്കാമെന്നാണ് വിലയിരുത്തല്‍. രോഗ വ്യാപനം കാര്യമായി ഇല്ലാത്ത കോട്ടയം, ഇടുക്കി ജില്ലകളില്‍ കൂടുതല്‍ ഇളവുകള്‍ ഉണ്ടാകും. ജില്ലകളെ മേഖലകളായി തിരിച്ചത് അംഗീകരിക്കണമെന്ന് ഐ.സി.എം.ആറിനോട് ആവശ്യപ്പെടാനാണ് തീരുമാനം.