LiveTV

Live

Kerala

വിദഗ്ധ ചികിത്സ ആവശ്യമുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ അയക്കണം: വെൽഫെയർ പാർട്ടി  

ഇടതിങ്ങി പാർക്കുന്ന ലേബർ ക്യാമ്പുകളിലും ഡോർമിറ്ററികളിലും കോവിഡ് 19 സ്ഥിരീകരിച്ചവർക്ക് വരെ താമസിക്കേണ്ടി വരുന്നു എന്നത് ഭീതിജനകമാണ്.   

വിദഗ്ധ ചികിത്സ ആവശ്യമുള്ള പ്രവാസികളെ നാട്ടിലെത്തിക്കാൻ പ്രത്യേക വിമാനങ്ങൾ അയക്കണം: വെൽഫെയർ പാർട്ടി  

രോഗലക്ഷണങ്ങളോടെ ക്വാറന്റൈനിൽ കഴിയുകയും മതിയായ ചികിത്സ ലഭ്യമാകാതിരിക്കുകയും ചെയ്യുന്ന പ്രവാസികളെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ ലഭ്യമാക്കാൻ പ്രത്യേക വിമാനങ്ങൾ ചാർട്ട് ചെയ്യണമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. ഗൾഫ് രാജ്യങ്ങളുമായി ഇതിനാവശ്യമായ നയതന്ത്ര നീക്കങ്ങൾ അടിയന്തരമായി കേന്ദ്ര സർക്കാർ നടത്തണം. യു.എ.ഇ, സൗദി അറേബ്യ അടക്കമുള്ള മിഡിലീസ്റ്റ് രാജ്യങ്ങളിൽ മലയാളികളടക്കമുള്ള പ്രവാസികൾ ഗുരുതരമായ പ്രയാസങ്ങൾ അഭിമുഖീകരിക്കുന്നതായി നിരവധി പ്രവാസികൾ പരാതിപ്പെടുന്നുണ്ട്. ഇടതിങ്ങി പാർക്കുന്ന ലേബർ ക്യാമ്പുകളിലും ഡോർമിറ്ററികളിലും കോവിഡ് 19 സ്ഥിരീകരിച്ചവർക്ക് വരെ താമസിക്കേണ്ടി വരുന്നു എന്നത് ഭീതിജനകമാണ്.

കോവിഡ് രോഗ ലക്ഷണമുള്ളവർക്ക് ക്വാറന്റൈനിൽ സാമൂഹ്യ അകലം പാലിച്ച് കഴിയാനുള്ള സൗകര്യങ്ങളില്ല. വിദഗ്ധ ചികിത്സയും ലഭ്യമല്ല. ഈ സാഹചര്യത്തിൽ അവരെ നാട്ടിലെത്തിച്ച് വിദഗ്ധ ചികിത്സ നൽകുകയാണ് വേണ്ടത്. അത്തരം പ്രവാസികളെ നാട്ടിലെത്തിക്കുന്നതിൽ യു.എ.ഇ അടക്കമുള്ള രാജ്യങ്ങൾ എതിരല്ല. മറ്റ് പല രാജ്യങ്ങളും അവരുടെ പൗരൻമാരെ പ്രത്യേക വിമാനങ്ങൾ അയച്ച് നാട്ടിലെത്തിച്ചതായ വാർത്തകളും പുറത്ത് വരുന്നുണ്ട്. കുവൈത്തിൽ പൊതുമാപ്പ് ലഭിച്ച ശേഷം നാട്ടിലേക്ക് മടങ്ങിവരാനാവാത്ത നിരവധി പ്രവാസികളുമുണ്ട്. ഇവരെയെല്ലാം നാട്ടിലേക്കെത്തിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കണം. ഇതിനായി സർക്കാർ ചെലവിൽ എയർ ഇന്ത്യയുടെ ഫ്ലൈറ്റുകൾ ഉപയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഗൾഫ് രാജ്യങ്ങളിൽ തന്നെ തുടരുന്ന ഇന്ത്യക്കാർക്കായി എംബസിയുടെ നിയന്ത്രണത്തിൽ ക്വാറന്റൈനിൽ കഴിയാനുള്ള സംവിധാനം ഒരുക്കണം. ഇതിനായി എംബസിയുടെ കീഴിലുള്ള സോഷ്യൽ വെൽഫെയർ ഫണ്ട് ഉപയോഗിച്ച് കെട്ടിടങ്ങൾ വാടകയ്ക്കെടുക്കണം. ഇന്ത്യൻ സ്കൂളുകളും ഇതിനായി ഉപയോഗിക്കാം. തൊഴിൽ ഇല്ലാതെ ബുദ്ധിമുട്ടുന്ന പ്രവാസികൾക്ക് ഭക്ഷണത്തിനും സുരക്ഷിത താമസ സൗകര്യത്തിനും വേണ്ട കാര്യങ്ങൾ എംബസികളുടെ നേതൃത്വത്തിൽ ചെയ്യണം. വെൽഫെയർ ഫണ്ട് ഇത്തരം ഘട്ടത്തിലെങ്കിലും പ്രവാസികൾക്ക് വേണ്ടി ചിലവഴിക്കണം. പ്രവാസി സംഘടനകളെ കോർത്തിണക്കി ഇക്കാര്യം അനായാസം നിർവ്വഹിക്കാവുന്നതാണ്. ആവശ്യമെങ്കിൽ വിദഗ്ധ മെഡിക്കൽ സംഘത്തെയും അയക്കണം. ലോക്ഡൌൺ മൂലം തൊഴിൽ - വരുമാന നഷ്ടമനുഭവിക്കുന്ന പ്രവാസികൾക്ക് താമസ വാടകയിനത്തിലും ചെറുകിട കച്ചവടസ്ഥാപനങ്ങളുടെ വാടകയിനത്തിലും സ്കൂൾ ഫീസ് ഇനത്തിലും ഇളവുകൾ നൽകുന്നതിന് അതാത് സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തണം.

കോവിഡ് ബാധിച്ച് മരണപ്പെടുന്ന പ്രവാസികളുടെ ആശ്രിതർക്ക് സഹായധനം നൽകണം. കോവിഡ് കാരണമല്ലാതെ മരണപ്പെടുന്ന പ്രവാസികളുടെ ഭൗതിക ശരീരം വേഗത്തിൽ നാട്ടിലെത്തിക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു. പ്രവാസി മലയാളികൾ അനുഭവിക്കുന്ന പ്രയാസങ്ങൾ ലഘൂകരിക്കുന്നതിന് വേണ്ട ഇടപെടലുകൾക്കായി കേന്ദ്ര സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് കേരളാ മുഖ്യമന്ത്രിക്കും ഹമീദ് വാണിയമ്പലം കത്തയച്ചു.

പ്രവാസി ക്ഷേമ നിധി വഴി പ്രവാസികൾക്ക് ധനസഹായം നൽകണം. തൊഴിൽ നഷ്ടപ്പെടുന്ന പ്രവാസികൾക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം. പ്രവാസി സംഘടനകളെ നോർക്ക വഴി കോഡിനേറ്റ് ചെയ്ത് എംബസികളുടെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കണം. നോർക്ക വഴിയുള്ള ഇൻഷുറൻസ് സംഖ്യ കലാമിറ്റിയുടെ പേരിൽ തടയരുത്. എസ്.എസ്.എൽ.സി പാസ്സായ പ്രവാസി വിദ്യാർഥികൾക്ക് കേരളത്തിൽ പ്ലസ് ടൂ അഡ്മിഷനുള്ള സൗകര്യങ്ങൾ ഒരുക്കണം എന്നീ ആവശ്യങ്ങളും മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിൽ ഉന്നയിച്ചു.

കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ , വ്യോമയാന വകുപ്പ് മന്ത്രി ഹർദീപ് സിംഗ് പൂരി, വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, നോർക്ക വകുപ്പ് സെക്രട്ടറി, നോർക്ക റൂട്ട്സ് സി.ഇ.ഒ എന്നിവർക്കും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കത്തയച്ചതായി ഹമീദ് വാണിയമ്പലം പറഞ്ഞു.