LiveTV

Live

Kerala

കോവിഡിന്റെ പശ്ചാത്തലത്തില്‍ ജയിലിലെ തിരക്ക് കുറയ്ക്കണം, തടവുകാരുടെ പരോള്‍ ഉദാരമാക്കണം: ശിപാര്‍ശയുമായി ജയില്‍ വകുപ്പ്

60 വയസ്സ് കഴിഞ്ഞ പുരുഷന്‍മാര്‍ക്കും 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും പരോള്‍ നല്‍കണം എന്നതടക്കമുള്ള ശുപാര്‍ശ സര്‍ക്കാരിന് കൈമാറി.

കോവിഡിന്റെ പശ്ചാത്തലത്തില്‍ ജയിലിലെ തിരക്ക് കുറയ്ക്കണം, തടവുകാരുടെ പരോള്‍ ഉദാരമാക്കണം: ശിപാര്‍ശയുമായി ജയില്‍ വകുപ്പ്

കോവിഡിന്റെ പശ്ചാത്തലത്തില്‍ തടവുകാരുടെ പരോള്‍ ഉദാരമാക്കണമെന്ന ശിപാര്‍ശയുമായി ജയില്‍ വകുപ്പ്. 60 വയസ്സ് കഴിഞ്ഞ പുരുഷന്‍മാര്‍ക്കും 50 വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്കും പരോള്‍ നല്‍കണമെന്നതടക്കമുള്ള ശുപാര്‍ശ സര്‍ക്കാരിന് കൈമാറി. കോവിഡിന്റെ പശ്ചാത്തലത്തില്‍ 1400 ഓളം തടവുകാര്‍ ജാമ്യത്തിലും പരോളിലും പുറത്തിറങ്ങിയിട്ടുണ്ട്.

സംസ്ഥാനത്തെ ജയിലുകളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിനേക്കാള്‍ തടവുകാരുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തില്‍ ജയിലുകളിലെ തിരക്ക് കുറയ്ക്കാന്‍ വേണ്ടിയാണ് ജയില്‍ വകുപ്പ് പുതിയ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

മൂന്ന് ശുപാർശകളാണ് ജയിൽ ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് നൽകിയത്:

  1. അറുപതിന് മുകളിൽ പ്രായമുള്ള പുരുഷൻമാരും 50 വയസിന് മുകളിലുള്ള സ്ത്രീകളും ഉള്‍പ്പെടെ 108 പേര്‍ വിവിധ ജയിലുകളിലുണ്ട്. ഇവര്‍ക്ക് 45 ദിവസത്തെ അടിയന്തിര പരോൾ നൽകുക.
  2. ശിക്ഷയുടെ മൂന്നിൽ രണ്ട് കാലാവധി പൂർത്തിയാക്കിയ 350 പേര്‍ ഉണ്ട് ഇവരെ പൂർണമായും വിട്ടയക്കുക.
  3. നേരത്തെ പരോളിൽ പുറത്തിറങ്ങി പ്രശ്നമുണ്ടാക്കാതെ തിരിച്ചു വന്നവർക്ക് 45 ദിവസ പരോൾ കൂടി അനുവദിക്കുക.

ഈ മൂന്ന് ശുപാർശ അംഗീകരിച്ചാൽ അറുന്നൂറോളം പേർക്ക് ഉടൻ ജയിലിന് പുറത്തിറങ്ങാം.

നേരത്തെ ഹൈക്കോടതി ഉത്തരവ് പ്രകാരം 560 വിചാരണ തടവുകാരെ വിട്ടയക്കുകയും സർക്കാർ അനുമതിയോടെ 857 പേർക്ക് പരോൾ നൽകുകയും ചെയ്തിരുന്നു. തടവുകാർ തിങ്ങിക്കൂടി താമസിക്കുന്പോള്‍ രോഗവ്യാപന സാധ്യത കൂടുമെന്ന് വിശദീകരണം നിര്‍ത്തിയാണ് പരോളിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്