LiveTV

Live

Kerala

കോവിഡ് 19ന്റെ രണ്ടാംഘട്ടവും നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ആരോഗ്യവകുപ്പ്

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ രോഗികള്‍ രോഗവിമുക്തരായതും ആരോഗ്യവകുപ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു

കോവിഡ് 19ന്റെ രണ്ടാംഘട്ടവും നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തില്‍ ആരോഗ്യവകുപ്പ്

കോവിഡ് 19 ന്റെ രണ്ടാംഘട്ടവും നിയന്ത്രണത്തിലാക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ആരോഗ്യവകുപ്പ്. 345 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സംസ്ഥാനത്ത് 85 പേര്‍ ഇതുവരെ ‌രോഗവിമുക്തരായി. പോത്തന്‍കോട് ഉള്‍പ്പെടെ സമൂഹവ്യാപന ഭീഷണി നേരിട്ട പ്രദേശങ്ങളിലും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടതായാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍

രോഗികളുടെ എണ്ണത്തില്‍ കുറവ്, രോഗവിമുക്തരാകുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. മരണനിരക്ക് ഏറ്റവും കുറവ്. അങ്ങനെ കേരളത്തിന് ആശ്വസിക്കാവുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. കഴിഞ്ഞ മൂന്ന് ദിവസമായി തിരുവനന്തപുരത്ത് പുതിയ കേസുകളില്ല. ഇന്നലെ 14 പേരാണ് രോഗവിമുക്തരായത്. രോഗം സ്ഥിരീകരിച്ചത് ഒമ്പത് പേര്‍ക്ക് മാത്രം.

മറ്റ് സംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ ഭീതിപ്പെടുത്തുന്ന കണക്ക് പുറത്തുവരുമ്പോഴാണ് കേരളത്തിന് ആശ്വാസമാകുന്ന റിപ്പോര്‍ട്ടുകള്‍. സമൂഹവ്യാപന ഭീഷണി നേരിട്ട പോത്തന്‍കോട് ഉള്‍പ്പെടെ കാര്യങ്ങള്‍ നിയന്ത്രണത്തിലാണ്.

രാജ്യത്തെ ഏറ്റവും പ്രായം കൂടിയ രോഗികള്‍ രോഗവിമുക്തരായതും ആരോഗ്യവകുപ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. നിരീക്ഷണത്തില്‍ ഇരിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ടായിട്ടുണ്ട്. 175000 പേര്‍ നിരീക്ഷണത്തിലുണ്ടായിരുന്ന സംസ്ഥാനത്ത് 140000പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

സംസ്ഥാനത്ത് കൊവിഡ് 19 ബാധിതരായി ചികിത്സയിലുള്ളത് 257 പേരാണ്. ഇന്നലെയും ഇന്നുമായി രോഗമുക്തരായവരുടെ എണ്ണം 15 ആണ്. ലോക്ക്ഡൌണ് ലംഘിച്ചതിന് ഇന്നും നിരവധി പേര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി കേസെടുത്തു.

മലപ്പുറത്തും തൃശൂരുമാണ് പുതുതായ രോഗമുക്തി നേടിയവര്‍. തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശിയാണ് മലപ്പുറത്ത് രോഗം ഭേദമായ ആള്‍. സൂറത്തില്‍ നിന്നെത്തിയ വ്യക്തിയാണ് തൃശൂരില്‍ രോഗമുക്തി നേടിയത്. ഇന്നലെ 13 പേര്‍ സംസ്ഥാനത്ത് രോഗമുക്തി നേടിയിരുന്നു.

കണ്ണൂരില്‍ നാലും ആലപ്പുഴയില്‍ രണ്ടും പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഒന്നും ഉള്‍പ്പെടെ 9 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 257 പേരാണ് കോവിഡ് ബാധിച്ച് സംസ്ഥാനത്ത് ചികിത്സയിലുള്ളത്. ഇതില്‍ 152 പേര്‍ കാസര്‍കോടും 34 പേര്‍ കണ്ണൂരിലുമാണുള്ളത്.

1,40,474 പേരാണ് സംസ്ഥാനത്താകെ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 749 പേര്‍ ആശുപത്രിയിലും ബാക്കിയുള്ളവര്‍ വീട്ടിലും നിരീക്ഷണത്തില്‍ തുടരുകയാണ്. ലോക്ക്ഡൌണ്‍ ലംഘിച്ചതിന് ഇന്ന് കോഴിക്കോട് 86 കേസുകളും കണ്ണൂരില്‍ 284 കേസുകളും പത്തനംതിട്ടയില്‍ 440 കേസുകളും പൊലീസ് എടുത്തു. കോഴിക്കോട് 86 വാഹനങ്ങള്‍ പിടിച്ചെടുത്തു.